Saturday, December 22, 2018

ഇരട്ടനക്ഷത്രങ്ങൾ

സമയം 9 ആകുന്നതേ ഉള്ളൂ.  പഴയ പ്രോജക്ട് ആയിരുന്നെങ്കിൽ ഇപ്പോൾ എഴുന്നേറ്റു പല്ലുതേക്കേണ്ട സമയമേ ആയിട്ടുള്ളൂ.പുതിയ പ്രൊജക്ടിൽ ഇന്ത്യക്കാർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. അവരൊക്കെ തന്നെ ഒരു പകുതി സായിപ്പ് റോളിൽ ആണ് ജോലി ചെയ്യുന്നത് . രാവിലെ 7 മണിക്ക് ഓഫീസിൽ എത്തുന്നവർ വരെ ഉണ്ട് അക്കൂട്ടത്തിൽ. എന്തിനാണാവോ ?

10 മണിക്ക് എത്തിയിട്ടും 5 മണി വരെ ഓഫീസിൽ സമയം ചിലവഴിക്കുന്നത് കേരളത്തിലെ ജാഗരൂകരായ പത്രപ്രവർത്തകരുടെ കനിവ് കൊണ്ടാണ്. അമേരിക്കൻ പത്രങ്ങൾ വായിച്ചിട്ട് എന്ത് മനസ്സിലാവാൻ ? എങ്കിലും  ഇടക്ക് സി എൻ എന്നും , ന്യൂയോർക് ടൈമ്സും ഒക്കെ എടുത്ത് ചിത്രങ്ങൾ നോക്കാറുണ്ട് . ഓൺലൈൻ പത്രങ്ങൾ ആയതുകൊണ്ട് , നാട്ടിലെ ചില ജാഡ ടീമ്സ് വന്നു "പത്രം തല തിരിച്ചാണോ വായിക്കുന്നത് " എന്ന് തോട്ടിയിടില്ല എന്ന  ധൈര്യവുമുണ്ട്.

സീറ്റിലേക്ക് നടക്കുന്ന വഴി എന്തൊക്കെയോ സീരിയസ് ആയി സംസാരിച്ച് ടെക്നിക്കൽ ഡയറക്ടറും , മാനേജറും ഒരു മുറിയിലേക്ക് കയറുന്നതു  കണ്ടു . ഒന്ന് ശങ്കിച്ചു . ഇന്നലെ ഞാൻ കൈവച്ച എന്തെങ്കിലും പണി എന്റേതല്ലാത്ത കാരണങ്ങളാൽ പൊട്ടിയിട്ടുണ്ടാവുമോ ?  "എന്റേതല്ലാത്ത കാരണങ്ങൾ" എന്ന് എടുത്ത് പറായാൻ കാരണമുണ്ട് . കോഡ് ഒക്കെ നന്നായി പൊട്ടിക്കാനും കഴിവ് വേണം.  അതൊക്കെ നല്ല പണിക്കാർക്ക് പറഞ്ഞിട്ടുള്ളതാണ് .

സീറ്റിൽ എത്തി ബാഗ് വച്ച് തൊട്ടപ്പുറത്ത് ഇരിക്കുന്നവൾ വന്നിട്ടുണ്ടോ എന്ന് നോക്കി. എമിലി . അവൾ പോളണ്ട് കാരിയാണ് . പണ്ടേ പോളണ്ട് മലയാളിക്ക്  ഒരു വീക്നെസ് ആണല്ലോ. അത് കൊണ്ട് ഇടക്കിടെ അവൾ എന്തെങ്കിലും ചോദിക്കുമ്പോൾ ഞാൻ എന്റെ നാട്ടിലെ കണ്ണപ്പന്റേം , ബിജുവിന്റേം വീട്ടിലെ പട്ടിയുടെ കാര്യം വരെ പറയാറുണ്ട്.  പോളണ്ടുമായുള്ള നയതന്ത്ര ബന്ധം നില നിർത്തേണ്ടത് ഒരു കേരളീയനെന്ന നിലക്ക് എന്റെ കടമയല്ലേ !! ഈയിടെ ആയി കണ്ണപ്പന്റേം ബിജുവിന്റേം കാര്യം ഞാൻ തുടങ്ങുമ്പോഴേക്കും അവൾ "എസ് ക്യൂസ് മീ " പറയാറുണ്ട് . പാവം ഇപ്പോൾ ജോലിയുടെ നല്ല തിരക്കാണെന്ന് തോന്നുന്നു.

ഇന്ന് അവളെ സീറ്റിൽ കാണാനില്ല , ബാഗും ഇല്ല. ലീവ് ആയിരിക്കും .സാരമില്ല ഇന്ന് വേറേ ഏതെങ്കിലും രാജ്യവുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ നോക്കാം .

സീറ്റിൽ ഇരുന്നു മാതൃഭൂമിയുടെ പ്രധാന വാർത്ത വായിച്ച് തീരുന്നതേ ഉണ്ടായിരുന്നുള്ളൂ. പിന്നിൽ ഒരു "ഹേയ്  മാത്യൂസ് " കേട്ടു.

തിരിഞ്ഞ് നോക്കിയപ്പോൾ ഡയാന . അവർക്ക് ഒരു 65  വയസ്സ് കാണും . അമേരിക്കക്കാരിയാണ്. കൈയ്യിൽ ഒരു ഗ്രീറ്റിംഗ്‌സ് കാർഡും ഉണ്ട്.  ഈ ബൂർഷാ രാഷ്ട്രവുമായി ഒരു നയതന്ത്ര ബന്ധം കേരളീയർക്ക് താല്പര്യമില്ലാത്തതാണെന്ന് അവർക്കറിയാവുന്നതല്ലേ?

"ദിസ് ഈസ് ഫോർ എമിലി, ക്യാൻ യു പാസ് ഇറ്റ് റ്റു നെക്സ്റ്റ് വൺസ് യു റൈറ്റ്  ".  ഗ്രീറ്റിംഗ് കാർഡ് എനിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.

"ഷുവർ " ഞാൻ ഗ്രീറ്റിംഗ് കാർഡ് വാങ്ങി കൊണ്ട് പറഞ്ഞു. എമിലി എന്ന പേര് കേട്ടതും എന്റെ ഉള്ളിലെ നയതന്ത്ര വിദഗ്ദൻ ഉണർന്നു.

അവർ നടന്ന് അകന്നു.

ഇത് പോളണ്ടുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ അമേരിക്ക ഇടപെട്ട് കേരളത്തിന് നൽകിയ ഒരു അവസരമായാണ് ഞാൻ എടുത്തത് .

അടുത്ത 5 നിമിഷം ഞാൻ ആ കാർഡിൽ എന്തെഴുതും എന്ന്  ആലോചനയിൽ മുഴുകി.  ഒന്നാം ക്ലാസ്സിൽ പഠിച്ച പദ്യം മുതൽ കോളേജിൽ ഇമ്പോസിഷൻ എഴുതിയ ഗദ്യം വരെ മനസ്സിലൂടെ നൂറേ നൂറിൽ പാഞ്ഞു പോയി. പക്ഷെ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് വരുമ്പോഴേക്കും സംഭവം കയ്യിൽ നിന്നും പോവും. അവസാനം ചെറിയ ലളിതമായ എന്തെങ്കിലും എഴുതിയിട്ട് ചെറിയ എന്തെങ്കിലും ചിത്രപ്പണികൾ ഒക്കെ ചെയ്യാമെന്ന് തീരുമാനിച്ചു.

ചുരുക്കി പറഞ്ഞാൽ നമുക്കറിയാവുന്ന "വെൽക്കം റ്റു ഊറ്റി , നൈസ് റ്റു മീറ്റ് യു "  റെയിഞ്ചിൽ ഒരു ലൈൻ. പക്ഷെ ബാക്കി ഉള്ളവർ ആ കാർഡിൽ എഴുതുന്ന വരികളിൽ നിന്നും വെറൈറ്റി ആയിരിക്കണം. എമിലി തുറക്കുമ്പോൾ ഞാൻ എഴുതിയതായിരിക്കണം ആദ്യം കാണേണ്ടത് . ലളിത മായ ചിത്രപണികൾ അതിനു സഹായിക്കും .

അവസാനം "മൈ ബെസ്ററ് വിഷസ് .. മെനി മെനി റിട്ടേൺസ് ഓഫ് ദി ഡേ - വിത്ത് ലവ് മാത്യൂസ്  " എന്ന് കറുപ്പ് നീല എന്നീ നിറങ്ങൾ ഇടകലർത്തി ഭംഗിയായി എഴുതി . ചുറ്റും പച്ച നിറത്തിൽ ഒരു ബോർഡർ വരച്ചു. എന്നിട്ട് സാമാന്യം വലിപ്പത്തിൽ ചുവന്ന സ്കെച്ച് പേന കൊണ്ട് രണ്ട് നക്ഷത്രങ്ങളും വരച്ചു. കാർഡ് ഒന്ന് അകത്തി പിടിച്ച് നോക്കി . ഓക്കേ .. വെറൈറ്റി തന്നെ.

കാർഡ് മടക്കി കവർ ഇട്ടു അടുത്ത ആൾക്ക് കൊടുക്കാനായി സീറ്റിൽ നിന്നും എഴുന്നേറ്റു. വഴിയിൽ വീണ്ടും ഡയാന . അവരോട് കാർഡ് ഇനി ആർക്ക് കൊടുക്കണം എന്ന് ചോദിച്ചു.

"മാർട്ടിൻ ഈസ് ഇൻ മീറ്റിംഗ് , യു മേ കീപ് ഇറ്റ് അറ്റ് ഹിസ് ഡെസ്ക് ."

അവർക്ക് നടക്കുന്നതിനു മുൻപ് ഞാൻ ചോദിച്ചു . "വെർ ഈസ് എമിലി ?"

അവർ പറഞ്ഞു "പുവർ എമിലി , ഹേർ ക്യൂട്ട് ഡോഗ് ഡൈഡ്  ലാസ്‌റ്റ് ഡേ , ഷീ മൈറ്റ് കം ടുമോറോ "

ഞാൻ കേട്ടത് ശരിയാണോ എന്നറിയാൻ ഒരു പ്രാവശ്യം കൂടി  ചോദിച്ചു.

അതെ അവളുടെ കൂടെ 6 വർഷമായി ഉള്ള നായ ചത്തതിനാണ് അവൾ അവധിയെടുത്തത് .  ആ നായ അവളുടെ ജീവനായിരുന്നു.

അല്ല, അപ്പൊ ഈ ഗ്രീറ്റിംഗ് കാർഡ് !!!..

ഞാൻ അപ്പോഴാണ് അതിന്റെ മുഖചിത്രം ശ്രദ്ധിക്കുന്നത്.  ഒരു നായയുടെ ചിത്രവും അനുശോചന സന്ദേശവും .

"പോയി .... സംഭവം കയ്യിൽ നിന്നും പോയി  " ഞാൻ വിയർത്തു. നായ ചത്തതിന് ഗ്രീറ്റിംഗ്‌സ് കാർഡോ?

തിരിച്ച് സീറ്റിൽ  പോയിരുന്നു. ഒന്നാം ക്ലാസ്സിലെ പദ്യവും കോളേജിലെ ഗദ്യവും പോയിട്ട് എന്റെ പേര് വരെ ഞാൻ ഓർത്തെടുക്കാൻ ബുദ്ധിമുട്ടി.

കാർഡ് തുറന്ന് നോക്കി. ശരിയാണ്, ആദ്യം കാണുന്നത് ആ ചുവന്ന ഇരട്ട നക്ഷത്രങ്ങൾ . പിന്നെ വർണ്ണാഭമായ എന്റെ വരികളും എളിയ കലാ സൃഷ്ടിയും . ഒരു പറ്റം അനുശോചന സന്ദേശങ്ങൾക്കിടയിൽ എന്റെ വരികൾ കൊലമാസ്സ് വെറൈറ്റി തന്നെ ആണ്.

"മൈ ബെസ്ററ് വിഷസ് .. മെനി മെനി റിട്ടേൺസ് ഓഫ് ദി ഡേ - വിത്ത് ലവ് മാത്യൂസ്  " 

എന്ത് ചെയ്യും , പുതിയ കാർഡ് വാങ്ങിയാൽ ഇത്രയും പേരുടെ സന്ദേശങ്ങൾ ഇനിയും വാങ്ങണം. അവരോട് കാര്യം പറയണം. അതും ഇംഗ്ലീഷിൽ .  ശരിയാവില്ല .

അവസാനം മലയാളിയുടെ സ്ഥിരം വഴി തന്നെ തിരഞ്ഞെടുത്തു. എന്റെ സന്ദേശം പല നിറത്തിൽ ഉള്ള പേന കൊണ്ട് വെട്ടി വായിക്കാനാകാത്ത വിധമാക്കി . സാധാരണ ഒരു പേന കൊണ്ട് "മൈ കണ്ടോളാൻസ്‌  - മാത്യൂസ് " എന്ന് ഒരു മൂലക്ക് എഴുതി  . വെട്ടിയ സന്ദേശത്തിൽ ഒരു തരത്തിലും എന്റെ പേര് തിരിച്ചറിയാതിരിക്കാനായി  നന്നേ പാട് പെട്ടു. എങ്ങാനും സൂക്ഷിച്ച് വായിക്കാൻ അവൾ ശ്രമിച്ചാലോ എന്ന് കരുതി  "മാത്യൂസ് " എന്നത് "മാർട്ടിൻ " എന്ന് വായിക്കാൻ വേണ്ട പണികൾ ഒക്കെ ചെയ്തു.


അപ്പോഴും ആ ചുവന്ന ഇരട്ടനക്ഷത്രങ്ങൾ ഉദിച്ചു ഉയർന്നു തന്നെ നിൽക്കുന്നുണ്ടായിരുന്നു. 

Saturday, June 6, 2015

പാചകലോകം

വര്ഷം 4 കഴിഞ്ഞു  എന്തെങ്കിലും എഴുതിയിട്ട് . ഇതിനിടയിൽ പലപ്പോഴായി എഴുതണം എന്ന് തോന്നിയിട്ടുണ്ട് . പക്ഷെ നടന്നില്ല. ഇന്ന് ഭാര്യയുടെ "സ്നേഹപൂർവ്വമുള്ള " നിര്ബന്ധത്തിനു വഴങ്ങി കോവക്ക തോരൻ ഉണ്ടാക്കികൊണ്ടിരുന്നപ്പോഴാണ് , എവിടുന്നാണെന്നറിയില്ല ഉള്ളിലെ അമേച്വർ എഴുത്തുകാരൻ ചാടിവീണു തോളിൽത്തട്ടി ചോദിക്കുകയാണ് " മച്ചു ,  ഇങ്ങനെ തോരനും ഉണ്ടാക്കിക്കൊണ്ടിരുന്നാൽ മതിയോ? പഴേ പരിപാടികൾ ഒക്കെ മറന്നോ" എന്ന്.

ഞാൻ പറഞ്ഞു -  " നീ അവിടെ ഇരുന്നു വിഷയം  വല്ലതും ആലോചിക്കൂ , ഞാൻ  ദാ ഈ തോരൻ ഒന്ന് ഇറക്കിയിട്ടു ഇപ്പോ വരാം".

അടുക്കളയിൽ നിന്നും ഇറങ്ങി വിഷയം ആലോചിക്കാൻ വിട്ട പഴയ ബ്ലോഗ്ഗറുടെ അടുത്തേക്ക് ലാപ്ടോപ്പും ആയി ചെന്നു. സിറ്റൗട്ടിൽ ഒരു മാരക ആധുനിക ബുജിയെ പോലെ , പുകച്ചുകൊണ്ട് , മാനത്തേക്ക് നോക്കി താടിയും തടവി നിൽപ്പുണ്ട്  പുള്ളി . ഞാൻ ആ ബൗദ്ധികമണ്ഡലത്തിൽ നിന്നും ബഹിർഗമിക്കുന്ന അക്ഷരജ്യോതികളെ എന്റെ വിരലുകക്കളിലേക്ക് ആവാഹിച്ചു ലാപ്ടോപ്പിന്റെ കീബോർഡിലേക്ക് പകര്ന്നു നൽകാൻ റെഡി ആയി നിന്നു.

ജ്യോതിയും വന്നില്ല തീയും വന്നില്ല.  കുറെ പുക മാത്രം വന്നു.

വിവാഹത്തിനു ശേഷം ആകെ അല്പമെങ്കിലും നന്നായി എന്ന് എനിക്ക് തോന്നിയിട്ടുള്ളത് പാചകം മാത്രമാണു. അതിനു കാരണവും ഉണ്ട് .ആ ഏരിയയിൽ ഉള്ള കുറച്ചു പഴയ ഓർമ്മകൾ ആകട്ടെ ഇത്തവണ എന്നുറപ്പിച്ചു .

ആദ്യമായി പാചകം ചെയ്തു എന്ന് ഓർമ്മയിലുള്ളത് ചായയാണ് , അത് പാചകം എന്ന ഇനത്തിൽ പെടുമെങ്കിൽ . വൈകീട്ട് 6 മണിക്കുള്ള ബസ്സിൽ ജോലികഴിഞ്ഞു വരുന്ന അച്ഛനും അമ്മയ്ക്കും കാത്തു നില്ക്കാതെ സ്വയം ചായ ഉണ്ടാക്കിത്തുടങ്ങിയതാണ് പാചകരംഗത്തേക്കുള്ള കാൽവയ്പ്പ്‌ .  പക്ഷെ ആ രംഗത്തെ യഥാർത്ഥ വെല്ലുവിളികളെ നേരിടാൻ തുടങ്ങിയത് ചെന്നൈയിൽ ജോലികിട്ടിയതിനു ശേഷമാണ്.

ചെന്നൈയിൽ 3 സുഹൃത്തുക്കളും ചേർന്നു റൂമെടുത്തു താമസിക്കാൻ തുടങ്ങി അധികം വൈകാതെ തന്നെ സ്വയം പാചകം എന്ന ആശയം ഞങ്ങൾക്കിടയിൽ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരുന്നു. സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന തമിഴ് അണ്ണന്റെ ഹോട്ടലിലെ ഇലയിൽ ഒഴിച്ചാൽ ഓടിക്കളിക്കുന്ന സാമ്പാറിനെ  ചേസ് ചെയ്തും , ഭക്ഷണം വിളമ്പുന്ന മേശയുടെ വൃത്തിയെ പഴിപറഞ്ഞും മടുത്തിരുന്നു ഞങ്ങൾ. മലയാളി ഭക്ഷണം അടുത്തെങ്ങും ഇല്ലാതിരുന്ന സമയവും ആയിരുന്നു അത് .

ഒരു വാരാന്തത്തിൽ പാചകത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്ത് ഞങ്ങൾ പാചകം എന്ന മഹാസമുദ്രത്തിലേക്ക് എടുത്തു ചാടി. ചെറുപയറും കഞ്ഞിയും , പിന്നെ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങുന്ന പായ്ക്കറ്റ് അച്ചാറും , തൈരും . ഇതൊക്കെ ആയിരുന്നു ആദ്യ വിഭവങ്ങൾ . ഞങ്ങൾ 4 പേരും മാറി മാറി പാചകം ചെയ്തു കൊണ്ടിരുന്നു. സുമൻ ആയിരുന്നു കുറച്ച് അനുഭവജ്ഞാനം കാണിച്ചിരുന്നത് .അവൻ തന്നെയാണ് ചെറുപയർ വച്ചു തുടങ്ങിയത് . സ്ഥിരം കഞ്ഞിയും പയറും മെനുവിൽ നിന്നും മാറി , ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടി ഉണ്ടാക്കി ഞങ്ങൾക്ക് വിളമ്പിയപ്പോൾ , ഒരു പഞ്ചനക്ഷത്രഹോട്ടലിലെ ചീഫ് ചെഫിന്റെ തലയിലിരിക്കുന്ന നീണ്ട തൊപ്പി അവന്റെ തലയിലും ഉള്ളതായി തോന്നി.

സുമനും ഷോബിനും ഓഫീസിൽ നിന്നും വരാൻ വൈകിയ ഒരു ദിവസം . പാചകകുതുകികൾ ആയ ഞാനും ജിജേഷും റൂമിലേക്കുള്ള യാത്രയിൽ കമ്പനി ബസ്സിൽ ഇരുന്നു കുലംകുഷമായി ചിന്തിക്കുകയാണ് . ഇന്ന് എന്ത് കറി വക്കും? എന്തെങ്കിലും പുതിയത് ട്രൈ ചെയ്യാം. ചെറുപയർ പാചകത്തിൽ നിന്നും അധികം വ്യത്യാസമില്ലാത്ത എന്തെങ്കിലും നോക്കാം. 7 മണിയെ ആയിട്ടുള്ളൂ. എന്തെങ്കിലും പാളിയാലും അണ്ണന്റെ കടയിൽ പോയി കഴിക്കാനുള്ള സമയവും ഉണ്ട്. റിസ്ക്‌ അനാലിസിസ്, മിറ്റിഗേഷൻ പ്ലാൻ  എല്ലാം റെഡി . ബസ്സിറങ്ങി ഞങ്ങൾ പുതിയ കറിക്കുള്ള സാധനങ്ങളും വാങ്ങി വീട്ടിലെത്തി.

ചെറുപയർ പാചകത്തിൽ അഗ്രഗണ്യനായ സുമൻ പഠിപ്പിച്ചു തന്ന കാര്യങ്ങൾ വിശകലനം ചെയ്തു പാചകം തുടങ്ങി .വാങ്ങിയ ഐറ്റം കഴുകി  കുക്കറിൽ  ഇട്ടു, വെള്ളം ഒഴിച്ചു ഉപ്പുമിട്ടു അടച്ചു അടുപ്പിൽ വച്ചു.  ഞാൻ കുളിക്കാൻ കയറി. അവൻ ഉള്ളി അരിയാൻ തുടങ്ങി.

കുളി കഴിഞ്ഞു ഞാൻ വരുമ്പോൾ , കുക്കർ തുറന്നു വച്ചിട്ടുണ്ട് . വിവേകാനന്ദൻ നില്ക്കുന്ന പോലെ  കുക്കർ നോക്കി അവനും നിൽപ്പുണ്ട് . പിന്നെ  കുക്കറിനുള്ളിൽ , "ധൈര്യമുണ്ടെങ്കിൽ എന്നെ തിന്നു നോക്കെടാ " എന്നാ ഭാവത്തിൽ ഞങ്ങളുടെ അന്നത്തെ സ്‌പെഷ്യൽ ഐറ്റം കടല ഒരു ദാക്ഷിണ്യവും ഇല്ലാതെ മസ്സിലും പിടിച്ചു ഇരിക്കുന്നു. അഹങ്കാരി !

സ്ഥിരം ചെറുപയർ വേവുന്ന 3 വിസിലിനുള്ളിൽ കടല വേവില്ലെന്ന സത്യം ശരിവച്ചു , ഞങ്ങൾ ഒരു 4 വിസിലും കൂടി അടിപ്പിച്ചു. കടല വാശിയിൽ തന്നെ , വിടുന്ന ലക്ഷണമില്ല . പിന്നെ ഒന്നും നോക്കിയില്ല , ഫോണ്‍ എടുത്തു അമ്മയെ വിളിച്ചു സംഭവം പറഞ്ഞു. ഒരു കസ്റ്റമർ കെയർ എക്സികുട്ടീവിനെ പോലെ അമ്മ ചോദിച്ചു തുടങ്ങി.

അമ്മ : എത്ര വിസിലായി?

ഞാൻ : 7 .

അമ്മ  : അപ്പൊ വേവേണ്ട സമയമായല്ലോ.എത്ര സമയം കടല വെള്ളത്തിൽ ഇട്ടു?

ഞാൻ : ഈ വിസിൽ അടിച്ച സമയം മൊത്തം കടല വെള്ളത്തിൽ തന്നെയായിരുന്നു.

അമ്മ : അതല്ല , ഉച്ചക്ക് എപ്പോൾ ആണു കടല വെള്ളത്തിൽ ഇട്ടതു ?

ഞാൻ : ഉച്ചക്കൊന്നും ഇട്ടില്ല , കടല വാങ്ങിയിട്ട് നേരെ കഴുകി കുക്കറിൽ ഇട്ടു.

അമ്മ : അവിടത്തെ ഹോട്ടൽ ഒക്കെ എപ്പോൾ ആണു അടക്കുക ?

സംഭവം കൈയിൽ നിന്നും പോയെന്നു എനിക്ക് മനസ്സിലായി.

അമ്മ : കുറച്ചു വിസിൽ കൂടി അടിച്ചു നോക്കു , കുക്കറിലെ വെള്ളം വറ്റാതെ നോക്കണം. വെന്തില്ലെങ്കിൽ പുറത്തുപോയി കഴിച്ചോളു . കടല മിനിമം 5 മണിക്കൂറെങ്കിലും വെള്ളത്തിൽ ഇട്ടു വെക്കണം .

കാര്യത്തിന്റെ കിടപ്പ് വശം ഞാൻ ജിജേഷിനെ ധരിപ്പിച്ചു.  കടലയെപ്പൊലെ തന്നെ അവനും വാശിയായി . എന്നാൽ ഇത് ഇന്ന് തിന്നിട്ടേ ഉള്ളൂ എന്ന് അവൻ. ഞാൻ ക്ലോക്ക് നോക്കി . അണ്ണന്റെ കടയടക്കാൻ ഇനിയും സമയം ഉണ്ട് .

അവസാനം , ഒരു പത്തിരുപതു വിസിലിനു ശേഷം , കടല മനസ്സില്ലാ മനസ്സോടെ ഞങ്ങളുടെ മുന്നില് തോറ്റു തന്നു.

അമ്മയുണ്ടാക്കുന്ന തേങ്ങയരച്ച ,ഉള്ളി മൂപ്പിച്ച മണമുള്ള സ്വാദിഷ്ടമായ കടലക്കറിയായിരുന്നു ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സ് നിറയെ . വയറ്റിൽ  പാതി വെന്ത കടലക്കറിയും ആമാശയവും തമ്മിലുള്ള യുദ്ധവും. 

Sunday, November 27, 2011

സൂത്രൻ..!

പേരുപോലെ തന്നെ ആളൊരു വെറൈറ്റി ആണ്. ഇദ്ദേഹം നായകകഥാപാത്രമായ സംഭവങ്ങളും കഥകളും മുഴുവൻ ഇവിടെ വിശദീകരിക്കാൻ ഞാൻ ഒരു പത്ത് കഥാകാരൻ മാരെയെങ്കിലും ശമ്പളം കൊടുത്ത് ഇരുത്തേണ്ടി വരും.

നമുക്ക് കവലയിലെ ഇന്റിമേറ്റ് ബ്യൂട്ടിപർലറിൽ നിന്നും തുടങ്ങാം. കാമറ കോടംകുളം കവലയിലെ കപ്പേളയുടെ മുകളിൽ നിന്നും കവലയുടെ ഒരു ഏരിയൽ വ്യൂ കവർ ചെയ്ത് ബ്യൂട്ടിപാർലറിന്റെ വാതിൽക്കലേക്ക് പോന്നോട്ടെ. എന്റെ ക്ലാസ്മേറ്റും പടിയൂർപഞ്ചായത്തിലെ ഫേമസ് ബ്യൂട്ടീഷനും ആയ അനീഷ്, കസേരയിൽ ഇരുന്നു ഉറക്കം തൂങ്ങുന്ന ചന്ദ്രേട്ടന്റെ കഷണ്ടിത്തലയിൽ കത്രികകൊണ്ട് താജ്‌മഹാൽ പണിയുകയാണ്. ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറെപോലെ മുഖം സീരിയസ് ആക്കി ആകെ ആ തലയിൽ ഉള്ള നാലും മൂന്നും ഏഴ് മുടികളെ സ്കെയിൽ വച്ചു മുറിക്കുകയാണ്.സ്കൂൾ വിട്ടുവരുന്നവഴിക്കു മുടിവെട്ടാൻ കേറിയ ഷീല ചേച്ചിയുടെ പിള്ളേർസ് അഖിലും നിഖിലും ഊഴം കാത്ത് അക്ഷമരായി മുറിഞ്ഞു വീഴുന്ന മുടിയും എണ്ണി ഇരിപ്പാണ്.

ബാക്ഗ്രൗണ്ടിൽ ഒരു ഗാനം . നമ്മുടെ കഥാപാത്രത്തിന്റെ വരവാണ്.

"കാതൽ എനിക്കിട്ട് ഒലത്തുത് ഒലത്തുത്....കാതൽ എനിക്കിട്ട് ഒലത്തുത് ഒലത്തുത്...."

കഥാപാത്രം സലൂണിലേക്ക് കാലെടുത്തു വച്ചു.

"എവിട്യാർന്നുടാ?" അനീഷ്

"ഞാനൊന്ന് ഇരിഞ്ഞാലട പോയിഷ്ടാ..ആ ഠാണാവിലെ കമ്പ്യൂട്ടർ കഫേയില്ലെ അവ്ടെ..മിനിഞ്ഞാന്ന് ഞാൻ പറഞ്ഞില്ലെ യുകെയിൽ നിന്നും ഒരു വർക്ക് കിട്ടീന്ന് അതു കംപ്ലീറ്റ് ചെയ്ത് ഇമെയിൽ അയക്കാൻ പോയതാ"

അനീഷ് താജ്‌മഹാലിന്റെ പണി നിർത്തി തിരിഞ്ഞ് സൂത്രനെ നോക്കി "എന്തിന്റെ വർക്ക്?"

സൂത്രൻ " മിനിഞ്ഞാന്ന് ഞാൻ പറഞ്ഞില്ലെ ഒരു സായിപ്പിന്റെ വീട് കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്യനുള്ള ഓർഡർ കിട്ടി എന്നു, അതു കംപ്ലീറ്റ് ചെയ്ത് മെയിൽ അയക്കാൻ പോയതാ.ഇരുപതിനായിരം സ്ക്വയർഫീറ്റിന്റെ വീടാണ്.എന്റെ ആദ്യത്തെ വർക്ക് അല്ലെ, ഞാൻ പൈസയൊന്നും വാങ്ങിയില്ല."

"എത്ര സ്ക്വയർ ഫീറ്റെന്നാ പറഞ്ഞെ?"

"ഇരിവയിനായിരം"

അനീഷ് അമർത്തി ഒന്നു മൂളി. എന്നീട്ട് " ടാ സൂത്രാ.. ഞാൻ ദേ ആയുധം വെച്ചിട്ടൊള്ള കളിയാണ് ഒന്നു മിണ്ടാണ്ടിരി. അവന്റെ ഒരു യുകെ, ഇരുപതിനായിരം സ്ക്വയർഫീറ്റിന്റെ വീട്, സായിപ്പ്...ചന്ദ്രേട്ടന്റെ ചെവിപോയാൽ ആസ്പത്രി ചെലവ് ഞാൻ കൊടുക്കണം"

ഇതാണ് മ്മടെ ടീം. സൂര്യനു താഴെയും മോളിലും ആയി ഇദ്ദേഹത്തിന്റെ കണ്ട്രോളിൽ അല്ലാത്തത് ഒന്നേ ഉള്ളൂ.അദ്ദേഹത്തിന്റെ നാക്ക്.


പിന്നൊരിക്കൽ കേന്ദ്രത്തിൽ നിന്നുള്ള ആരോ കേരളം സന്ദർശിച്ചപ്പോൾ മൂന്ന് ഹെലികോപ്റ്റർ മ്മടെ കോടംകുളം മെട്രോപോളിറ്റൻ സിറ്റിക്കുമുകളിലൂടെ താഴ്ന്ന് പറന്നു.ചായക്കടയിലിരുന്ന് തോമസേട്ടൻ " ഈ ക്ണാപ്പ് ഇത്രേം താഴ്ന്നു പറക്ക്വോ" എന്നു ആശ്ചര്യപ്പെട്ടു.

ശശിയേട്ടന്റെ ചായപ്പീടികയിൽ സൂത്രനും ഉണ്ടായിരുന്നു.ഒരു ചാൻസ് കിട്ടിയാ വിടുമോ മ്മടെ ഗെഡി.

"ഇത്രക്കൊന്ന്വല്ല.. ഇതിലും താഴെ വരും.കഴിഞ്ഞേന്റെ മുമ്പത്തെ മാസം ഒരു സംഭവണ്ടാർന്നു.മ്മടെ കുഞ്ചാത്തേട്ടൻ രാമന്മാഷ്ടെ പറമ്പിൽ തെങ്ങിന്റെ തടം തൊറക്കാറയിരുന്നു.ഒരു രണ്ട് മണി ആയപ്പോ ആരോ "ചേട്ടോ" ന്ന് വിളിച്ചപോലെ തോന്നി കുഞ്ചാത്തേട്ടന്. ഗെഡി പണി നിർത്തി ചുറ്റും നോക്കി.ആരുല്ല്യ. പിന്നെയും ഒരു വിളി. കുഞ്ചാത്തേട്ടൻ പിന്നീം പണി നിർത്തി "ആർണത്" ന്നു ചോയ്ച്ചു.ആരീം കാണാൻല്യ. ന്ന്ട്ട് കെളക്കാനായി കൈക്കോട്ട് പൊക്ക്യപ്പോ കൈക്കോട്ട് എന്തിലോ തട്ടി. മേപ്പട്ടു നോക്ക്യപ്പളല്ലേ.....ഒരു ഹെലികോപ്റ്റർ . അയ്ന്റുള്ളിലെ പൈലറ്റാണ് കുഞ്ചാത്തേട്ടനെ വിളിച്ചത്.അയാൾക്ക് കൊച്ചീൽക്കൊള്ള വഴി അറിയാണ്ട് കുഞ്ചാത്തേട്ടനോട് ചോയ്ക്കാൻ ഹെലികോപ്ടർ താഴ്തീതാ.കുഞ്ചാത്തേട്ടൻ പറഞ്ഞോടുത്തു ഇരിഞ്ഞാൽട പോയീട്ട് ചാലക്കുടി പിടിച്ച് റൈറ്റ് വിട്ടാൽ മതീന്ന്.അയാൾ ഒരു താങ്ങ്സും പറഞ്ഞ് സ്കൂട്ടായി."


ശ്വാസമടക്കിപ്പിടിച്ചിരുന്ന് കേട്ട് ഓഡിയൻസിൽ സുപ്രൻ ചേട്ടനു മാത്രമെ എന്തെങ്കിലും പറയാൻ കഴിഞ്ഞുള്ളൂ." ശ്ശെ.. കുഞ്ചാത്തനു മൂന്നുപീടിക കൊടുങ്ങല്ലൂർ റൂട്ട് പറഞ്ഞ് കൊടുക്കാമായിരുന്നു.അതല്ലെ എളുപ്പം" .


സൂത്രൻ ചായ മുഴുവനാക്കിയില്ല.



ഇദ്ദേഹം ഇത്രയും ഒക്കെ ഫേമസ് ആവുന്നതിനു മുൻപുള്ള കുട്ടിക്കാലത്തെ ഒരു സംഭവം ആണ് ഇനി.

അമ്പലനടയിൽ ദിനുചേട്ടൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന പുത്തൻ ചെസ് ബോർഡ് വച്ച് കുട്ടേട്ടനും കൊച്ചൻ കണ്ണനും തലപുകച്ച് കളിക്കുന്നു. ബോർഡിൽ ഒട്ടിപ്പിടിക്കുന്ന കീഴെ കാന്തമുള്ള ഒഴുക്കൻ കരുക്കൾ,ചെസ്സ് ബോർഡ് മടക്കുമ്പോൾ അതിന്റെ പിന്നിൽ സ്പോഞ്ചിൽ കരുക്കൾ അടുക്കിവക്കാനുള്ള സെറ്റപ്പ്.ഞങ്ങൾക്കിതൊക്കെ പുതുമയായിരുന്നു.

തോറ്റവർ മാറണമെന്നാണ് നിയമം.കുട്ടേട്ടൻ ഒരു സൈഡിൽ ഉറച്ചിരിക്കുന്നു.മറ്റേ സൈഡിൽ ചിൽഡ്രൻസ് പാർക്കിൽ ഇഴുകിയിറങ്ങിക്കളിക്കാൻ സ്റ്റെപ് കയറി ക്യൂ നിൽക്കുന്ന കുട്ടികളെ പോലെ ഞാനടക്കമുള്ള അമ്പലനടയിലെ പിള്ളേർസ്. ആനന്ദും കസ്പറോവും കളിക്കുന്നപോലെ ഒന്നും അല്ല. കുട്ടേട്ടന്റെ കൂടെ കളിക്കുമ്പോൾ ചെസ്സ് കളിയുടെ ട്വന്റി-ട്വന്റി മാച്ച് പോലെയാണ്. കളി പടേന്ന് തീരും.

ഇതിനിടയിൽ എവിടെ നിന്നോ ചാടി വീണു മ്മടെ ടീം.

വന്ന പാടെ കുട്ടേട്ടന്റെ എതിരെ കളിക്കുന്ന കക്കുവിന്റെ സൈഡിൽ നിന്നു ബോർഡിലേക്ക് രൂക്ഷമായി ഒന്നു നോക്കി. കണ്ണുകൊണ്ടും കൈകൊണ്ടും ചെസ്സ് നിയമങ്ങളിലെ നിമ്നോന്നതങ്ങളില് ഒരു കാൽക്കുലേഷൻ നടത്തി. എന്നീട്ട് ആരോടും ഒന്നും ചോദിക്കാതെ തേരിനു മുന്നിലിരുന്ന കാലാളിനെ ഒരു കള്ളി മുന്നോട്ട് നീക്കി. അവന്റെ വരവും കണക്കു കൂട്ടലും നീക്കവും കണ്ട ഞങ്ങളെല്ലാവരും കുട്ടേട്ടന്റെ തോൽവി കാണാനായി ഒരുങ്ങിയിരുന്നു. ആ കളി പ്രതീക്ഷിച്ചതിലും നേരത്തെ തീർന്നു.കക്കുവിനു സ്ഥാനം ഒഴിയേണ്ടി വന്നു.

വിജയിയായ കുട്ടേട്ടനെ നോക്കി സൂത്രൻ പറഞ്ഞു." ഞാൻ കളി പകുതിയായപ്പോഴല്ലെ വന്നതു,അതോണ്ടാണ്... ഇന്നാളിതുപോലെ മ്മടെ ഡ്രൈവർ സുരേഷേട്ടനുമായി ഉണ്ണിച്ചേട്ടൻ കളിച്ചോണ്ടിരുന്നപ്പോ ഞാൻ ചെന്ന് ഉണ്ണിച്ചേട്ടനെ ജയിപ്പിച്ചു.അതു ഇതു പോല്യൊന്നുമല്ല. ഞാൻ ചെല്ലുമ്പോ ഉണ്ണിച്ചേട്ടന്റെ രാജാവിനെ വരെ സുരേഷേട്ടൻ വെട്ടിയിടുത്തിരിക്കാർന്നു.ആകെ ഉണ്ണിച്ചേട്ടനുള്ളതു തേരും മന്ത്രീം. പിന്നെ ഞാൻ ഈ രണ്ട് കരുക്കളും വെച്ച് സുരേഷേട്ടന്റെ എല്ലാ കരുക്കളും വെട്ടി കളി ജയിച്ചു."

"ആ കരുക്കൾ വച്ച് നീ സുരേഷിനെ വെട്ടിയില്ലല്ലോ. അവൻ ഇപ്പോഴും ജീവനോടെയുണ്ടല്ലോ, അവന്റെ ഭാഗ്യം" കുട്ടേട്ടന്റെ മറുപടി.

Wednesday, May 19, 2010

നിഷ്കളങ്കമായ ചോദ്യം

"ഗാറ്റിന്റ് യൊകാ അന്രോൽ ഡാൺ യ വീന്റാസ്.."

"ദെന്തപ്പൊ ഇവിടിണ്ടായെ" എന്ന മട്ടിൽ ഞാൻ ആ മദാമ്മ വല്ല്യമ്മച്ചിയുടെ മുന്നിൽ ഒരു വളിച്ച ചിരിയും ചിരിച്ച് നിന്നു. സത്യം പറഞ്ഞാൽ ആദ്യം വായിൽ വന്നത് "യേയ് ഞാനെടുത്തില്ല, സത്യമായിട്ടും " എന്നാണ്‌. ഭാഗ്യത്തിന്‌ അതു പുറത്ത് വന്നില്ല.

എന്റെ നില്പും ഭാവവും കണ്ടപ്പോൾ അവർ നേരത്തെ പറഞ്ഞ സെന്റൻസിലെ വാക്കുകൾക്കിടയിൽ ഓരൊ സ്പേസ് വീതം ഇട്ട് ഇത്തിരി എനർജി കൂട്ടി വീണ്ടും പറഞ്ഞു.

"ഗെറ്റ്.... ഇന്റു.... യുവർ.... കാർ, ഏന്റ്.... റോൾ.... ഡൗൺ... യുവർ... വിൻഡോസ് "

"ഒ.. ഇതാണോ, ഇതു പറഞ്ഞാൽ പോരെ" എന്ന ഭാവത്തിൽ ചാടി കാറിൽ കേറി വിൻഡോ താഴ്ത്തി.

"ലെഫ്റ്റ് ഇൻഡിക്കേറ്റർ.. റൈറ്റ് ഇൻഡിക്കേറ്റർ.. ബ്രേക്ക്... ഹോൺ.." മദാമ്മ വല്ല്യമ്മച്ചി കിടന്ന് കാറുന്നു. ഇതെല്ലാം വർക്കിങ്ങ് കണ്ടീഷൻ ആണെന്ന് ഉറപ്പു വരുത്തിയ ശേഷം അവർ ഫ്രന്റ് ഡോർ തുറന്ന് കാറിൽ ഇരുന്നു. തീരെ ഭാരമില്ലാത്ത അവർ റൈറ്റ് സൈഡിൽ ഇരുന്നതും കാർ ലാലേട്ടന്റെ ഷോൾഡർ പോലെ അങ്ങോട്ട് ഒന്നു ചരിഞ്ഞു.

"സ്റ്റാർട്ട് ആൻഡ് ടേക്ക് റിവേഴ്സ്"

"എന്റെ കൊണ്ടർ മുത്തപ്പാ.. എന്നെയും ഈ മദാമ്മ വല്ല്യമ്മച്ചിയേയും കാത്തോളണെ" എന്ന് മനസ്സിൽ പറഞ്ഞ് വണ്ടിയെടുത്തു.

പിന്നെ വല്ല്യമ്മച്ചി പറഞ്ഞതനുസരിച്ച്, കാർ ഓടിച്ചും വളച്ചും തിരിച്ചും അവസാനം തുടങ്ങിയ സ്ഥലത്ത് തന്നെ കൊണ്ട് വന്നു നിർത്തി.

"എങ്ങനിണ്ട്?..ഞാൻ പുലിയല്ലെ?" എന്ന ചോദ്യം മുഖത്തെഴുതി വച്ച് വല്ല്യമ്മച്ചിയെ നോക്കുമ്പോൾ പരീക്ഷയുടെ അവസാന ബെല്ലും അടിച്ച് കഴിഞ്ഞിട്ടും എഴുതി തീരാത്ത കുട്ടികളെ പോലെ കയ്യിലുള്ള പേപ്പറിൽ എന്തൊക്കെയൊ എഴുതുന്നു.

എഴുതി കഴിഞ്ഞതും എന്നെ നോക്കി നിർദാക്ഷിണ്യം "ഐ വുഡ് റെക്കമന്റ് മോർ പ്രാക്റ്റീസ് ഫൊർ യൂ" എന്ന് പറഞ്ഞു.

അതു വരെ തിളങ്ങി ചന്ദ്രക്കല പോലെ മുകളിലോട്ട് നിന്നിരുന്ന എന്റെ സ്മൈലി :)... കരിഞ്ഞ തേങ്ങാക്കൊത്ത് പോലെ ഡൗൺ ആയി :(

"ഒന്നുമില്ലെങ്കിലും ജീവനൊരാപത്തും കൂടാതെ തിരിച്ചെത്തിച്ചതിന്റെ പ്രതിഫലമായിട്ടെങ്കിലും ആ ലൈസൻസ് ഒന്നു അപ്രൂവ് ചെയ്തൂടെ കെളവീ" എന്നു മനസ്സിൽ പറഞ്ഞു.

പിന്നെ കയ്യിലെ കടലാസിൽ എഴുതിവച്ചിരിക്കുന്നതെല്ലാം ഓരോന്നായി വിശദീകരിച്ചു തന്നു. അതൊക്കെ ഞാൻ വരുത്തിയ തെറ്റുകളാണെന്നു പറഞ്ഞപ്പോൾ എനിക്ക് എന്നെക്കുറിച്ചു തന്നെ അഭിമാനം തോന്നി.

അങ്ങനെ ഡ്രൈവിങ്ങ് ടെസ്റ്റും തോറ്റ്, തിരിച്ച് റൂമിലേക്ക് കൂട്ടുകാരന്റെ കൂടെ വണ്ടിയിൽ ഇരിക്കുമ്പോൾ നാട്ടിൽ വച്ച് ലൈസൻസ് ടെസ്റ്റിനു പോയ സംഭവം ഓർത്ത് ചിരിക്കുകയായിരുന്നു.

**** **** **** *****
ഡിഗ്രി ഒന്നാം വർഷം പഠിക്കുന്ന കാലം.

കസിൻ ബ്രദറും, സന്തത സഹചാരിയും ,ഒരു മിനി ലൗഡ്‌സ്പീക്കറും ടെക്നിക്കൽ ആൻഡ് ഫിലോസഫിക്കൽ ഉപദേഷ്ടാവും, സർവ്വോപരി ചെസ് കളിക്കുമ്പോൾ എനിക്ക് ആകെ തോല്പ്പിക്കാൻ പറ്റുന്നയാളും ആയ രാമുട്ടിയും ഞാനും കൂടെയാണ്‌ ഡ്രൈവിങ്ങ് പഠിക്കാൻ പോവുന്നത്.

കൊടുങ്ങല്ലൂരിലെ ഹാഷിം ഡ്രൈവിങ്ങ് സ്കൂളിൽ ആണ്‌ അഭ്യസനം.ക്ലാസ്സുള്ളതിനാൽ അതിരാവിലെയും വൈകീട്ടും ആണ്‌ വളയം പിടിക്കാനിറങ്ങുന്നത്. ഞങ്ങളെ പഠിപ്പിക്കുന്നതും ഞങ്ങൾ ആശാനെന്ന് വിളിക്കുന്നതും സമപ്രായക്കാരനായ ലത്തീഫിനെയാണ്‌. ആശാൻ മഹാ ഒഴപ്പാണ്‌. തുലാവർഷം പെയ്തൊഴിയാതെ നിൽക്കുന്ന പുലർകാലങ്ങളിൽ ഡ്രൈവിങ്ങ് പഠിക്കാനുള്ള ആ "തൊര" കൊണ്ട് അഞ്ച് മണിക്ക് ഞാനും രാമുട്ടിയും തണുത്ത് വിറച്ച് കുട്ടേട്ടന്റെ പീടികക്കുമുന്നിൽ ആശാനെ കാത്ത് നിൽക്കുമ്പോൾ ആശാൻ കമ്പിളിക്കുള്ളിൽ സുഖനിദ്രയിൽ ആയിരിക്കും.

അങ്ങനെയുള്ള ആശാനായതുകൊണ്ടാവാം, മഹീന്ദ്രയുടെ ട്രാക്സിനെ മെരുക്കാൻ കുറച്ച് പാട് പെടേണ്ടി വന്നു. ഞങ്ങളും വളവനങ്ങാടിയിൽ നിന്നുള്ള മനോജും പിന്നെ വേറെ രണ്ട് പേരും. ഒരു ദിവസം 45 മിനിറ്റോളം ഓടിക്കാം.

"ക്ലച്ച് ചവിട്ടി ഗിയർ മാറ്റെടാ" എന്ന് ആശാൻ ആവേശത്തോടെ പറയും."ഇപ്പ മാറ്റാം" എന്നും പറഞ്ഞ് പോക്കറ്റിൽ നിന്ന് വീണ എന്തോ തപ്പുന്നതുപോലെ താഴേക്ക് നോക്കി "ഇതിലേതാ ആശാൻ പറഞ്ഞ സുന" എന്നാലോചിക്കുന്ന സ്റ്റേജൊക്കെ കഴിഞ്ഞ് വണ്ടി തന്നിഷ്ടം ഒക്കെ വെടിഞ്ഞ് ഞങ്ങളുടെ വഴിക്ക് വരാൻ തുടങ്ങിയതുമുതൽ ഡ്രൈവിങ്ങ് ടെസ്റ്റിനെക്കുറിച്ചായി ചിന്ത.

അതിനുള്ളിൽ തന്നെ ലൈസൻസ് എടുത്ത തറക്കണ്ണനും തിലകൻ ചേട്ടനുമൊക്കെ 'എച്ച്'','എട്ട് ' എന്നൊക്കെ പറയുന്നതുകേട്ടിരുന്നു. എച്ചിന്റെയും എട്ടിന്റെയും ആകൃതിയിൽ വണ്ടി ഓടിക്കണം എന്നുള്ള ബേസിക് ഐഡിയയും കിട്ടിയിരുന്നു.

ക്ലാസ്സിൽ ടീച്ചേഴ്സ്നോട് ഔട്ട് ഓഫ് സിലബസ് സംശയങ്ങൾ ചോദിച്ച് ഷൈൻ ചെയ്യുന്ന ചില ചീപ് പഠിപ്പിസ്റ്റുകളെപ്പോലെ , വണ്ടിയിലെ മറ്റുള്ളവരുടെ മുൻപിൽ ആളാവാൻ ഞാനും രാമുട്ടിയും ഇടക്കിടെ ഇതൊക്കെ എടുത്ത് വീശും. ആശാനും ബാക്കി ടീംസും മൈൻഡ് ചെയ്യാറില്ല.

ഒരു ശനിയാഴ്ച ഡ്രൈവിങ്ങ് ടെസ്റ്റ് എടുക്കാമെന്ന് ആശാൻ പറഞ്ഞു. വെള്ളിയാഴ്ച് വൈകീട്ട് 'എച്ച്' എടുക്കാൻ പഠിപ്പിക്കും, ശനിയാഴ്ച് അഴീക്കോട് ഏതൊ ഒരു ഗ്രൗണ്ടിൽ ടെസ്റ്റ്.

വെള്ളിയാഴ്ച പറഞ്ഞ നേരത്ത് 'എച്ച് ' എടുക്കാൻ പഠിപ്പിക്കാമെന്നേറ്റ സ്പോട്ടിൽ ഞങ്ങളെത്തി. അരമണിക്കൂർ കഴിഞ്ഞു , ഒരു മണിക്കൂർ കഴിഞ്ഞു.നോ ആശാൻ..!!! കുറെക്കഴിഞ്ഞപ്പോൾ അതിലെ സൈക്കിളിൽ വന്ന മനോജ് ആശാന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു.

"ഡാ.. ആശാൻ വെർല്ല്യട്ടാ.. അങ്ങേര്‌ വെള്ളടിച്ച് ഓഫായി വീട്ടീക്കെടക്കൺണ്ട്.."..

"ഈശ്വരാ.. നാളെ ടെസ്റ്റ്..എന്തു ചെയ്യും" ഞാൻ

"വെര്‌ണത്...വെരട്ടറാ..നമ്മക്ക് നാളെ ടെസ്റ്റിനു പുവാം" എന്റെ മോറൽ സപ്പോർട്ടർ..

അങ്ങനെ പിറ്റേന്ന് രാവിലെ ഒമ്പത് മണിക്ക് ഞങ്ങൾ കൊടുങ്ങല്ലൂരിലെ ഡ്രൈവിങ്ങ് സ്കൂൾ ഓഫീസിൽ എത്തി. ഞങ്ങളടക്കം 7 പേർ ടെസ്റ്റ് എടുക്കാനായി എത്തിയിരുന്നു.അവിടെ നിന്ന് ടെസ്റ്റ് എടുക്കാനായി ഞങ്ങളെ ഓഫീസിൽ ഇരുന്ന ഒരു ഓഫീസർ ഗെറ്റപ്പിൽ ഷൂസും പാൻസും ഇട്ട് ഷർട്ട് ഒക്കെ ഇൻസർട്ട് ചെയ്ത ഒരാളാണ്‌ ടെസ്റ്റെടുക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോയത്.ആ ഗെറ്റപ് ഒക്കെ കണ്ടപ്പോൾ ഞങ്ങൾക്ക് 'ആശാൻ' എന്നു വിളിക്കാൻ ഒരു മടി. ഒന്നു പരിഷ്കരിച്ച്‌ 'സാർ' എന്നാക്കി. ലൈൻ ബസ്സിലാണ്‌ യാത്ര.

ബസ്സിന്റെ ബാക് സീറ്റിൽ എല്ലാവരും കതിനകുറ്റികൾ വച്ച പോലെ നിരന്നിരുന്നു. സാർ തൊട്ട് മുൻപിലത്തെ സീറ്റിലും. അഴീക്കോട് എത്തുന്നതിനു മുൻപ്, രാമുട്ടിക്ക് ഒരു സംശയം.

സാറിനെ തൊട്ട് വിളിച്ച്, ബസ്സിന്റെ ഇരമ്പലിലും അവന്റെ ശബ്ദം കേൾക്കുമെന്നുറപ്പിക്കാനായി ലൗഡ്‌സ്പീക്കർ ഫുൾ വോളിയത്തിൽ ഇട്ട് ഒരൊറ്റ ചോദ്യം.

"അതെയ്.. സാറെ ഒരു ശംശയം..ഈ ഡ്രൈവിങ്ങ് ടെസ്റ്റിനേ...കാപ്പിറ്റൽ ലെറ്റർ 'എച്ച്' ആണോ അതോ സ്മോൾ ലെറ്റർ 'എച്ച്' ആണോ എടുക്കണ്ടേ???"

"അതുശരിയാണല്ല്ലോ.. ശെടാ..ഈ സംശയം എന്തുകൊണ്ട് എനിക്കു വന്നില്ല" എന്നാലോചിച്ച് മറുപടിക്കായി സാറിന്റെ മുഖത്തേക്ക് നോക്കി.

സാറിന്റെ മുഖഭാവം കണ്ടപ്പോൾ "സാറിന്റെ പെങ്ങളെ കെട്ടിച്ച് തരുമോ" എന്നൊ മറ്റൊ ആണോ രാമുട്ടി ചോദിച്ചതെന്ന് തോന്നിപ്പോയി. ബസ്സിലെ ആൾക്കാർ ചിരിച്ച് കൊണ്ട് ആശാനെയും രാമുട്ടിയെയും മാറി മാറി നോക്കി. സംഗതി എന്തൊ കൈവിട്ട് പോയെന്ന് മണത്തതും "ഞാൻ അവനെ അറിയുകേയില്ല.. ഞാൻ വേറെ ടീം.. " എന്ന റോളിൽ രാമുട്ടിയേയും സാറിനെയും നോക്കി. സാർ ഒന്നും മിണ്ടാതെ നേരെ തിരിഞ്ഞിരുന്നു.

ഇത്ര സില്ലി ക്യൊസ്റ്റിനുപോലും ആൻസർ അറിയാതെയാണൊ ഷർട്ട് ഒക്കെ ഇൻസർട്ട് ചെയ്ത് നടക്കുന്നെ എന്ന ഭാവത്തിൽ രാമുട്ടി സാറിനെയും ബാക്കി ഉള്ളവരെയും നോക്കി.

അന്നെന്തായാലും അവൻ ആണ്‌ എന്നെക്കാൾ 'പുലിടാവ് ' എന്ന് തെളിയിച്ചു. ഞാൻ ഡ്രൈവിങ്ങ് ടെസ്റ്റ് എടുത്ത് കഴിഞ്ഞപ്പോൾ 'എച്ച് ' ന്റെ 2 കമ്പികൾ മാത്രമേ ബാക്കി വച്ചുള്ളു. അവൻ 4 എണ്ണം ബാക്കി വച്ചു.

Monday, May 3, 2010

പരാഡോക്സറസ് ഹെർമാഫ്രോഡിറ്റസ്

"പരാഡോക്സറസ് ഹെർമാഫ്രോഡിറ്റസ്"

കണ്ടിട്ടുണ്ടോ ഈ സാധനത്തെ?

പേരുകേട്ട് കണ്ണ് തള്ളണ്ട. മരപ്പട്ടി , മരനായ് എന്നൊക്കെ പറയും.

തകരംകുന്നത്ത് അമ്പലത്തിന്റെ, അതായത് ഞങ്ങളുടെ കുടുംബക്ഷേത്രത്തിന്റെ മുന്നിൽ നിൽക്കുന്ന ഇലഞ്ഞിയിൽ മരപ്പട്ടികളുടെ ഒരു ഹൗസിങ്ങ് കോളനി തന്നെ ഉണ്ടായിരുന്നു. മലയാളമാസം ഒന്നാം തീയതി രാത്രി അമ്പലത്തിലെ പായസം തിന്നാൻ പോവുമ്പോൾ (വിശേഷാൽ പൂജക്കു പോവുമ്പോൾ, തൊഴാൻ പോവുമ്പോൾ എന്നൊക്കെ പറഞ്ഞാൽ ദൈവകോപം ഉണ്ടാവും അതോണ്ടാണ്‌ സത്യം പറഞ്ഞതു) ഇലഞ്ഞിമരത്തിന്റെ ചില്ലകളിൽ കലപില ശബ്ദം ഉണ്ടാക്കി പാഞ്ഞ് നടക്കുന്ന മരപ്പട്ടികളെ പേടിയോടെയാണ്‌ ഓർക്കാറുള്ളത്. ഈ പറയുന്ന സാധനത്തെ രാത്രിയിൽ മാത്രമെ കാണാൻ പറ്റൂ. രാത്രിയിൽ ആണ്‌ സഞ്ചാരവും ഇരപിടുത്തവും.ആ പ്രദേശങ്ങളിലെ കോഴിമോഷണക്കേസുകളിലെ ദ മോസ്റ്റ് വാണ്ടട് ക്രിമിനൽ.

കുട്ടിക്കാലത്ത്, ഇരുട്ട് വീണാൽ എനിക്ക്‌ വീടിനു മുറ്റത്ത് ഒന്നു മൂത്രമൊഴിക്കാൻ ഇറങ്ങണമെങ്കിൽ പോലും അഛനോ അമ്മയൊ ടോർച്ചുമായി പിന്നിൽ വേണം.ഇവർ ആരെങ്കിലും ഉണ്ടെങ്കിൽ തന്നെ ചെറിയൊരു ഇലയനക്കമൊ മറ്റൊ കേട്ടാൽ ബാക്കി പിന്നെയൊഴിക്കാം എന്നു കരുതി പറന്ന് വീട്ടിക്കേറും.വെറുതെ റിസ്ക് എടുക്കണ്ടല്ലൊ?

അങ്ങനെയുള്ള ഞാനും മരപ്പട്ടിയും മീറ്റ് ചെയ്യാൻ ചാൻസേ ഇല്ല. ഒരിക്കൽ ഞങ്ങളുടെ വീട്ടുകാരും വെല്ലിഛന്റെ വീട്ടുകാരും ത്രിശൂർ മൃഗശാല, പൂരം എക്സിബിഷൻ എന്നിവ കാണാൻ പോയപ്പോളായിരുന്നു ഈ സംഭവത്തെ ഞാൻ ആദ്യം കാണുന്നതു. പൂച്ചയുടെ വലിപ്പത്തിൽ ഒരു ജന്തു. നീണ്ട വാലിൽ നീളൻ രോമങ്ങൾ.എലിയുടെ ഛായ. ഉണ്ടക്കണ്ണുകൾ.പകൽ കണ്ടാലും ചെറിയ പേടി ഒക്കെ തോന്നും.

പിന്നേതോ വേനൽക്കാല രാത്രിയിൽ ചുള്ളൻ ഞങ്ങളുടെ വീടിന്റെ കുളിമുറിയുടെ മുകളിൽ അടയിരുന്ന കോഴിയെ പിടിക്കാൻ വന്നപ്പോൾ, ഇളയഛൻ അടിച്ച ടോർച്ചിന്റെ വെളിച്ചത്തിൽ എന്നെ പേടിപ്പിച്ച രണ്ട് രക്തകണ്ണുകൾ ഞാൻ കണ്ടിരുന്നു.അന്നു കിടക്കാൻ നേരത്തു ഞാൻ അനിയനെ ഒറ്റക്കാക്കി അമ്മേടേം അഛന്റേം കൂടെ കിടന്നൂന്നൊ , ഉറക്കത്തിൽ നിലവിളിച്ചൂന്നൊ ഒക്കെ അമ്മ ചുമ്മാ കഥയടിച്ചിറക്കി. അമ്മേടെ ഒരു കാര്യം. ല്ലെ!

ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലം. ഒരു ദിവസം രാവിലെ ഏകദേശം ഏഴര ആയിക്കാണും."ടാ.. എണീക്കെട.മരപ്പട്ടി" എന്നു അമ്മയുടെ വാണിങ്ങ് കേട്ടുകൊണ്ടാണ്‌ ഉണർന്നതു.അമ്മ ഇത്ര വയലന്റ് ആവണമെങ്കിൽ ഞാൻ അത്രേം ലേറ്റ് ആയികാണണം എന്നു മനസ്സിലാക്കിക്കൊണ്ട് ചാടി എഴുന്നേറ്റു. അടുത്ത് കിടക്കുന്ന അനിയനെ നോക്കി. അവനില്ല, നേരത്തെ എണീറ്റിരിക്കുന്നു. അപ്പൊ ഇന്നത്തെ അടി ഷെയർ ചെയ്യാൻ ആരുമില്ല. എന്തും വരട്ടെ എന്നു കരുതി മുറിക്കു പുറത്തിറങ്ങി.

പാമ്പിനെ തല്ലിക്കൊല്ലാൻ അഛൻ ആരോടൊ പറഞ്ഞ് സംഘടിപ്പിച്ച ഒന്നര മീറ്ററോളം നീളവും അതിനൊത്ത തടിയും ഉള്ള വടിയും എടുത്ത് അമ്മ പാഞ്ഞ് വരുന്നു.

"തല്ലരുത്..നാളെത്തൊട്ട് കാലത്ത് ആറ് മണിക്കെണീറ്റോളാം." അമ്മയുടെ ഏത് ആക്രമണവും തടയാൻ കുങ്ഫൂ വിലെ ഡിഫൻസീവ് സ്റ്റൈലിൽ നിന്നുകൊണ്ട് പറഞ്ഞു.

അമ്മ ചിരിച്ച് കൊണ്ട് " ഇത് നിന്‌ക്കുള്ളതല്ല, കെഴക്കേപ്രത്ത് ഇല്ലിപ്പട്ട്ളുമ്മെ ഒരു മരപ്പട്ടി, കൊറെ ആളോള്‌ കൂടീട്ട്ണ്ട്.നീ വടി അഛനു കൊണ്ട് കൊടുത്തേ."

അമ്മേടെ കയ്യിൽ നിന്നും ബാറ്റൺ വേടിച്ച് ഞാൻ വീടിനുപുറത്തേക്ക് പാഞ്ഞു.

ഞാൻ നോക്കുമ്പോ, ഇല്ലിപ്പട്ട്ളിനു ചുറ്റും കുറെപ്പേർ വളഞ്ഞു നിൽക്കുന്നു. വീട്ടിലെ പട്ടി റ്റോമി ആ മുളങ്കൂട്ടത്തിലേക്കു നോക്കി കുരക്കുന്നുമുണ്ട്. പൊതുവെ സൈലന്റ് ആയ ലവൻ ഇങ്ങനെ ഓണത്തിനും വിഷുവിനും ഒക്കെയാണ്‌ ഇവൻ കുരച്ചു കേൾക്കാറുള്ളത്.

"ഇവനാണ്‌ കണ്ടത്.പിന്നെ കൊരച്ച് ആളെക്കൂട്ടി" അനിയൻ എല്ലാവരോടും പറയുന്നുണ്ടായിരുന്നു.

ക്ലൈന്റ് അപ്രിസിയേഷൻ കിട്ടിയ ഐ ടി പ്രൊഫഷണലിനെ പോലെ "താങ്ക്യൂ.. താങ്ക്യൂ" എന്ന മുഖഭാവത്തോടെ റ്റോമി എല്ലാവരുടെയും മുഖത്തേക്ക് നോക്കുകയും, ക്രെഡിറ്റ് ഒന്നു കൂടെ ഉറപ്പിക്കാനെന്നപോലെ ഇടക്കിടക്ക് മുളങ്കൂട്ടത്തിനിടയിലേക്കു നോക്കി കുരക്കുകയും ചെയ്തു.

"ഇതിലേതാ വടി?" അഛനു വടി കൈമാറുന്നതിനിടയിൽ കുട്ടേട്ടന്റെ കമന്റ്.

എനിക്കതത്ര ഇഷ്ട്ടപ്പെട്ടില്ല , പിന്നെ പോട്ടെ, ചേട്ടനല്ലെ. പുള്ളിയെയും കുറ്റം പറയാൻ പറ്റില്ല. ഞാൻ ആ വടികൊണ്ട് വരുന്നതു കണ്ടാൽ രണ്ടു വടികൾ വരുന്നതായേ തോന്നു.

തൊട്ടടുത്തുള്ള അലക്കുകല്ലിൽ കേറി നിന്ന്, ഞാൻ മുളങ്കൂട്ടിലേക്ക് നോക്കി. ദോ..ഇരിക്കുന്നു നമ്മുടെ ടീം. ഇന്നലെ അടിച്ചതിന്റെ കെട്ട് വിടാത്തതുകൊണ്ടാവും പുള്ളിക്ക് കാര്യത്തിന്റെ സീരിയസ്നസ് പിടികിട്ടിയില്ല. ബീച്ചിൽ കിടക്കുന്ന സ്റ്റൈലിൽ കാലിന്മേൽ കാൽ കയറ്റി വച്ച് കൈ പിന്നീക്കെട്ടി ഒരു മൊട റോളിൽ സായ്പന്മാർ ലോക്കൽസിനെ നോക്കുമ്പോലെ ഞങ്ങളെയൊക്കെ നോക്കിക്കൊണ്ട് ഇരിപ്പുണ്ട്.

ആട് റെജി, ചേട്ടൻ കാദർക്ക തുടങ്ങിയ സ്ഥലത്തെ പ്രധാന ഇറച്ചിവെട്ടുകാരൊക്കെ അവിടുണ്ട്.

"പിടിച്ച് കൂട്ടാൻ വെക്കാം, നല്ല ടേസ്റ്റാണ്‌." ആട് റെജി

എന്തിനും യെസ് മൂളുന്ന രവിയേട്ടൻ ഇതിനും മൂളി ഒന്ന്‌.

പിന്നെ എല്ലാം ശടപടേന്ന്, മുളങ്കാടിനെ കുട്ടേട്ടൻ , രവിയേട്ടൻ , കാദർക്ക, പെട ബിജു കുട്ടേട്ടൻ , ഉണ്ണിച്ചേട്ടൻ അങ്ങനെ ഒരു ചെറിയ ആംഡ് ഫോഴ്സ് വളഞ്ഞു. ഒരു ചെറിയ പട്ടവടിയെടുത്തു ഞാനും.ചുമ്മ .. വെർതെ.. ആരെങ്കിലും തല്ലികൊന്നതിനു ശേഷം ഒരടി അടിച്ചിട്ട്, ഞാനും കൂടിയാണ്‌ മരപ്പട്ടിയെ പിടിച്ചതെന്ന് സ്കൂളിൽ പോയി പറയാൻ.

അഛൻ പതുക്കെ വടി ഇല്ലിപ്പ്ട്ട്ളിന്റെ ഇടയിലൂടെ ഇട്ട് ഒരു കുത്ത്. ഇഷ്ടനു കുത്തുകൊണ്ടില്ലെങ്കിലും, പലിശക്കാരെ കണ്ട കടക്കാരനെപോലെ വലിഞ്ഞ് പതുക്കെ മുകളിലേക്ക് കേറിത്തുടങ്ങി.മുളങ്കാടിനോട് ചേർന്ന് നിന്ന തെങ്ങിൽക്കേറി നേരെ മേൽപ്പോട്ട്. തെങ്ങിന്റെ മണ്ടയിൽ കയറിയിരുന്ന് വെള്ളപ്പൊക്കസമയത്ത് ഹെലികോപ്റ്ററിൽ നിന്ന് എറിയുന്ന ഫുഡ്‌പാക്ക് നോക്കിനിൽക്കുന്നപോലെ നിൽക്കുന്ന പത്തുപതിനാറെണ്ണത്തിനെ നോക്കി കൊഞ്ഞനം കുത്തി.

ഇതുകണ്ട കലികയറിയ കാദർക്ക ഇന്നിവനെ തിന്നിട്ടേ ഉള്ളു എന്നും പറഞ്ഞു ആവേശം കേറി വെട്ടുകത്തി മുണ്ടിന്റെടേൽ തിരുകി തെങ്ങു കയറ്റം തുടങ്ങി.

കാദർക്ക തെങ്ങിന്റെ ടോപ്പിൽ എത്താനെടുക്കുന്ന ഗ്യാപ്പിൽ , ആട് റെജി ആംഡ് ഫോഴ്സിനെ പൊസിഷൻ ചെയ്തു ഇൻസ്ട്രകഷൻസ് കൊടുത്തു " വെട്ട് കൊണ്ടില്ലെങ്ങ അവൻ ചാടും, അടുത്ത് ആകെയുള്ളത്, ഇല്ലിയാണ്‌, അതിലേക്ക് ചാടാൻ ചാൻസ് ഇല്ല, പിന്നെ നെലത്ത് വീണ്‌ കഴിഞ്ഞാൽ അവൻ ഒരു മിനിറ്റോളം അവൻ അവടെത്തന്നെ കെടക്കും, അപ്പൊ നോക്കിയടിച്ചാൽ മതി" തന്റെ എക്സ്പീരിയൻസ് കമാൻഡോസിനു പകർന്നു കൊടുത്തുകൊടുത്തു.

"ദേ വരുന്നെട" എന്നുള്ള കാദർക്കായുടെ അകറൽ കേട്ട് കാദർക്കായണോ അതൊ മരപ്പട്ടിയാണോ മോളീന്നു വരുന്നെ എന്നു എല്ലാവരും നോക്കി. ഭാഗ്യം.മരപ്പട്ടി തന്നെ.

"പധക്.." രവിയേട്ടന്‌ അടിക്കാൻ പാകത്തിൽ പ്ലേറ്റിൽ കൊണ്ട് വച്ച പോലെ 'വുഡൻഡോഗ് 'പൂഴി മണ്ണിൽ കമന്നടിച്ച് വീണു.

ഓങ്ങി പിടിച്ച വടിയുമായി നിൽക്കുന്ന രവിയേട്ടൻ ടാബ്ലോ ആയിതന്നെ നിൽക്കുകയാണ്‌. ആകാംഷാഭരിതരായി ഞങ്ങളെല്ലാവരും." തല്ലുന്നില്ലേ " എന്ന ഭാവത്തിൽ തലപൊക്കി നോക്കി മരപ്പട്ടിയും.

അടുത്ത സെക്കൻഡിൽ ഇതു തന്നെ തക്കം എന്നു കരുതി മരപ്പട്ടി എഴുന്നേറ്റ് ഇലഞ്ഞി ലക്ഷ്യമാക്കി വടക്കോട്ട് ഒരോട്ടം. പിന്നാലെ അതു വരെ സ്റ്റിൽ ആയി നിന്ന രവിയേട്ടനും പരിവാരങ്ങളും ഞാനും.

"ടാ മണ്ടകുണാപ്പൻ റെജി , സാനം ഒര്‌ മിൻറ്റ് പോയിട്ട് അര സെക്കൻഡ് പോലും കെടന്നില്ല അവടെ" ഓടുന്നതിനിടയിൽ രവിയേട്ടൻ വിളിച്ച് പറയുന്നുണ്ടായിരുന്നു.

അപ്പോ അതാണ്‌ രവിയേട്ടൻ സ്റ്റാച്ച്യൂ ആയി നിൽകാനുള്ള കാരണം.ആട് റെജി ഇതു കേട്ടില്ല എന്ന വ്യാജേന "കോൺസൻട്രേറ്റ് ഓൺ മരപ്പട്ടി എന്ന തത്വത്തിൽ വിശ്വസിച്ച് കൊണ്ട് പായുകയായിരുന്നു.

പെട്ടെന്നാണ്‌ അതു സംഭവിച്ചത്.

വേലിക്കിടയിൽ നിന്ന് ഒരിത്തിരി പുറത്തേക്ക് തള്ളി നിന്നിരുന്ന ശീമക്കൊന്നയുടെ കമ്പിന്‌ തോന്നിയ ഒരു കുസൃതി. മരപ്പട്ടിയുടെ കഴുത്ത് മാത്രം ലക്ഷ്യമാക്കി പെടച്ചു വന്ന രവിയേട്ടന്റെ മുണ്ടിൻ തലപ്പ് മരക്കമ്പിൽ കുരുങ്ങി.

ചരടിൽ നിന്ന് റിലീസ് ആയ പമ്പരം പോലെ രവിയേട്ടൻ മുണ്ടിൽ നിന്നും റിലീസ് ആയി രണ്ട് കറക്കം കറങ്ങി നിന്നു.ജട്ടിയുമിട്ട് കുന്തവും പിടിച്ച് ഏതാണ്ട് ഒരു ഗ്രീക്ക് ദേവന്റെ റോളിൽ നിൽക്കുന്ന രവിയേട്ടനെ കണ്ട് ഞങ്ങളെല്ലാവരും അന്തംവിട്ടു.

രവിയേട്ടൻ 2 സെക്കൻഡ് നേരത്തേക്ക് മുന്നോട്ടും പിന്നോട്ടും നോക്കി " മുണ്ട്.. മരപ്പട്ടി......മരപ്പട്ടി...മുണ്ട്" എന്ന കൺഫ്യൂഷനിൽ നിന്നു പിന്നെ "ഡ്യൂട്ടി ഫസ്റ്റ്" എന്ന് കരുതി മരപ്പട്ടിയുടെ പിന്നാലെയുള്ള ഓട്ടം തുടർന്നു. മുക്കാൽനഗ്നനായി തന്റെ പിന്നാലെ പാഞ്ഞു വരുന്ന രവിയേട്ടനെ കണ്ട് മരപ്പട്ടി ഗിയർ ഷിഫ്റ്റ് ചെയ്ത്‌ ടോപ് ഗിയറിൽ പായൻ തുടങ്ങി. "മരപ്പട്ടിക്കും തൻ മാനം പൊൻ മാനം" എന്നല്ലെ പറയുക.

കുമാരൻ വെല്ലിഛന്റെ വീട്ടിൽ രാവിലെ മുറ്റമടിയും പാത്രം കഴുകലും കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന കനകചേച്ചി, ടി ജി രവി മോഡലിൽ പാഞ്ഞ് വരുന്ന രവിയേട്ടനെ കണ്ട് താനാണ്‌ സീമ എന്നു കരുതി നൂറേ നൂറിൽ പറന്ന് വീട്ടീക്കേറി.

ഞാൻ മുണ്ടുമെടുത്ത് രവിയേട്ടനും പരിവാരങ്ങൾക്കും പിറകെ ഓടി.

എന്തിനു പറയാൻ ..മരപ്പട്ടി അന്ന് ഓടി ഇലഞ്ഞിയിൽക്കേറി. മാരത്തോൺ കഴിഞ്ഞ് കിതപ്പടക്കി സംഭവത്തിന്റെ ഹൈലൈറ്റ്സും പ്ലാനിലെ പാളിച്ചകളും ഡിസ്കസ് ചെയ്തുകൊണ്ട് ഇലഞ്ഞിത്തറക്കു ചുറ്റും നിൽക്കുമ്പോഴാണ്‌ വളരെ പരിചയമുള്ളൊരു ശബ്ദം സിനിമയിൽ ബാക് ഗ്രൗണ്ട് മ്യൂസിക് ആയി കേൾക്കാറിള്ള നാടൻപാട്ട് പോലെ ഉയർന്നു കേൾക്കുന്നത്.

" എന്ന്യാരെങ്കിലും ഈ തെങ്ങിന്റെ മോളീന്നെറക്ക്വോ......അയ്യോ.."

ശബ്ദം കേട്ട ദിക്കിലേക്ക് എല്ലാവരും നോക്കിയപ്പോൾ , എന്റെ വീട്ടിലെ കോമാവിന്റെ ചില്ലകൾക്കിടയിലൂടെ തെങ്ങിൻ കൂമ്പിൽ അള്ളിപ്പിടിച്ചിർക്കുന്ന ആ രൂപത്തെ കണ്ടു.

"പരാഡോക്സറസ് 'കാദർക്കാ'ഡിറ്റസ്."

Sunday, May 2, 2010

അഭ്യാസങ്ങളുടെ തുടക്കം

വീടിനടുത്തുള്ള ശ്രീനാരായണ വിലാസം സ്കൂളില്‍ നിന്നും ലോവര്‍ പ്രൈമറി ബിരുദം നേടുന്നതോടെ സഹപാഠികളും കൂട്ടുകാരും സൈക്കിള്‍ എന്ന അത്ഭുത യന്ത്രത്തെ മെരുക്കിയെടുക്കാനും പഠിച്ചിരുന്നു. അന്നുവരെ ഇടവഴികളിലൂടെയും റോഡിലൂടെയും "ണിം..ണിം" ഒച്ചയുണ്ടാക്കി, എന്നെ മോഹിപ്പിച്ച് ഒഴുകിനടന്നിരുന്ന ആ സ്വപ്നവാഹനത്തിന്റെ യാത്രാസുഖം കിട്ടിയിരുന്നത് വല്ലപ്പോഴും ഇളയഛന്റെ ഒപ്പമോ, വല്ല്യമ്മായിയുടെ മക്കളുടെ ഒപ്പമോ എവിടെയെങ്കിലും പോവുമ്പോളായിരുന്നു.കസിന്‍ ചേട്ടന്മാരും കൂട്ടുകാരും സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചതോടെ സൈക്കിള്‍ പഠിത്തം ഒരു ബെഞ്ച്‌മാര്‍ക്കായി മാറിക്കഴിഞ്ഞിരുന്നു.

താമി വല്ല്യഛൻ അഛനെ കാണാൻ വരാറുള്ള നീല ബി എസ് എ - എസ് എൽ ആർ ആയിരുന്നു ഞാൻ ആദ്യമായി ആത്മവിശ്വാസത്തോടെ ചവിട്ടിയ സൈക്കിൾ. ഹാൻ‍ഡിൽ, പെഡൽ, സീറ്റ് എന്നിവയെ ബന്ധിപ്പിരിക്കുന്ന ത്രികോണ ആകൃതിയിലുള്ള സൈക്കിൾ ഫ്രയിമിനിടയിലൂടെ കാലിട്ട് ചവിട്ടിയാണ് ആദ്യമായി സൈക്കിൾ സഞ്ചാരത്തിന്റെ സുഖം അറിയുന്നത്.

അങ്ങനെ ആശിച്ച് മോഹിച്ച് ഇരിക്കുമ്പോളാണു ഇളയഛൻ ഒരു സെക്കൻഡ് ഹാൻഡ് ഹീറോ സൈക്കിൾ 200 രൂപക്ക് വാങ്ങുന്നത്. ഇതുവരെ വലിയ സൈക്കിൾ ചവിട്ടാത്തതുകൊണ്ടാകാം, ആദ്യമൊക്കെ ആ സൈക്കിൾ എടുക്കാൻ ഒരു ഭയം ഉണ്ടായത്.ചുരുക്കത്തിൽ പറഞ്ഞാൽ ഒരു സ്റ്റാർട്ടിങ്ങ് ട്രബിൾ. പിന്നെ പിന്നെ അതെടുത്തു തള്ളി ഉരുട്ടാൻ തുടങ്ങി. ആ സൈക്കിൾ ഫ്രയിമിനിടയിലൂടെ കാലിട്ട് ചവിട്ടി തുടങ്ങിയപ്പോഴണു, അതിന്റെ യുണീക്നെസ് എനിക്ക് മനസ്സിലാവുന്നത്.അതിന്റെ പൽചക്രത്തിനുള്ള കുഴപ്പം കാരണം, ചവിട്ടാൻ തുടങ്ങിയാൽ ഇറങ്ങുന്നതു വരെ ചവിട്ടിയേ പറ്റൂ.സാധാരണ സൈക്കിൾ പോലെ അത്യാവശ്യം വേഗമാവുമ്പൊ പിന്നെ ചവിട്ടാതെ കുറച്ച് ദൂരം പോകാവുന്ന ഫീച്ചർ ഈ ഹീറോക്ക് ഇല്ല്ലായിരുന്നു. ഓടിക്കൊണ്ടിരിക്കുന്നതിടയിൽ പെഡലുകൾ എങ്ങാനും നിർത്താൻ നോക്കിയാൽ സൈക്കിളിനു ഇഷ്ടപെടില്ല.ചവിട്ടുന്നതിനിടയിൽ അറിയാതെയെങ്ങാനും പെഡലുകൾ പിന്നോട്ട് തിരിക്കാൻ ശ്രമിച്ചാൽ, പോരുകാളയെപ്പോലെ ചവിട്ടുന്ന ആളെ അവൻ എടുത്തെറിയുമായിരുന്നു. റിവേഴ്സ് ഗിയർ ടെക്നോളജി ഉള്ള ആദ്യത്തെ സൈക്കിൾ എന്നാണു എളേഛന്റെ സൈക്കിൾ എന്റെ കൂട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നതു.ഒരു ബാക്ഗ്രൗണ്ട് മ്യൂസിക് ആയി" കീയ്.. കീയ്" എന്ന ശബ്ദം പെഡലിൽ നിന്നും വരുമായിരുന്നു.ഇതൊക്കെയാണെങ്കിലും അന്നു അമ്പലനടയിൽ ഉൺടായിരുന്ന പീക്കിരി പിള്ളെരുടെ ഇടയിൽ വലിയ സൈക്കിൾ ചവിട്ടുന്നവനെന്ന അഭിമാനം എനിക്കുണ്ടായിരുന്നു.

അടുത്ത ലക്ഷ്യം തണ്ടിനു മുകളിലൂടെ കാലിട്ട് സൈക്കിൾ ചവിട്ടണം, പെഡലിൽ കാലെത്തിയില്ലെങ്കിലും 2 സെക്കൻഡ് എങ്കിൽ 2 സെക്കൻഡ് ആ സ്പോഞ്ച് വച്ച സീറ്റിൽ ഒന്നിരിക്കണം.പലവട്ടം നോക്കി, പക്ഷെ കറക്കം നിലക്കാത്ത പെഡലുകൾ ഉള്ള സ്പെഷ്യൽ എഡിഷൻ സൈക്കിൾ ആയതുകൊണ്ട്, എന്റെ ലക്ഷ്യം മൂന്നാർ ദൗത്യം പൊലെ ദുഷ്കരമാണെന്ന് അറിയാമായിരുന്നു. എന്നെങ്കിലും എന്റെ നമ്പർ വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു.വേറെ വഴിയില്ലല്ലോ.

മിക്കവാറും ശനി ഞായർ ദിവസങ്ങളിലെ ഉച്ചസമയം ആണ്‌ പ്രാക്റ്റിക്കൽ ക്ലാസ് നടക്കുക.സൈക്കിളിൽ നിന്നു വീണാലും അധികം ആരും കാണില്ല എന്ന ലോജിക് ആണ്‌ ഇങ്ങനെ ഒരു സമയം തെരഞ്ഞെടുക്കാൻ ഉള്ള കാരണം. നാലാം ക്ലാസില്‍ പഠിക്കുംപോഴുള്ള ഓണക്കാലത്തോടടുത്ത ഒരു ശനിയാഴ്ച , ഉച്ച സമയം പതിവുപോലെ ഞാൻ വീട്ടിൽ നിന്നും സൈക്കിളും എടുത്ത് വീട്ടിൽ നിന്നിറങ്ങി. അമ്പലനടയിൽ ആരും ഇല്ല. പതുക്കെ എടംകാലിട്ടു( ഫ്രയിമിനിടയിലൂടെ കാൽ ഇട്ട് ചവിട്ടുന്നതിനു ഞങ്ങളുടെ നാട്ടിൽ ഇങ്ങനേം പറയും) ടാറിട്ട റോഡുവരെയും തിരിച്ച് അമ്പലനട വരെയും കുറച്ച് നേരം ഷട്ടിൽ അടിച്ചു.വവ്വാൽ തൂങ്ങിക്കിടക്കുന്ന പോലെ ഹാൻഡിലിൽ തൂങ്ങി അങ്ങനെ ചവിട്ടിക്കൊണ്ടിരിക്കുമ്പോളാണ്‌ വിവേകാനന്ദ സ്വാമികൾക്കു ബോധോദയം ഉണ്ടായപോലെ പെട്ടെന്ന് ആരൊ ഉള്ളിൽ ഇരുന്ന് വിളിച്ച് പറഞ്ഞു.

" തണ്ടിന്റെ മോളീക്കൂടെ കാലിട്ട് സൈക്കിൾ ചവിട്ടാനുള്ള സമയ് ഹോഗയ ബേട്ട.."

ഇഞ്ചക്ഷൻ എടുക്കുന്നതിനു മുൻപ് നഴ്സുമാർ കുട്ടികളോട് പറയുന്ന പോലെ " ഇതൊരു ചെറിയ കാര്യമല്ലെ, ഇതിനാണൊ ഇത്ര പേടിക്കുന്നെ" എന്നൊക്കെ സ്വയം മനസ്സിൽ പറഞ്ഞു ഞാൻ എന്റെ മനസ്സിന്‌ ധൈര്യം കൊടുത്തു.പ്ലാൻ ഇങ്ങനെ ആയിരുന്നു. ആദ്യം എടംകാലിട്ട് ചവിട്ടുക, എന്നിട്ട് വൈദ്യർ വെല്ലിഛന്റെ വീട് കഴിഞ്ഞ ശേഷം ഞാൻ തൂങ്ങിക്കിടക്കുന്ന ഭാഗത്തെ പെഡൽ കറങ്ങി മുകളിൽ വരുമ്പോൾ, അതിൽ ഊന്നി ഉയർന്ന് പെട്ടെന്ന് വലതുകാലെടുത്ത് സീറ്റും ഹാൻഡിലും ബന്ധിപ്പിച്ചിരിക്കുന്ന തണ്ടിനുമുകളിലൂടെ അപ്പുറത്തെ പെഡലിൽ ചവിട്ടുക. പെഡലിന്റെ കറക്കം നിർത്താൻ പറ്റാത്തതുകൊണ്ട് , പ്ലാനിൽ വരുന്ന ചെറിയ പിഴവിനും വലിയ വില കൊടുക്കേണ്ടി വരുമെന്ന് റിസ്ക് അനാലിസിസ് നടത്തിയിരുന്നു. വൈദ്യർ വെല്ലിഛന്റെ വീട് കഴിഞ്ഞാൽ കോടംകുളം വരെ വല്ല്യ കുഴപ്പമില്ലാത്ത റോഡാണ്‌. പ്ലാൻ എക്സിക്യൂട്ട് ചെയ്യാൻ അതാണ്‌ പറ്റിയ ലൊക്കേഷൻ.


അപ്പോ ഓൾ സെറ്റ് ഫോർ ദ പ്ലാൻ. ഇനി മുന്നോട്ട് തന്നെ, തിരിഞ്ഞു നോട്ടം ഇല്ല. അമ്പലനടയിൽ നിന്നും ബഹിരാകാശ ദൗത്യത്തിനു പോകുന്ന പേടകത്തെപോലെ എന്നെയും പേറി ഹീറോ സൈക്കിൾ യാത്രയാരംഭിച്ചു.വൈദ്യർ വെല്ലിഛന്റെ വീട് കഴിഞ്ഞപ്പോൾ പ്ലാനിന്റെ രണ്ടാം ഘട്ടം സ്മൂത്തായി നിർവഹിച്ചു. കാലെടുത്ത് അപ്പുറത്തിടുന്നതിനിടയിൽ ഹാൻഡിൽ ചെറുതായി വെട്ടിയതും അതിനോടനുബന്ധിച്ച് എന്റെ ഉള്ളിൽ നിന്നും വന്ന വെള്ളിടി മുത്തപ്പന്റെ ഭണ്ഡാരത്തിലേക്കു ഒരു രൂപ ഓഫർ ചെയ്യാൻ എന്നെ നിർബന്ധിച്ചതുമൊഴിച്ചാൽ എല്ലാം ആസ് പെർ പ്ലാൻ.

മനസ്സ് ത്രില്ലടിച്ചു പോയി. പോരുകാളയെ മെരുക്കിയ സന്തോഷം. കാലെത്താത്തതുകൊണ്ട് പെഡൽ താഴെപ്പോവുമ്പോൾ ശരീരം മൊത്തം താഴ്ന്നിരിക്കുന്ന പെഡലിന്റെ സൈഡിലേക്ക് താഴ്ത്തണമെന്നതുകൊണ്ട് ,ഫാഷൻ ഷോയിലെ പെണ്ണുങ്ങൾ നടക്കുന്ന "ക്യാറ്റ് വാക്ക്" സ്റ്റൈലിൽ ആയിരുന്നു സൈക്കിൾ ചവിട്ടിയിരുന്നതു.

സാധാരണ സൈക്കിൾ യജ്ഞം അവസാനിപ്പിക്കാറുള്ള 3 മണിയായിട്ടും നിർത്താനുള്ള മനസ്സു വന്നില്ല. ഉള്ളിൽ ആത്മവിശ്വാസം കിടന്ന് തിളച്ചുമറിയുകയായിരുന്നു. ഇനി ഇപ്പൊ പ്രാക്റ്റിക്കൽ ടൈം മാറ്റാം . നാലു പേരു കാണട്ടെ. ആ സന്ദർഭത്തിൽ സ്പോഞ്ചു സീറ്റിൽ ഇരിക്കുക എന്നത് വളരെ സിമ്പിൾ ലക്ഷ്യമായിപ്പോയി എന്നെനിക്ക് തോന്നി. എന്തായാലും ഇന്നു തന്നെ അതും കൂടി സാക്ഷാൽക്കരിക്കുക തന്നെ. ത്രിശൂർ പൂരത്തിനു പോയിട്ട് കുടമാറ്റം കാണാതിരിക്കുന്നതു മോശം അല്ലെ?

സീറ്റിൽ കയറി ഇരിക്കാൻ പ്രത്യേകിച്ച് റിസ്ക് ഒന്നും ഇല്ല താനും.കുറച്ച് സ്പീഡിൽ ചവിട്ടി വലതുഭാഗത്തെ പെഡൽ മുകളിൽ എത്തുമ്പോൾ അതിൽ കാലൂന്നി സീറ്റിൽ കയറി ഇരിക്കുക. സ്പീഡ് കുറയുമ്പോൾ കറങ്ങി മുകളിൽ എത്തുന്ന പെഡലിൽ ചവിട്ടി സീറ്റിൽ നിന്നിറങ്ങി ചവിട്ടൽ തുടരുക. ആസ് സിമ്പിൾ ആസ് ദാറ്റ്.. സൈക്കിളിന്റെ സ്പെഷ്യൽ ഫീച്ചർ ഒരു തടസ്സമേ അല്ല.

പിന്നെന്തു നോക്കാൻ.പഴയ ലൊക്കേഷൻ തന്നെ തിരഞ്ഞെടുത്തു. അമ്പലനടയിൽ നിന്നും ആഞ്ഞ് ചവിട്ടി, ലൊക്കേഷനിൽ എത്തിയതേ ഓർമ്മയുള്ളു. "ക്ടിൻ..." ചെയിൻ തെറ്റി. ഭൂമിയുടെ ഗുരുത്വാകർഷണബലം എന്റെ നാട്ടിലും നിലവിലുള്ളതുകൊണ്ട് പെഡലുകളിൽ ബാലൻസ് ചെയ്ത് നിന്നിരുന്ന എന്റെ ശരീരത്തെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്കു സർവ്വശക്തിയുമെടുത്ത് ആഞ്ഞൊരു വലി. പക്ഷെ കാലുകൾക്കിടയിൽ പെട്ട സൈക്കിളിന്റെ തണ്ട് എന്നെ ഭൂമീദേവിക്ക് വിട്ടുകൊടുത്തില്ല.കന്യാകുമാരിയിൽ നിന്നുള്ള വേദനയുടെ സിഗ്നൽസ് തലച്ചോറിലെത്തുന്നതിനു മുൻപെ എമർജെൻസി സിറ്റുവേഷൻ മുൻകൂട്ടിക്കണ്ട തലച്ചോർ അലറിക്കരയാനുള്ള മറു സിഗ്നൽ കൊടുത്തു.""അയ്യോ..." എന്നു ഇതുവരെ വിളിക്കാത്ത ഉച്ചത്തിൽ അലറാൻ തോന്നിയെങ്കിലും, ആളെക്കൂട്ടി ഇമേജ് കളയണ്ട എന്നു കരുതി ഉള്ളിൽ നിന്നു വന്ന അലറലിനെ വിഴുങ്ങി.എല്ലാ ബാലൻസും തെറ്റിയ ഞാൻ അയയിൽ തുണി കിടക്കുന്നതുപോലെ സൈക്കിളിൽ തൂങ്ങിക്കിടന്നു. കാൽനിലത്തു കുത്താനുള്ള ശ്രമവും പാഴായപ്പോൾ, അനിവാര്യമായ വീഴ്ചയെ ഞാൻ മനസ്സാൽ വരിച്ചു. സൈക്കിൾ എന്നെയും കൊണ്ട് മണ്ണ് റോഡിന്റെ സൈഡിലേക്കു മറിഞ്ഞു.വേദന കൊണ്ട് പുളയുമ്പോളും മുത്തപ്പനു 5 രൂപ ഓഫർ ചെയ്തത്, ആരും കാണാതെ കാത്തോളണെ എന്നു പ്രാർഥിച്ചുകൊണ്ടായിരുന്നു.വിവാഹപ്പിറ്റേന്ന് രാവിലെ മണിയറയിൽ പുതുമണവാട്ടി തന്റെമേൽ വീണുകിടക്കുന്ന കാന്തന്റെ കൈ നീക്കി എണീറ്റ് പോകുമ്പോലെ, ഞാൻ സൈക്കിളിന്റെ ഹാൻഡിൽ എന്റെ നെഞ്ചത്തുനിന്നും നീക്കി , എണീറ്റ് ട്രൗസറിലും കുപ്പായത്തിലും ശരീരത്തിലും പറ്റിയ മണ്ണ് തട്ടിക്കളഞ്ഞ്‌ അടുത്തുള്ള തെങ്ങിൻ കടയിൽ ചാരി ഇരുന്നു.പത്ത് മിനിറ്റോളം അങ്ങനെ ഇരുന്നപ്പോൾ,കണ്ണിൽ നിന്നു പറന്ന പൊന്നീച്ചകളും തലയിൽ നിന്ന് പറന്ന കിളികളും പറന്ന് ബോറഡിച്ചതുകൊണ്ട് തിരിച്ച് അതാതു സ്ഥാനങ്ങളിൽ വന്നിരുന്നു.

"എന്ത് പറ്റീടാ? വീണൊ? വെല്ലോം പറ്റ്യാ" മൂന്നരയുടെ മാത ബസ്സിന്‌ വന്നിറങ്ങി വീട്ടിലേക്ക് നടക്കുന്ന ജോബി ചേട്ടൻ.

വഴിവക്കിൽ സൈക്കിൾ വിൽക്കാനിരിക്കുന്ന പോലെ ഇരിക്കുന്ന എന്നെക്കണ്ടാൽ "വീണോ" എന്ന ഒരു ചോദ്യത്തിന്റെ ആവശ്യം ഇല്ല.

"ചവിട്ട്യോണ്ടിരുന്നപ്പോൾ ചെയിൻ തെറ്റി, പെട്ടെന്ന് കാലുകുത്ത്യപ്പോ ചെറുതായൊന്ന് ഉളുക്കി" സാഹചര്യത്തെ സാധൂകരിക്കുന്ന ഒരു ഡൈലോഗ് എന്റെ വായിൽ നിന്നു വന്നു.

ജോബിചേട്ടൻ അടുത്തുവന്നിരുന്ന് കാലിൽ പിടിച്ചു തിരിക്കാനും വലിക്കാനും തുടങ്ങിയപ്പോൾ ശരിക്കും എവിടാണു വേദന എന്നു പറയാതിരുന്നതു നന്നായെന്നു തോന്നി.

"ഇപ്പോ എങ്ങനിട്രാ?" തന്റെ ഫിസിയൊതെറാപ്പിയുടെ റിസൾട്ട് അറിയാൻ വേണ്ടി ചോദിച്ചു.

"വേദന്യൊക്കെ കൊറവുണ്ട്, ഇപ്പോ കൊഴപ്പല്ല്യ.." ഞാൻ പതുക്കെ എണീറ്റു.

ജോബിച്ചേട്ടൻ സൈക്കിൾ എടുത്തു സ്റ്റാൻഡിൽ വച്ചു, മരക്കമ്പ് കൊണ്ട് ചങ്ങല വലിച്ചു പൽച്ചക്രത്തിൽ ഇടുന്നതിനിടയിൽ പറഞ്ഞു.

"ഇയിന്റെ ചെയിൻ ഭയങ്കര ലൂസ് ആൺട്ടാ, ആ സഗീറിന്റെ കടേൽ കൊണ്ടോയാ ഇപ്പ ശരിയാക്കിത്തെരും "

"ഉം..." ഞാൻ മൂളി.

"ചവിട്ടാൻ പറ്റിൺലെങ്ങെ, ഞാൻ വീട്ടിക്കൊണ്ട് വിടാം."

"യെയ്, കൊഴപ്പൊന്നൂല്ല്യ" ഞാൻ മറുപടി പറഞ്ഞു.

"സൂഷിച്ചൊക്കെ ചവിട്ട് ട്ടാ" അതും പറഞ്ഞ് പുള്ളി നടന്നകന്നു.


"ഇന്നത്തെക്കൊള്ളതായി.ഇനി നിർത്താം." മനസ്സിൽ പറഞ്ഞുകൊണ്ട് സൈക്കിൾ സ്റ്റാൻഡിൽ നിന്നിറക്കി വളച്ചു വീട് ലക്ഷ്യമാക്കി തള്ളി. നേരം 4 മണിയോടടുക്കുന്നു. അമ്പലനടയിൽ പിള്ളെർസും ചേട്ടന്മാരും കളിക്കാനായി വന്നു തുടങ്ങി.അവരുടെ മുന്നിലൂടെ സൈക്കിൾ ഉന്തിയാൽ ലവൻ എവിടെയൊ ഭൂമീചുംബനം നടത്തിയിരിക്കുന്നു എന്നു അവർ ശങ്കിക്കില്ലെ?. എടം കാലിട്ട് ചവിട്ടി അമ്പലനടയെ ലക്ഷ്യമാക്കി നീങ്ങി.

ഉമ്മറത്തു ഇരുന്ന് ചായകുടിയും കടലകൊറിയും എന്ന സ്ഥിരം പരിപാടി പ്രാക്റ്റീസ് ചെയ്യുന്നതിനിടെ റോഡിലൂടെ പോവുന്നവരുടെ സെൻസസ് എടുത്ത് കൊണ്ടിരുന്ന മൈന ചേച്ചി അത്ര നേരം തണ്ടിൻ മുകളിൽ കൂടി സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന ഞാൻ വീണ്ടും ഡൗൺഗ്രേഡ് ചെയ്ത് എടം കാലിട്ട് ചവിട്ടുന്നതു കണ്ടപ്പോൾ , "അ.. ഇപ്പൊ വീണ്ടും പഴേപോലെയാണോ ചവിട്ടണേ? മോളീക്കേറാൻ പഠിച്ചതല്ലെ? കൂട്ടുകാരൊക്കെ കാണട്ടെ ചവിട്ടുന്നത്" എന്നൊരു ക്രൂഷ്യൽ കമന്റടിച്ചു.

ഇതു കേട്ടതു ഞാൻ മാത്രമായിരുന്നെങ്കിൽ കേട്ടില്ല എന്ന ഭാവത്തിൽ ഞാൻ പോയേനെ. പക്ഷെ ആ ശനിയാഴ്ച എനിക്കൊരു കണ്ടകശ്ശനി ആയതുകൊണ്ടും, ഞാൻ രാവിലെ കണികണ്ടതു വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ ആക്രമണങ്ങൾ നടന്ന ദിവസം ബുഷ് കണി കണ്ട അതേ ആളെ തന്നെ ആയതുകൊണ്ടും മൈന ചേച്ചീടെ വായിലെ കടലകളെ ഡ്രിബിളിങ്ങ് നടത്തി പുറത്തുവന്ന വാക്കുകൾ എന്റെ കസിനായ രാമുട്ടിയുടെ കർണ്ണപടത്തിൽ ചെന്നിടിച്ച് നിന്നു. അവൻ എപ്പോ എന്തു ചെയ്യുമെന്നു അവനു തന്നെ ഒരു പിടിയുമില്ലാത്ത ടൈപ്പാണു. വീട്ടിൽ വന്ന കസിൻസിനേയും കൊണ്ട് അമ്പലനടയിലേക്ക് കളിക്കാൻ ഇറങ്ങിയതായിരുന്നു അവൻ. ആണും പെണ്ണുമടക്കം ഒരു പട തന്നെയുണ്ട് അവന്റെ കൂടെ.

എന്തായാലും എന്റെ വീഴ്ച ലവന്റെ ദൃഷ്ടിയിൽ പെടാതിരുന്നതിനാൽ ഞാൻ സമാധാനിച്ചു.

"മോളീക്കേറി ചവിട്ടടാ.." അവൻ വിളിച്ച് പറഞ്ഞു.

"ഉം..ഇപ്പക്കേറും നോക്കി നിന്നൊ" ഞാൻ മനസ്സിൽ പറഞ്ഞു.ഞാൻ ഒരു ഇന്ത്യ പാക് യുദ്ധം കഴിഞ്ഞുള്ള വരവാണെന്നു അവൻ എങ്ങനെ അറിയാൻ.

"ഒന്നു കേറ്, ഞങ്ങളൊന്നു കാണട്ടെ" ആ പടയിൽ നിന്നൊരു പെൺ ശബ്ദം.

ആരാണെന്ന് നോക്കാനൊന്നും സമയം കിട്ടിയില്ല അതിനുമുമ്പെ എല്ലാവരും കൂടി ആർത്തു വിളിച്ചു കൊണ്ട് എന്റെ സൈക്കിളിനു പിന്നാലെ ഓടി..

"അപ്.. അപ്.. അപ്..കേറെടാ..ആ.. അതു തന്നെ..കമോൺ.."

എന്റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സ്പോർട്സ്മാൻ ഉറക്കത്തിൽ ആരാണു ശല്ല്യപ്പെടുത്തുന്നതെന്നു അറിയാൻ വേണ്ടി കണ്ണ് തുറന്നു. ഇത്രയും കയ്യടിയും പ്രോത്സാഹനവും ഇതിനു മുമ്പ് അവൻ കാണുന്നത് ഒന്നാം ക്ലാസ്സിൽ ഫസ്റ്റ് കിട്ടിയപ്പോൾ സ്കൂൾ അസ്സെംബ്ലിയിൽ വച്ച് സമ്മാനമായ 51 രൂപയും വെള്ളം കുടിക്കാനുള്ള സ്റ്റീൽഗ്ളാസ്സും വാങ്ങാനായി ഹെഡ്മിസ്ട്രസിന്റെ അടുത്തേക്കു നടക്കുമ്പോളായിരുന്നു.സടകുടഞ്ഞെഴുന്നേറ്റ സ്പോർട്സ്മാനെ ഉറക്കാൻ ഞാൻ വിഫലശ്രമം നടത്തി.ആത്മാഭിമാനവും ഭയവും ത്രാസിൽ വച്ചപ്പോൾ ഭയം കുറച്ച് പൊങ്ങിയിരുന്നു.
എന്റെ സൈക്കിളിനു പുറകിലെ കോലാഹലം അമ്പലനടയിൽ ഉണ്ടായിരുന്ന കൂട്ടുകാരും ബാക്കി ചില്ലറ പിള്ളേരും ഏറ്റു പിടിച്ചു.ഞാൻ അണ്ടർ പ്രഷർ. വീഴ്ചയിൽ ഫ്രീസ് ആയിപ്പോയ ആത്മവിശ്വാസം മെൽറ്റ് ആവാൻ തുടങ്ങിയിരിക്കുന്നു.പ്രോത്സാഹനങ്ങളുടെ ഉശ്ശിരു കൂടി വരുന്നു. കാലുകളിൽ രക്തയോട്ടം സ്പീഡിലായി."മോളീൽ കേറണൊ.." എന്നു ശങ്കിച്ച എന്റെ മനസ്സിന്റെ പാതിയോട് മറുപാതി "മോളീൽ കേറി കാണീച്ചു കൊടുക്കെട " എന്നലറി. ഇത്രയും ഓഡിയൻസ് സപ്പോർട്ട് കിട്ടിയിട്ടും കേറാതിരുന്നാൽ ഇപ്പോൾ സപ്പോർട്ട് ചെയ്യുന്നവരുടെ മനസ്സിലുള്ള എന്റെ താരപരിവേഷം തകരില്ലെ? അവർ കൂക്കി വിളിക്കില്ലേ?.

പഴയ പ്ലാൻ വീണ്ടും നടപ്പാക്കുക തന്നെ.അവധിക്ക് വന്ന പട്ടാളക്കാരനെ ഉടൻ തന്നെ അതിർത്തിയിലേക്കു വിളിച്ച അവസ്ഥ.വരുന്നതുവരട്ടെ. ഇനിയെന്നെങ്കിലും ഞാൻ തണ്ടിനു മോളിൽക്കൂടെ കാലിട്ട് സൈക്കിൾ ചവിട്ടിയാലും , സീറ്റിൽ കയറി ഇരുന്നാലും ഇത്രെം ഗ്രൌണ്ട് സപ്പോർട്ട് കിട്ടില്ല. കയറി കാണിച്ച് കൊടുക്കുക തന്നെ.

"അപ്.. അപ്.. കമോൺ.. കമോൺ" അമ്പലനട മൊത്തം ആർത്തു വിളിക്കുന്നു.

ഇടതുഭാഗത്തെ പെഡൽ കറങ്ങി മോളിൽ വന്നതും വലതുകാലെടുത്ത് തണ്ടിനുമുകളിലൂടെ അതിവേഗത്തിൽ വലതു പെഡലിൽ.

"യേ................................"
അവസാനപന്തിൽ സിക്സർ അടിച്ച് ടീമിനെ ജയിപ്പിച്ച യുവരാജ് സിങ്ങിനെ പോലെ ഞാൻ അലറി. കൂടെ അമ്പലനടയും.

ആ ആവേശത്തിനിടയിൽ എപ്പോളോ, ഉയർന്ന് വന്ന് പെഡലിൽ ചവിട്ടി ഞാൻ സീറ്റിൽ കയറിയിരുന്നു.അണ്ണാൻ ആനപ്പുറത്തിരിക്കുന്നപോലെ ഞാൻ അമ്പലനടയിലെ ചീള്‌ പിള്ളേരുടെ മുമ്പിൽ സൈക്കിളിന്റെ സീറ്റിൽ പ്രൗഢഗംഭീരനായി ഇരുന്നു.

അധികം മുന്നോട്ട് പോയില്ല. വീണ്ടും ആ വൃത്തികെട്ട ശബ്ദം " ക്ടിൻ ".. ചെയിൻ വീണ്ടും തെറ്റി.
തെങ്ങ്കയറ്റമത്സരത്തിനു തെങ്ങിന്റെ മണ്ടേൽ കയറിയിട്ട് ഇറങ്ങാൻ പറ്റാത്തവനെ പോലെയായി എന്റെ അവസ്ഥ.ബഹളത്തിനിടയിൽ ചെയിൻ തെറ്റിയതു ഞാൻ മാത്രമെ അറിഞ്ഞുള്ളു. ബാക്കിയുള്ളവർ ആർപ്പ് വിളിച്ചു കൊണ്ട് എന്നെ ഓവർടേക്‌ ചെയ്ത് കളി നടക്കുന്ന ഭാഗത്തോട്ട് ഓടി. അവർക്കിതൊന്നും അറിയണ്ട കാര്യം ഇല്ലല്ലൊ.സീറ്റിൽ നിന്നിറങ്ങാനായി ഞാൻ പെഡലുകളെ നോക്കി .ഫ്രീ ആയി കറങ്ങുന്ന പെഡലുകളെ വിശ്വസിക്കരുതെന്നു കന്യാകുമാരിയിൽ നിന്നും ആരൊ വിളിച്ചു പറയുന്നത് കേട്ടു.അനുഭവം ഗുരു.അതുകൊണ്ട് അതിൽ ചവിട്ടി ഇറങ്ങാനുള്ള റിസ്ക് എടുക്കണ്ട.ഇപ്പോൾ ഒരു വീഴ്ച വീണാൽ, സ്റ്റേജിൽ നിന്നു കയ്യുയർത്തി ആരാധക വൃന്ദങ്ങളെ അഭിസംബോധന ചെയ്യുന്ന സൂപ്പർസ്റ്റാറിന്റെ മുണ്ട് അഴിഞ്ഞു പോവുന്ന പോലെയായിരിക്കും എന്നുള്ളതുകൊണ്ട് അതൊഴിവാക്കിയെ പറ്റൂ.


മദം പൊട്ടിയ ആനയുടെ പുറത്തിരിക്കുന്ന പാപ്പാൻ ജീവൻ രക്ഷിക്കാനായി ഉയരമുള്ള മതിൽ, ചാഞ്ഞ് നിൽക്കുന്ന കൊമ്പ് എന്നീ സേഫ്റ്റി ഐറ്റംസ് നോക്കുന്നതു പോലെ അടുത്തെവിടെയെങ്കിലും എന്തെങ്കിലും ഹോപ് ഉണ്ടോ സ്കാൻ ചെയ്തു നോക്കി. അമ്പലനടയിലെ സ്റ്റേജ്, രാമുട്ടിയുടെ വേലിപ്പടിയോട് ചേർന്നു നിൽക്കുന്ന ഒരു കുഞ്ഞി തെങ്ങ് ഇതു രണ്ടും മാത്രമേ സ്കാനിങ്ങിൽ പെട്ടുള്ളു. മരം വച്ച് പിടിപ്പിക്കണമെന്ന് പറയുന്നതിന്റെ ഇമ്പോർട്ടൻസ് അന്ന് മനസ്സിലായി. സ്റ്റേജ് വരെ പോവാനുള്ള ഇന്ധനം ഈ വണ്ടിയിലുണ്ടാവില്ല.തെങ്ങ് വരെ പോവാനുള്ള ആമ്പിയർ കാണുമെന്നു സൈക്കിളിന്റെ കറന്റ് വേലോസിറ്റിയിൽ നിന്നും ഒരു വൈൽഡ് ഗസ് ചെയ്തു.

"മുത്തപ്പാ, കാശിനു നല്ല ബുദ്ധിമുട്ടാണല്ലേ" പ്ലാൻ പൊട്ടാതിരിക്കാനായി, ഇതു വരെ മുത്തപ്പനു ഓഫർ ചെയ്ത 6 രൂപ 10 രൂപയാക്കി ഇങ്ക്രിമെന്റ് കൊടുക്കുമ്പോൾ മനസ്സിൽ പറഞ്ഞു.

സന്ധ്യക്ക് കൂട്ടിൽ കേറ്റുമ്പൊ കോഴികൾ നടക്കുന്ന ഒരു" വേണം .. വേണ്ട " സ്പീഡിൽ സൈക്കിൾ മുമ്പോട്ട് നീങ്ങി. ഇപ്പോ അധികം പേരും എന്നെ ശ്രദ്ധിക്കുന്നില്ല. പക്ഷെ ഞാൻ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ എല്ലാവരും വീണ്ടും ശ്രദ്ധിക്കും.

ഡെസ്റ്റിനേഷൻ പോയന്റ് ആയ തെങ്ങ് അടുത്തടുത്ത് വരുന്നു.

"യെസ് ദിസ് ഈസ് ദ ടൈം, ഡൂ ഇറ്റ്." മനസ്സ് അലറി.

ഓട്ടം നിൽക്കാറായ സൈക്കിളിൽ ഇരുന്നുകൊണ്ട് , രണ്ട് കൈയ്യും നീട്ടി, കാമുകൻ കാമുകിയെ കെട്ടിപ്പിടിക്കുന്ന പോലെ തെങ്ങിനെ വാരി പുണർന്നു.


പക്ഷെ തെങ്ങ് അതിന്റെ തനി കൊണം കാണിച്ചു. പ്രാണനാഥന്റെ കൈയ്യിൽ നിന്നു വഴുതിമാറുന്ന സ്ഥിരം പരിപാടി.

എന്തിനു പറയണം - എന്റെ ടാർജറ്റ് മിസ് ആയി.

അനിൽകുംബ്ലെ ഡൈവിങ്ങ് കാച്ച് എടുക്കാൻ പോകുന്നതു പോലെ രണ്ട് കൈയ്യും നീട്ടിപിടിച്ച് നേരെ രാമുട്ടിയുടെ വേലിയോട് ചേർന്നുള്ള തോട്ടിലേക്ക്.

"ദേ..പോണടാ.... മൊതല്‌" രാമുട്ടി അലറുന്നത് കേട്ടു.

" മുത്തുഗവു" എന്ന വാക്കിന്റെ അർത്ഥം പുടികിട്ടിയ ലാലേട്ടൻ, "ദിപ്പൊ ശരിയാക്കിത്തരാടീ" എന്നും പറഞ്ഞോണ്ട് പാഞ്ഞ് വന്ന ആക്രാന്തത്തിൽ കാർത്തുമ്പിയേയും കൊണ്ട് പോഴേൽ വീണില്ലെ!.. ഏതാണ്ട് അതുപോലെ സൈക്കിൾ എന്നെയുംകൊണ്ട് തോട്ടിലേക്ക് വീണു.അവിടെ അങ്ങനെ ഒരു തോടിന്റെ ആവശ്യമില്ലായിരുന്നെന്ന് എനിക്ക് തോന്നി. ഇപ്പോളും തോന്നുന്നു.

അരക്കൊപ്പം വെള്ളമേ തോട്ടിൽ ഉണ്ടായിരുന്നുള്ളൂ.ഭാഗ്യം.

ഡിസ്കവറി ചാനലിൽ കാമറ വെള്ളത്തിനടിയിൽ നിന്നു പൊങ്ങി വരുന്നതുപോലെ എന്റെ സൈറ്റ് ഓഫ് വിഷൻ ജലോപരിതലത്തിലേക്ക് വന്നു. തോട്ടിൽ പൊങ്ങിക്കിടന്ന ഒരു മാക്രി" നിന്നെക്കൊണ്ടാവുന്ന പണിക്കു പോയാപോരെ" എന്ന പുജ്ഞ ഭാവത്തിൽ എന്നെ നോക്കിയിരിപ്പുണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്തില്ല.

സൈക്കിൾ മുഴുവനായും തോട്ടിൽ വീണിട്ടുണ്ടായിരുന്നില്ല.ട്രഞ്ചിൽ നിന്നും എത്തി നോക്കുന്ന പട്ടാളക്കാരനെ പോലെ ഞാൻ തോട്ടിൽ നിന്നെഴുന്നേറ്റ് അമ്പലനടയിലേക്കു നോക്കിയപ്പോള്‍ രാമുട്ടി ചിരിച്ചിട്ട് ശ്വാസംകിട്ടാതെ ബുദ്ധിമുട്ടുന്നതുകണ്ടു.സാമദ്രോഹി!! അമ്പലനടയിൽ ഉണ്ടായിരുന്ന ചേട്ടന്മാർ ഓടിവരുന്നതു കണ്ടു.തിലകൻ ചേട്ടൻ എന്നെ തൂക്കിയെടുത്ത് കൊണ്ട് ചോദിച്ചു.
" വല്ലോം പറ്റ്യാ.."

ഇത്രേം സംഭവിച്ചിട്ടും കമാ എന്നൊരക്ഷരം മിണ്ടാതിരുന്ന ഞാൻ "യെയ് .ഒന്നും പറ്റീല്ല" എന്നു മാത്രം മറുപടി പറഞ്ഞു.

തിലകൻ ചേട്ടൻ എന്നെ കൊണ്ടുപോയ് സ്റ്റേജിൽ പ്രതിഷ്ഠിച്ചു. ഞാൻ വിളിച്ചു കൂട്ടിയ പ്രസ് മീറ്റ് പോലെ അമ്പലനടയിലെ എല്ലാവരും എന്റെ മുമ്പിൽ ആകാംഷാഭരിതരായി നിൽക്കുന്നതു കണ്ടു.

"കൊഴപ്പോന്നൂല്ല്യല്ലൊ?" തിലകൻ ചേട്ടൻ ഒന്നു കൂടി ഉറപ്പുവരുത്താന്‍ ചോദിച്ചു.

"യെയ്" ഞാൻ പറഞ്ഞു.

"മോനിന്നു നല്ല ദെവ്സം അല്ലല്ലൊ, വൈദ്യർടെ പടിക്കലും വീഴ്ണ് കണ്ടല്ലൊ" ഓലമടലും തലയിൽ വച്ച് കൊണ്ട് വീട്ടിലേക്ക് നടക്കുന്ന അയ്യ ചേച്ചിക്ക് ഇതു പറയണ്ട വല്ല കാര്യവും ഉണ്ടോ?

രാമുട്ടിക്കു വിശ്വാസമായില്ല" അവിടേം വീണൊ?"

അയ്യ ചേച്ചി എല്ലാവരുടെം സംശയം ക്ലിയർ ചെയ്തു. " ആന്ന്. ഞാൻ വൈദ്യർടെ പറമ്പീ നിക്കുമ്പൊ,അവ്ടെം വീഴ്ണ കണ്ട്"

"യെയ് അവിടെ ഞാൻ വീണതല്ല സൈക്കിൾ നിർത്തീതാ"

അവർ കാര്യങ്ങൾ കൺഫേം ചെയ്യുന്നതിനു മുമ്പ് ഞാൻ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചു.

"ഇങ്ങനീം സൈക്കിൾ നിർത്താമ്പറ്റോ" ചിരിച്ച് കൊണ്ട് അയ്യ ചേച്ചി.

ആ ചിരി അമ്പലനട മൊത്തം പടർന്നു. എനിക്ക് അടുത്ത നുണപറയാനുള്ള സാവകാശം അവർ തന്നില്ല.

എനിക്കും ചിരി വന്നു. അതുപോലെ ഒരു ചിരി ഞാൻ പിന്നെ ജീവിത്തിൽ ചിരിച്ചിട്ടില്ല.

വാൽ : ഇനി മുത്തപ്പനുമായുള്ള ഡീൽ - ഞാൻ അന്നു സമർപ്പിച്ച നിവേദനങ്ങൾ പുള്ളി തള്ളിക്കളഞ്ഞെങ്കിലും, വീഴ്ചകളിൽ ഒരു പോറൽ പോലും ഏല്പ്പിക്കാതെ കാത്തു. പിന്നെയും ഇതുപോലെ ആൾക്കാരുടെ മുന്നിൽ വടിയാവുന്ന കൊറേ സംഭവങ്ങളിൽ പിടിച്ചിട്ടു.അതൊക്കെ മുത്തപ്പന്റെ ഒരു തമാശ. അതോണ്ടാവാം ഇങ്ങനെ നിങ്ങൾടെ മുന്നിൽ ചളിപ്പു പറയാനുള്ള ധൈര്യം കിട്ടിയത്. എന്നും പുള്ളി എന്റെ കൂടെ ഉണ്ടേ.

Wednesday, December 2, 2009

ഒരു കൊടൈക്കനാല്‍ യാത്രയുടെ ഓര്‍മയ്ക്ക്..

മുഖവുര : ഇതൊരു യാത്ര വിവരണം ആണ് . ഈ യാത്രയെക്കുറിച്ച് അറിയാവുന്നവര്‍ക്കോ , ഇതില്‍ പങ്കെടുത്തവര്‍ക്കോ മാത്രമെ ഒരു പക്ഷെ ഇതു ആസ്വദിക്കാന്‍ കഴിഞ്ഞെന്നു വരുകയുള്ളൂ.ക്ഷമിക്കുക


ഇന്നുവരെ പോയിട്ടുള്ള യാത്രകള്‍ എടുത്തു നോക്കിയാല്‍ മനസ്സില്‍ ഇന്നും മായാതെ നില്ക്കുന്ന യാത്രകളില്‍ ഒന്നായതുകൊണ്ടാണ് ഈ യാത്രയുടെ ഹൈലൈറ്റ്സ് ഒരു ബ്ലോഗിന് വിഷയമായത് .ഈ യാത്രയുടെ അടി തൊട്ടു മുടി വരെ സംഭവ ബഹുലമായിരുന്നു.2006 ല്‍ ആണ് ബ്ലോഗിന് ആസ്പദമായ സംഭവം നടക്കുന്നത് . ചെന്നൈയിലെ ചൂടില്‍ നിന്നും ജോലിയുടെ ആലസ്യത്തില്‍ നിന്നും അല്‍പനേരം എങ്കിലും ഒന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള ചില സുഖഭോഗികളുടെ ആക്രാന്തവും അന്വേഷണവും ആണ് ഒരു യാത്ര പോകാം എന്ന തീരുമാനത്തില്‍ ഞങ്ങളെ(നേരത്തെ പറഞ്ഞ സുഖഭോഗികളെ ) കൊണ്ടെത്തിക്കുന്നത് .നാലോ അഞ്ചോ പേര്‍ ചേര്‍ന്നെടുത്ത ഒരു തീരുമാനം .

തീരുമാനം ആയതോടെ പിന്നെ ആവേശം കേറി . വരാന്‍ സാധ്യത ഉള്ളവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി, സാധാരണ എല്ലാ സോഫ്റ്റ്‌വെയര്‍ എന്ജിനിയെര്സും ചെയ്യുന്ന സ്ഥിരം പരിപാടി ചെയ്തു . ഒരു ഗ്രൂപ്പ്‌ മെയില്‍ . താല്പര്യം ഉള്ളവന്‍ വരട്ടെ എന്ന മട്ടില്‍ .ചിലര്‍ "സില്ലി ഗയ്സ്, ട്രിപ്പ്‌ പോകുന്നു പോലും , മനുഷ്യന് ഇവിടെ നിന്ന് തിരിയാന്‍ സമയമില്ല " എന്ന പുജ്ഞ ഭാവത്തോടെയും മറ്റു ചിലര്‍ " യാത്രികരില്‍ എല്ലാവരെയും ഞാന്‍ അറിയില്ലല്ലോ" എന്ന സംശയത്തോടെയും ക്ഷണം നിരസിച്ചു. ഇവരെ പൊതുവായി നമുക്ക് "ബാബു" എന്ന് വിളിക്കാം . ഇവരില്‍ ചിലരെ നമുക്ക് ഈ യാത്രാവിവരണത്തിന്റെ വരും ഭാഗങ്ങളില്‍ കണ്ടുമുട്ടേണ്ടി വരും . വര്‍ഷങ്ങളായി മെയിലുകള്‍ ഒന്നും വരാതെ മെയില്ബോക്സിനെ നോക്കി ചെമ്മീനിലെ പരീകുട്ടി ഇരിക്കുന്ന പോലെ ഇരുന്നവന് പിന്നെ ഗ്രൂപ്പ്‌ മെയിലുകളുടെ ചാകര ആയിരുന്നു . അവസാനം 11 പേരുടെ ഒരു സംഘം രൂപം കൊണ്ടു. ഇതിനു ശേഷം ആണ് പോകേണ്ട സ്ഥലം നിശ്ചയിക്കുന്നത് . വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപി മാര്‍ അവരുടെ സംസ്ഥാനത്തിന് വേണ്ടി (????) കേന്ദ്രത്തില്‍ കടിപിടി കൂടുന്നതിനെക്കാള്‍ കഷ്ടം ആയിരുന്നു അത് . അവസാനം ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ചു കൊടൈകനാല്‍ തന്നെയെന്നു ഉറപ്പിച്ചു.

ഇതുവരെയുള്ള കാര്യങ്ങള്‍ അധികം ബുദ്ധിമുട്ടില്ലാതെ നടന്നു.ഇനി മുന്‍പോട്ടു പോകുന്നതിനു മുന്‍പ് ഇതിലെ നായകന്മാരെ പരിചയപെടുത്താം.

ലിന്റ്റോ : ഭയങ്കര ബുദ്ധിയാണ് . ഒരു ലുക്ക്‌ ഇല്ലെന്നെ ഉള്ളു. ഞങ്ങള്‍ മാന്യന്‍ എന്ന് വിളിക്കും.കീബോര്ടിസ്റ്റ് ആണ് .നൂറോ ഇരുനൂറോ ഗാനങ്ങള്‍ കീബോര്‍ഡില്‍ വായിക്കും . എന്താണെന്നു അറിയില്ല , മൂന്നാമത്തെ വരി ആകുമ്പോഴേക്കും "കാറ്റാടി തണലും ..തണലത്തരമതിലും" എന്ന ട്യുന്‍ ആവും.ഇതുകൊണ്ട് തന്നെ കീബോര്‍ഡ് ഞങ്ങള്‍ യാത്രയില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപെട്ടിരുന്നു .ഈ യാത്രയുടെ മാനജേരും ഒരു പ്രധാന സംഘാടകനും ഇദ്ദേഹം ആണ്.

അഭീഷ് : കതിരൂര്‍ ഗുരുക്കള്‍ എന്നാണു വിളിപേര്.ക്രിക്കറ്റ്‌ കളിക്കാരന്‍ ആണ് . ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കണ്ണൂര്‍ നടന്നപ്പോള്‍ ജലദോഷം ആയതുകൊണ്ട് മാത്രം ഇദ്ദേഹത്തിനു പങ്കെടുക്കാന്‍ പറ്റിയില്ല. ഇല്ലേല്‍ കാണാമായിരുന്നു , സൈമോണ്ട്സും , ഹൈടെനും ഒക്കെ കുറച്ചു ബുദ്ധിമുട്ടിയേനെ.

നന്ദു : പെണ്‍കുട്ടികള്‍ ഇദ്ദേഹത്തിന്റെ വീക്നെസ് അല്ല . ഇദ്ദേഹം ആണ് പെണ്‍കുട്ടികളുടെ വീകെനെസ്സ് എന്നാണ് ഇദ്ദേഹം പറയുന്നത്.പിന്നെന്താ? മുല്ലപ്പൂ, മുടി ,കാച്ചിയ വെളിച്ചെണ്ണ ,കണ്ണട എന്നിവ കണ്ടാല്‍ നമ്മളും മനുഷ്യരല്ലേ എന്നാ മട്ടാണ് .. ഓഫീസ് നമ്പറില്‍ നിന്നും ഫോണ്‍ വന്നാല്‍ നന്ദുവിന് ഉറപ്പാണ്‌, യേതോ തമിഴ് പെമ്പിള്ളേര്‍ തന്റെ സൗന്ദര്യം കണ്ടു മയങ്ങി വിളിക്കുന്നത്‌ ആണെന്ന്. പഞ്ചാരയും, ശര്കരയും , തേനും , പാലും എല്ലാം മിക്സ്‌ ചെയ്ത പരുവത്തില്‍ ആണ് "ഹലോ " എന്നുള്ള ആ മൊഴി. ഒരിക്കല്‍ ഇത് പോലെ വീട്ടില്‍ നേരത്തെ എത്തിയ നന്ദു ഓഫീസ് നമ്പര്‍ കണ്ടു ചാടി ഫോണ്‍ എടുത്തു സ്ഥിരം നമ്പര്‍ ആയ " ഹലോ " ഇട്ടു . നാണം കൊണ്ടാവും മറുപടിയില്ല . " എന്നാച് , യതാവത് സോല്ല് "," സോല്ല് "....... അല്‍പസമയത്തിന് ശേഷം മറുപടി വന്നു " യെടാ.. $%$(**((*)&#$@#@#! മോനെ കുറുങ്ങി നില്‍കാതെ പോയി അരി വെള്ളത്തില്‍ ഇടെട .അവന്റെ ഒരു തമിഴ് പഞ്ചാര.. " ഓഫീസില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങുന്ന ലിന്റോ . അന്ന് മാത്രമല്ല , പിന്നെ ഒരു മാസത്തേക്ക് ആ വീട്ടില്‍ വേറെ ആര്‍കും പാചകം ചെയ്യേണ്ടി വന്നിട്ടില്ല .

പ്രമോദ്: ഒരു മിണ്ടാപൂച്ചയാണ്‌. പക്ഷെ രാവണപ്രഭുവില്‍ മോഹന്‍ലാല്‍ പറയുന്നപോലെ " ഈ മിണ്ടാപൂച്ച ഉടച്ച കലങ്ങളുടെ കഷണങ്ങള്‍ ഞങ്ങള്‍ ഒരു ഹോര്‍ലിക്ക്സ് കുപ്പിയിലാക്കി മേടവക്കത്തെ വീട്ടില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇതൊരു ഗോമ്പിട്ടീഷന്‍ അല്ലാത്തത് കൊണ്ടു ഗപ്പ് ഒന്നും കിട്ടിയില്ല".

ജിജേഷ്: വെട്ടൊന്ന് മുറി രണ്ടു . അമ്മി കിട്ടിയാലും ഇവന്‍ ഒന്ന് വെട്ടി നോക്കും. അബ്ദുല്‍കലാമിന്റെയും വജ്പയിയുടെയും പാത പിന്തുടര്‍ന്നു രാജ്യത്തിന് വേണ്ടി കല്യാണം കഴികാതെ സ്വന്തം ജീവിതം ഉഴിഞ്ഞു വക്കാന്‍ കൊതിച്ചവന്‍ . ഹോ എന്തൊക്കെ ബഹളമായിരുന്നു!!!

സുമന്‍ : ഇവന്‍ ഒന്ന് വ്യത്യസ്തന്‍ ആണ്. രണ്ടെണ്ണം (എന്ന് പറഞ്ഞാല്‍ അവന്‍ എന്നെ ഓടിച്ചിട്ട്‌ അടിക്കും ) അല്ല അഞ്ചെണ്ണം ഉള്ളില്‍ ചെന്നാല്‍ പിന്നെ " ഐ അം മാക്സിമസ് ടെസിമസ് മേരിടിയസ്.. കംമാന്ടെര്‍ ഓഫ് ദി ആര്മീസ് ഓഫ് ദി നോര്‍ത്ത് .. " .. ബഹളമാണ് .

ലോമര്‍ : ഈ കൂട്ടത്തില്‍ ഉള്ള ഒരു ബാലന്‍ ആണ് ഇവന്‍. യാതൊരു വിധ ദുശീലങ്ങളും ഇല്ലാത്തവന്‍ . ഭാരതീയരെല്ലാവരും എന്റെ സഹോദരീ സഹോദരന്‍മാര്‍ ആണ് എന്നുള്ള പ്രതിജ്ഞയിലെ വരി അക്ഷരംപ്രതി അനുസരിചിടുള്ള ഈ ഒരു മനുഷ്യനെയെ ഞാന്‍ ഇത് വരെ കണ്ടിട്ടുള്ളൂ . പക്ഷെ പ്രതിജ്ഞയില്‍ ഒരു ചെറിയ തിരുത്ത് ഉണ്ട് .കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേര്‍ മാത്രമേ പുള്ളിയുടെ സഹോദരിപട്ടികയില്‍ സ്ഥാനം പിടിക്കൂ .അല്ലാത്തവര്‍ പാകിസ്ഥാനികളായി മുദ്രകുത്തപെടും .ചുരുക്കത്തില്‍ പറഞ്ഞാല്‍ ഞങ്ങളുടെ ഒക്കെ അളിയന്‍.

രതീഷ്‌: ഇദ്ദേഹത്തെ ഈ യാത്രയോട് കൂടിയാണ് ഞങ്ങളില്‍ ഭൂരിഭാഗം പേരും പരിചയപെടുന്നത്. ഒരൊറ്റ വാചകത്തില്‍ ഒതുക്കാം പുള്ളിയെ കുറിച്ചുള്ള വിവരണം :" ബോയിംഗ് ബോയിംഗ് പടത്തിലെ മുകേഷിന്റെ റോള്‍ മുകെഷിനെക്കള്‍ നന്നാക്കാന്‍ ഇവന് പറ്റുമായിരുന്നു "

രാകേഷ്: പുരുഷ ഹോര്‍മോണുകളുടെ അഭാവം മൂലം "മീശയില്ലായ്മ" എന്ന മാരകമായ അസുഖം അനുഭവിക്കുന്നവന്‍ . വയസ്സ് പത്തുമുപ്പതായെങ്കിലും , ഇന്നും രമണനെ കാത്തിരിക്കുന്ന ചന്ദ്രികയെ പോലെയാണ് ഇവന്‍ ഓരോന്നായി പൊട്ടിമുളക്കുമെന്ന പ്രതീക്ഷയില്‍ മീശരോമങ്ങളെ കാത്തിരിക്കുന്നത്. രാകേഷിന്റെ "ഷുഗര്‍" ചെക്ക്‌ ചെയ്യാനുള്ള ഉപകരണങ്ങള്‍ കണ്ടുപിടിക്കാന്‍ ശാസ്ത്രലോകം ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. എല്ലാ പെമ്പിള്ളേരുടെ മുന്നിലും മാന്യന്‍.

രോഹിത്: ഈ യാത്രയുടെ കണ്ടുപിടുത്തം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവം. ആകെ ഒരിത്തിരിയെ ഉള്ളൂ. ആ ഇത്തിരി പോന്ന ശരീരത്തില്‍ കാണിക്കാന്‍ പറ്റുന്ന എല്ലാ വിധ കോപ്രായങ്ങളും കാണിച്ചു വച്ചിട്ടുണ്ട്. ആകെ മൊത്തം ഒരു "യോ യോ" . കൃതാവ് എടുത്താല്‍ ഒരാളെ കുത്തികൊല്ലാം.ബോഡി ബില്ടെര്‍ ആണ് . ജനിച്ചപ്പോള്‍ തൊട്ടു ബില്ട് ചെയ്തിട്ടും ഇത്രെയോക്കെയെ ബില്ടാന്‍ പറ്റിയുള്ളൂ. ആളൊരു ജഗജില്ലി ആണ്.

ഇനിയുള്ളത് ഞാന്‍ ആണ്. ഈ ബ്ലോഗിന് ഒരു പാടു കമന്റ്സ് വരുമെന്നുള്ളതുകൊണ്ടു ഞാന്‍ എന്നെ കുറിച്ച് ഒന്നും പറയേണ്ടതില്ല.

അടുത്ത ഘട്ടം ഗതാഗതം ആയിരുന്നു. അതിന്റെ ചുമതല എനിക്കും ലിന്റോക്കും ആയിരുന്നു. മേടവക്കത്ത് ഒരു ട്രാവല്‍ ഏജന്‍സിയില്‍ ലിന്റോ ഏകദേശം എല്ലാം ശരിയാക്കി വച്ച ശേഷം എന്നെ വിളിച്ചു. ഞാന്‍ ചെന്നപ്പോള്‍ ഒരു കാര്‍ന്നോര്‍ ആണ് അവിടെ ഇരിക്കുന്നത് . അങ്ങേരുടെ മകനും ആയാണ് ലിന്റോ സംസാരിച്ചിരുന്നത് .. മകന്‍ പറഞ്ഞ റേറ്റ് ഇയാള്‍ സമ്മതിക്കുന്നില്ല . അയാളുടെ തമിഴ് എനിക്ക് മനസ്സിലാവാത്തത് കൊണ്ടാണോ എന്നറിയില്ല , ആ കാര്‍ന്നോരുടെ സംസാരം എനിക്കിഷ്ടപെട്ടില്ല. ഞാന്‍ തിരിച്ചു എന്തൊക്കെയോ പറഞ്ഞു.അവസാനം ആ വണ്ടി ക്യാന്‍സല്‍ ആയി . മേലാല്‍ വണ്ടി ഏല്പിക്കാന്‍ വന്നു പോകരുതെന്ന് പറഞ്ഞാണ് ലിന്റോ എന്നെ തിരിച്ചയച്ചത്. ഈ വാശിയില്‍ പോകുന്ന വഴിക്ക് റൂമിനടുത്തുള്ള ട്രാവല്‍ എജെന്സിയില്‍ കയറി. ഹെഡ്റെസ്റ്റും സീഡി പ്ലയെരും ഉള്ള ഒരു വണ്ടി വേണമെന്ന് തമിഴില്‍ പറഞ്ഞു. ന്യായമായ റേറ്റ് ആയതിനാല്‍ ഞാന്‍ ബുക്ക്‌ ചെയ്തു . എല്ലാ ക്രെഡിറ്റും എനിക്കായതിനാല്‍ എല്ലാവരേം വിളിച്ചു പറഞ്ഞു . എല്ലാവരും ഹാപ്പി . അങ്ങനെ എല്ലാം റെഡി ആയി.

ഇനി നമുക്ക് ബാബുമാരിലേക്ക് തിരിച്ചു വരാം . ഞങ്ങളുടെ ആവേശവും ഒരുക്കവും കണ്ടിട്ടു ആവണം, ഒരു ബാബു ഞങ്ങളുടെ ഒപ്പം കൂടാന്‍ തന്നെ തീരുമാനിച്ചു .പേര് ടോണി.ആരെയും ചൊറിയാനും കളിയാക്കാനും ഇവന്‍ പുലിയാണ്. . തിരിച്ചു ആരെങ്കിലും കളിയാക്കിയാല്‍ തീര്‍ന്നു .എല്‍ കെ ജി യില്‍ പഠിക്കുന്ന ഒരു കുട്ടി ഇവനെ നോക്കി " അയ്യേ " എന്നെങ്ങാനും പറഞ്ഞാലും മതി ടെസ്പ് ആവാന്‍ .യാത്ര പുറപ്പെടുന്ന വെള്ളിയാഴ്ച രാവിലെ ആണ് ടിയാന്‍ യാത്ര പോയാലോ എന്ന് ചിന്തിക്കുന്നത് . അവസാനം കാലു പിടിച്ചപ്പോള്‍ വണ്ടിയുടെ മൂലയില്‍ എവിടേലും പേപ്പര്‍ വിരിച്ചു കിടന്നോളാന്‍ പറഞ്ഞു.

അങ്ങനെ ആ സമയം വന്നു ഫെബ്രുവരി മാസത്തിലെ ഒരു വെള്ള്യാഴ്ച . വൈകിട്ട് 6 . 30 ഓടെ , ഞങ്ങള്‍ യാത്രക്ക് റെഡി ആയി. 4 കിലോമീറ്റര്‍ അകലെയുള്ള 2 വീടുകളില്‍ ആയാണ് ഞങ്ങള്‍ കൂടിയിരുന്നത് . ഇപ്പോള്‍ ആകെ 12 പേര്‍.

വാഹനത്തിന്റെ ഡ്രൈവര്‍ വീടിനു താഴെ വന്നു ഹോണ്‍ അടിച്ചപ്പോള്‍ ബാഗും എടുത്തു എല്ലാവരും ചാടി വെളിയിലിറങ്ങി , യാത്രക്ക് വരാതെ റൂമിലിരിക്കുന്നവരെ കൊഞ്ഞനം കുത്തി വാഹനത്തില്‍ കയറി . വാഹനത്തില്‍ കയറുന്നവരെല്ലാം എന്നെ തെറി വിളിക്കുന്നു . അവസാനം ഞാന്‍ കയറിയപ്പോഴാണ് സംഭവം മനസ്സിലായത് . "ഹെഡ്റെസ്റ്റും സീഡി പ്ലയെരും ഉള്ള ഒരു വണ്ടി വേണം " എന്ന് തമിഴില്‍ പറയേണ്ടത് ഞാന്‍ വിചാരിച്ച പോലെ അല്ലായിരുന്നു. നാട്ടില്‍ കവലയില്‍ പ്രസംഗത്തിന് നിരത്തുന്ന പോലെ 10 സീറ്റും, ബോട്ടിന്റെ എന്‍ജിനും , ഘടിപ്പിച്ച ഒരു പേടകം . അന്ന് എനിക്ക് അടി വീഴുമെന്നു ഉറപ്പായി. തലയൂരാന്‍ വേണ്ടി , ആ വീമാനത്തിന്റെ പൈലറ്റ്നോട് ഞാന്‍ കയര്‍ത്തു. പൈലറ്റ് "ഞാന്‍ എന്ത് തെറ്റ് ചെയ്തു" എന്ന മട്ടില്‍ ഞങ്ങളെ നോക്കി. കൂടെയുള്ളവര്‍ ട്രിപ്പ്‌ അല്ല ജീവന്‍ ആണ് വലുതെന്നു തിരിച്ചറിവുള്ളവരായതുകൊണ്ട് യാത്ര ഉപേക്ഷിക്കാന്‍ തീരുമാനിച്ചു .അന്ന് രാത്രി എനിക്ക് ഉറക്കമില്ല എന്നെനിക്കു ഉറപ്പായി. യാത്ര ഉപേക്ഷിച്ചതായി ഞാന്‍ ഇടറുന്ന ശബ്ദത്തോടെ ലിന്റോയുടെ വീടിലേക്ക്‌ വിളിച്ചറിയിച്ചു.ഒരു മരണം അറിയിക്കുന്ന വേദന ഉണ്ടായിരുന്നു എന്‍റെ സ്വരത്തിന്. എല്ലാവരും ടെസ്പ്. ആളി കത്തുന്ന തീയിലേക്ക് വെള്ളം കോരിയൊഴിച്ച അവസ്ഥ . വീട്ടില്‍ തിരിച്ചു കയറുന്നതിനെ കുറിച്ച് ആലോചികനെ വയ്യ . അവിടുള്ളവന്മാര്‍ തോലിയുരിക്കും . റോഡില്‍ തന്നെ നിന്നു.

അഭായര്തികളെ പോലെ ബാഗും തൂക്കി നില്കുംപോലാണ് എന്‍റെ ഫോണിലേക്ക് ദൈവത്നിറെ വിളി വരുന്നത് . "രോഹിറ്റ് കാളിംഗ്...".. ആ മൊബൈല്‍ ഫോണും അതിന്റെ പച്ച വെളിച്ചവും അതില്‍ കറുപ്പില്‍ തെളിഞ്ഞു നിന്ന ഈ അക്ഷരങ്ങളും ഇന്നും മനസ്സില്‍ മായാത്ത ഒരു ചിത്രമായി നില്കുന്നു. യാത്ര കാന്‍സെല്‍ ചെയ്ത വിവരം അറിഞ്ഞ രോഹിറ്റ് , തന്റെ ഒരു ബന്ധു വഴി ഒരു കിടിലന്‍ വണ്ടി തരപ്പെടുതിയിരിക്കുന്നു. വിത്ത്‌ ഏസി. ഞങ്ങള്‍ എല്ലാരും വീണ്ടും ഉത്സാഹഭരിതര്‍. വന്ടിയെത്താന്‍ അല്പം സമയം എടുക്കുമെന്നതിനാല്‍ തിരിച്ചു വീട്ടില്‍ കയറി റൂമിലിരിക്കുന്നവരെ ചൊറിയാന്‍ തീരുമാനിച്ചു .

അവസാനം വണ്ടിയും അതില്‍ ദൈവദൂതനെ പോലെ രോഹിതും ഞങ്ങളെ വിളിക്കാന്‍ വന്നു . ആര്‍പ്പു വിളികളോടെ വണ്ടിയില്‍ കയറി ലിന്റൊയുറെ വീടിലേക്ക്‌. അവിടെ നിന്നും എല്ലാവരെയും കയറ്റി സ്വപ്ന യാത്രക്ക് തുടക്കമായി.

വീഴ്ചയില്‍ നിന്ന്നും ഉയിര്തെഴുന്നെല്‍ക്കുന്ന ഫീനിക്സ് പക്ഷിയുടെ ആവേശം ആയിരുന്നു എല്ലാവര്ക്കും. ഇനി ഒന്നും നോക്കാനില്ല ആര്‍മാദത്തിന്റെ അങ്ങേയറ്റം. അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇന്ധനം നിറക്കാന്‍ വണ്ടി നിര്‍ത്തി. ഞങ്ങള്‍ക്കും വാഹനത്തിനും വേണ്ട ഇന്ധനം ശേഖരിച്ച ശേഷം യാത്ര തുടര്‍ന്നു. ആ ട്രാവലര്നുള്ളിലെ ആഹ്ലാദം അതിര് വിട്ടു തുടങ്ങി. മദ്യ ചഷകങ്ങളും മിച്ചര്‍ പാക്കറ്റുകളും വണ്ടിക്കുള്ളില്‍ പറന്നു നടന്നു. കാലിയായ ബിയര്‍ ബോട്ടിലുകള്‍ പ്ലാറ്റ്ഫോമിലൂടെ ഉരുണ്ടു. നിവൃത്തിയില്ലാതെ ചിലരുടെ ഉള്ളിലെ യേശുദാസ്‌മാരും , എസ്പിബി മാരും ചാടി വെളിയിലിറങ്ങി അരങ്ങു കൊഴുപ്പിച്ചു.പഴയ പാട്ടുകള്‍ക്കും നാടന്പാടുകള്‍ക്കും ആയിരുന്നു ഡിമാണ്ട്. 12 പേരും ഏറ്റു പാടിയ ഒരു ഗാനമാണ് "പ്രാണസഖി ഞാന്‍ വെറുമൊരു ..." . ഈ പാടിന്റെ ശില്‍പികള്‍ അന്ന് എങ്ങാനും ആവഴിക്കു വരികയാണെങ്കില്‍ , ഞങ്ങളുടെ വണ്ടി ബോംബ്‌ ഇട്ടു തകര്‍ക്കുമായിരുന്നു.

"എല്ലാവരും നിര്‍ത്തു എനിക്കൊരു പാടു പാടണം" രാകേഷ് വിളിച്ചു പറഞ്ഞു.

"ഹെന്ത്!!?? ചെമ്പൈ സംഗീതോത്സവത്തില്‍ പാടാന്‍ കലാഭവന്‍ മണിയോ എന്ന മട്ടില്‍ ഞങ്ങള്‍ അവനെ നോക്കി"

ഞങ്ങളെ വക വയ്ക്കാതെ അവന്‍ തുടങ്ങി . " തൂ ചീസ് ബടി ഹേ മസ്ത് മസ്ത് ..."

തൊണ്ടക്ക് ഒരു വിശ്രമാമാവട്ടെ എന്ന് കരുതി എല്ലാവരും മിണ്ടാതിരുന്നു .രാകേഷ് വളരെ ഗൌരവമായി തന്നെ പാടികൊണ്ടിരുന്നു(ഗൌരവം മാത്രമേ ഉണ്ടായിരുന്നുള്ളു..പാട്ട് ഏതാണെന്ന് അറിയാന്‍ ഇടയ്ക്കിടെ അവനെ തോണ്ടി വിളിക്കേണ്ടി വന്നു ) പാടിലെ സംഗതികള്‍ വന്നു തുടങ്ങിയതോടെ , കമ്പിയില്ല കമ്പി പോലെ പുരികം കൊണ്ടു പലതരത്തിലുള്ള സിഗ്നെല്സ് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പാസ്‌ ചെയ്തു . അതിഭയാനകമായി രാകേഷ് മുന്നോട്ടു പോയി " സാരീസാ .. സാരീസ .. പമഗമ ഗാരി.." ഇപ്പൊ ശരിയാക്കിതരം എന്ന മട്ടില്‍ എല്ലാവരും റെഡി ആയി ഇരുന്നു . .. വീണ്ടും പല്ലവിയിലെക്ക് പാട്ട് വന്നതും എല്ലാവരും ഒരുമിച്ചു " തൂഊഊ ചീഈഈഈഈഈഈഈഈഈഈഈഈഇസ് ബടി ഹേഏഏഎ ...മാആആആസ്ത .. മാസ്ത്.." എന്ന് കരഞ്ഞു.ഞെട്ടി തരിച്ച രകേഷിലെ ഹിന്ദി ഗായകന്‍ ,സംഭവം എന്തെന്ന് മനസ്സിലാവാതെ ഓടികൊണ്ടിരുന്ന വണ്ടിയില്‍ നിന്നെടുത്തു ചാടി ആത്മാഹുതി ചെയ്തു. പിന്നെ രാകേഷ് പാടിയിട്ടേ ഇല്ല.

ഈ ബഹളം അരമണിക്കൂര്‍ കഴിഞ്ഞു വണ്ടി ഒരു ബ്ലോക്കില്‍ പെട്ടപോളാണ് ഒന്ന് ശമിക്കുന്നത്‌. ഫ്രന്റ്സ് സിനിമയില്‍ ശ്രീനിവാസന്‍ ചിരിക്കുന്ന പോലെ ഒരു ചിരി അപ്പോളാണ് ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. എല്ലാവരും പരസ്പരം നോക്കി . എന്താണ് സംഭവം ? ആര്‍കും ഒരു പിടിയും കിട്ടിയില്ല. അവസാനം എല്ലാവരും വണ്ടിയുടെ പുറകിലെ സീറ്റില്‍ നോക്കിയപോഴാണ് അതാ ഇരിക്കുന്നു നമ്മുടെ ശ്രീനിവാസന്‍. വണ്ടി നിര്‍ത്തിയതൊന്നും ഇദ്ദേഹം അറിഞ്ഞിടില്ല . സീറ്റില്‍ ചാരിയും മലര്‍ന്നും കമിഴ്ന്നും കിടന്നു ചിരിക്കുകയാണ് അഭീഷ് . ഒരു ബിയര്‍ ബോട്ടില്‍ കയ്യിലുമുണ്ട് . പിന്നെ അല്‍പനേരം ആരും സീറ്റില്‍ ഇരുന്നില്ല , എല്ലാവരും കിടന്നു ചിരിക്കുകയായിരുന്നു.

വീണ്ടും പാടിന്റെയും നൃത്തത്തിന്റെയും ലോകത്തേക്ക് . ഇടക്കിടെ ഡ്രൈവര്‍ ബ്രേക്ക്‌ ചവിട്ടുന്നത് അനുഭവപെട്ടപോലാണ് ഞങ്ങള്‍ അത് ശ്രദ്ധിക്കുന്നത് , ഒരു വെളുത്ത അമ്ബാസടര്‍ കാര്‍ ഞങ്ങളുടെ മുന്നില്‍ കിടന്നു ടോം ആന്‍ഡ്‌ ജെറി കളിക്കുന്നു. ആ കാര്‍ എന്ത് ചെയ്താലും ഞങ്ങളെ കടത്തി വിടുന്നില്ല , ഞങ്ങള്‍ ഇടതു വശത്തൂടെ കടന്നു പോകാന്‍ ശ്രമിക്കുമ്പോള്‍ അത് ഇടതു വശത്തേക്ക് വെട്ടിക്കും , വലതു വശത്തുകൂടി കടന്നു പോകാന്‍ നോക്കുമ്പോള്‍ വലതു വശത്തേക്കും .വിരസമായ നൈറ്റ്‌ ഡ്രൈവിന്റെ ബോറടി തീര്‍ക്കാന്‍ ആ കാറുകാരന്‍ കണ്ടെത്തിയ ഉപയമാവണം. 15 മിനിറ്റ് ഇത് തുടര്‍ന്നു. ഞങ്ങളുടെ ക്ഷമ നശിച്ചു. വണ്ടിയില്‍ നിന്നും ചീത്ത വിളി തുടങ്ങി.താഴെ കിടന്ന കുപ്പിയെടുത്ത് അവരെ എറിയാന്‍ തുടങ്ങിയ സുമനെ തടഞ്ഞുകൊണ്ടു ലിന്റോ " നമ്മള്‍ ഒരു ട്രിപ്പിനു പോകുകയാണ് നമ്മളായിട്ടു പ്രശ്നം ഉണ്ടാക്കരുത് . സുമന്‍ അടങ്ങി . ലിന്റോ വളരെ പക്വത ഉള്ള ഞങ്ങളുടെ നേതാവായി ഞങ്ങളുടെ മുന്നില്‍ . ഞങ്ങള്‍ എല്ലാവരും എഴുന്നേറ്റ് ലിന്റോ ഡ്രൈവര്‍ക്ക് കൊടുക്കുന്ന നിര്‍ദേശങ്ങള്‍ നോക്കി നിന്നു. വീണ്ടും ഒരു 2 മിനിറ്റ് കടന്നു പോയി. സ്ഥിതി ഗതികള്‍ക്ക് യാതൊരു മാറ്റവും ഇല്ലാതായതോടെ ലിന്റോ വയലന്റ് ആയി . കാറിനെ നോക്കി ചീത്ത വിളിതുടങ്ങി .അതും ഫലമില്ലതായത്തോടെ സുമന്റെ കയ്യില്‍ നിന്നും കുപ്പി വാങ്ങി കാറിനെ എറിയാന്‍ ഓങ്ങിയ അവനെ ഞങള്‍ എല്ലാവരും കൂടി പിടിചിട്ടാണ് അടങ്ങിയത്. ഒരുവട്ടം ഞങ്ങളുടെ ഡ്രൈവര്‍ക്ക് വണ്ടി ഇടതു വശത്തൂടെ അല്പം കയറ്റാന്‍ അവസരം ലഭിച്ചു .ഒപ്പമെത്തിയ അവസരം നോക്കി ഞങ്ങള്‍ എല്ലാവരും കാറുകാരെ ഉച്ചത്തില്‍ ചീത്ത വിളിച്ചു.അവര്‍ കാര്‍ അല്പം മുന്നിലായി ഒതുക്കി നിര്‍ത്തി . ഇത് തന്നെ തക്കം എന്ന് നോക്കി ഞങ്ങള്‍ എല്ലാവരും വണ്ടിയില്‍ നിന്നും ചാടിയിറങ്ങി അവരെ തല്ലാനായി ഇറങ്ങി കാറിനു നേരെ ഓടി . ഈ ഞാനും ഒടിയെന്നത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്ക് അത്ഭുതം ആയി തോന്നുന്നു . യുദ്ധകാഹളം മുഴക്കി പാഞ്ഞു വരുന്ന പടയെ കണ്ടതും അവന്മാര്‍ ജീവനും കൊണ്ടു പാഞ്ഞു.

"ഛെ .. അവന്മാര്‍ കടന്നു കളഞ്ഞല്ലോ , ഒന്നും ചെയ്യാന്‍ പറ്റിയില്ല " സുമന്‍ നിരാശനായി . അവനെ സമാധാനിപിച്ചു കൊണ്ടു രോഹിറ്റ് : " വിഷമിക്കാതെട.. നമ്മളുടെ വണ്ടി അവരുടെ ഒപ്പമെതിയപ്പോ ഞാന്‍ അവരുടെ വണ്ടിയിലേക്ക് വെള്ളമോഴിച്ചിട്ടുണ്ട്" എല്ലാവരും അവനെ അഭിനന്ദിച്ചു . ഞങ്ങള്‍ക്ക് അത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്ന് ആശ്വസിച്ചു.തിരിച്ചു വണ്ടിയില്‍ ചെന്ന് കയറിയപ്പോ ഡ്രൈവര്‍ പുറത്തിറങ്ങി മോബിലെഫോന്‍ എടുത്തു തുറന്നു ,നോക്കുകയായിരുന്നു . " എന്നാച്ച്‌ അണ്ണാ?" രോഹിറ്റ് ചോദിച്ചു , " യാരോ ഒരുത്തന്‍ എനക്ക് മേലെ തണ്ണി ഊത്തിയിടിച്ചു.. എന്നുടെ സെല്‍ ഫോണ്‍ ഡാമേജ് ആയിടെന്‍ എന്നെഉ നിനക്കിരെന്‍ " ... രോഹിറ്റ് ഞങ്ങളെ നോക്കി ഒരു ബ്ലിങ്ങിയ ചിരി ചിരിച്ചു. രോഹിതിന്റെ ഉന്നം പിഴച്ചുവെന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.




പിന്നെടെപ്പോഴോ ഉറങ്ങി പോയി . കണ്ണ് തുറന്നപ്പോള്‍ കണ്ട മൈല്‍ക്കുറ്റി കൊടൈകനാല്‍ എത്താന്‍ ഇനിയും 150 കിലോമീറ്റര്‍ യാത്രചെയ്യണമെന്ന് സൂചിപ്പിക്കുന്നതായിരുന്നു. സമയം 9 നോട് അടുക്കുന്നു. രാത്രിയില്‍ ഏതോ ഗതാഗതകുരുക്കില്പെട്ട കാരണം ആണ് വൈകിയതെന്നു ഡ്രൈവര്‍ പറഞ്ഞു . കൊടൈകനാല്‍ എത്തുമ്പോള്‍ 3 മണിയെങ്കിലും ആവും എവിടെയോ ഒരു ഹോട്ടലില്‍ നിര്‍ത്തി പ്രാഥമികകൃത്യങ്ങള്‍ക്കും ചായക്കും ശേഷം യാത്ര തുടര്‍ന്നു. അല്‍പ സമയം വെറുതെ ഇരുന്നു ബോറടിച്ചപ്പോള്‍ സുമനും രോഹിതും ടോണിയും രതീഷും ചീടുകളി തുടങ്ങി .. രതീഷും രോഹിതും കുണ്‌ക്കുകള്‍ വക്കാന്‍ കളികണ്ടിരുന്നവരുടെ ചെവി വാടകക്കെടുക്കേണ്ടി വന്നു. ബാക്കിയുള്ളവര്‍ കലാഭവന്‍ മണിയുടെ ശാസ്ത്രീയ സംഗീതം ആസ്വദിച്ചു കൊണ്ട് ചുരത്തിലെ വളവുകള്‍ എണ്ണി സമയം തള്ളി നീക്കി .

3 മണിയോടെ കൊടൈകനാല്‍ എത്തി, ലിന്റോ നേരത്തെ വിളിച്ചു ബുക്ക്‌ ചെയ്ത ഹോട്ടല്‍ കണ്ടെത്തല്‍ ആയിരുന്നു അടുത്ത വെല്ലുവിളി . പണ്ടെങ്ങോ ലിന്റോ നാട്ടില്‍ നിന്നും വന്നപ്പോള്‍ ഇഷ്ടപെട്ടകാരണം ആണ് ഇത് ലിന്റോ തന്നെ മുന്‍കൈ എടുത്തു ഇത് ബുക്ക്‌ ചെയ്തത്. ഓരോ കയറ്റമെത്തുമ്പോളും ലിന്റോ പറയും " ഇതാണ് ആണ് ഞങ്ങള്‍ വന്നപ്പോള്‍ വണ്ടി കേടായിട്ട്‌ ഞങ്ങള്‍ തള്ളികേറ്റിയ കയറ്റം ഇത് കയറി ഇടത്തോട്ട് തിരിഞ്ഞാല്‍ ഹോട്ടല്‍ ആയി " ഡ്രൈവര്‍ തമിഴന്‍ ആയതു ഞങ്ങളുടെ ഭാഗ്യം , അങ്ങേര്‍ മലയാളി ആയിരുന്നേല്‍ ലിന്റൊയുടെ വാക്ക് കേട്ട് ഇടത്തോട്ട് തിരിഞ്ഞിരുന്നുവെങ്കില്‍ താഴെ കൊക്കയില്‍ പോയേനെ .ഇങ്ങനെ 3 കയറ്റങ്ങള്‍ ആയപ്പോള്‍ ടോണിയുടെ പിരി വിട്ടു." ഇനി മേലാല്‍ ഈ ഡയലോഗ് അടിച്ചാല്‍ , നിന്നെകൊണ്ട് ഈ വണ്ടിയും തള്ളി കയറ്റിക്കും"




ഹോട്ടലില്‍ എത്തി ഒന്ന് കുളിച്ചു അപ്പോള്‍ തന്നെ ഒന്ന് കറങ്ങാന്‍ ഇറങ്ങാം എന്ന് എല്ലാവരും തീരുമാനിച്ചു . വൈകുന്നേരം ആയതിനാല്‍ ഇനി അധികം സ്ഥലങ്ങളൊന്നും കാണാന്‍ കഴിയില്ലെന്ന് വ്യക്തമായിരുന്നു. ഒരു ഡോര്‍മിറ്ററി ആണ് ബുക്ക്‌ ചെയ്തിരുന്നത്. ആദ്യം നന്ദു കുളിക്കാന്‍ കയറി കതകടച്ചു .. വെള്ളം വീഴുന്ന ശബ്ദത്തിനൊപ്പം "ആ............." എന്നുറക്കെ ഒരലര്‍ച്ചയും കേട്ടു. എന്ത് പറ്റിയെടാ എന്ന് ചോദിചു ഞങ്ങളില്‍ ചിലര്‍ ഓടിച്ചെന്നു കതകില്‍ മുട്ടി

" വെള്ളം ഐസ് ആയിരിക്കുവാണ്"

ഇത് പറഞ്ഞു തീര്‍ന്നില്ല .. തൊട്ടപ്പുറത്തെ ബാത്‌റൂമില്‍ നിന്നും അതിലും വലിയ ഒരു " ആ ... " ഞങ്ങള്‍ കേട്ടു . അത് അഭീഷ് ആയിരുന്നു.

"മണ്ടന്‍ മാര്‍ ഇവന്മാര്കൊന്നും ഒരു കോമണ്‍ സെന്‍സ് ഇല്ലേ " തന്റെ സൌന്ദര്യ വര്‍ധക വസ്തുക്കള്‍ എടുത്തു കട്ടിലില്‍ നിരത്തി വച്ചുകൊണ്ടിരിക്കുകയായിരുന്നു രോഹിറ്റ്.

ഉത്സവപറമ്പിലെ കളിപ്പാട്ടക്കടയിലേക്ക് കൊച്ചു കുട്ടികള്‍ ആകാംഷയോടെ നോക്കി നില്‍കുന്ന പോലെ ഞങ്ങള്‍ എല്ലാവരും , രോഹിറ്റ് നിരത്തി വച്ച സാധനങ്ങളിലേക്ക് നോക്കി.

"ഇതെല്ലാം ഈ ശരീരത്തില്‍ പ്രയോഗിക്കാനുള്ളതാണോ? " ജിജേഷ്

"ഈ ശരീരത്തില്‍ പ്രയോഗിച്ചത് കൊണ്ടാണോ ഈ ക്രീം കറുത്ത് പോയത് ?" ലോമര്‍

ഇതൊന്നും മൈന്‍ഡ് ചെയ്യാതെ രോഹിറ്റ് എല്ലാം പെറുക്കി കുളി മുറിയിലേക്ക് കയറി.വെള്ളം വീണതും നന്ദുവിനെയും അഭീഷിനെയും തോല്‍പ്പിച്ചു കൊണ്ട് ഒരു " അമ്മ്മേ ...." എന്നുള്ള അലര്‍ച്ച ആ മുറിയുടെ ചുമരുകളെ പ്രകമ്പനം കൊള്ളിച്ചു .

"എന്താടാ , നീ അവന്മാരെ കുറ്റം പറഞ്ഞിട്ട് നീയും തണുത്ത വെള്ളം തുറന്നു വിട്ടോ ?" ടോണി കുറച്ചു ഉച്ചത്തില്‍ ചോദിച്ചു

മറുപടി " തണുത്ത വെള്ളം ഒഴിവാക്കാന്‍ ഹീറ്റെര്‍ ഓണ്‍ ചെയ്തതാണ് , തിളച്ച വെള്ളം ആണ് വന്നത് "

റൂമില്‍ ഒരു പൊട്ടിച്ചിരി ഉയര്‍ന്നു .

കറങ്ങാന്‍ പുറത്തിറങ്ങിയതും ക്യാമറകള്‍ മിന്നി തുടങ്ങി . തലങ്ങും വിലങ്ങും ഇടിമിന്നലിനെ അനുസ്മരിപ്പിക്കുന്ന ഫ്ലാഷ് ...

അന്ന് സൈക്ലിംഗ് നടത്താന്‍ മാത്രമേ കഴിയുകയുള്ളൂ എന്ന് നേരത്തെ മനസ്സിലാക്കിയത്‌ കൊണ്ട് എല്ലാവരും പോയി ഓരോ സൈക്കിള്‍ എടുത്തു കറങ്ങാന്‍ ഇറങ്ങി. കൊടൈകനാല്‍ തടാകത്തിനു ചുറ്റും വായ നോക്കി സൈക്കിള്‍ ചവിട്ടുമ്പോളാണ് ഒരു ഡബിള്‍ സൈക്ലില്‍ പിന്നിലിരിക്കുന്ന മുഖം നല്ല കണ്ടു പരിചയം തോന്നിയത് .." എന്ത് ഇതവളല്ലേ? അതെ .!! .. അവള്‍ തന്നെ.. പക്ഷെ മുന്‍പില്‍ ഇരിക്കുന്ന ലവന്‍ ആരാണ് ?? " കമ്പനിയില്‍ ഒരുമിച്ചു ജോലിചെയ്യുന്ന പെണ്‍കുട്ടി . അവരുടെ പ്രൊജക്റ്റ്‌ ടീമിന്റെ ട്രിപ്പും ഇങ്ങോട്ട് തന്നെ ആണെന്ന് അപ്പോളാണ് രാകേഷ് പറഞ്ഞത്. "കൊടൈകനാല്‍ ലേക്കില്‍ അന്നരക്കുവെള്ളം.. അന്ന് നമ്മള്‍ രണ്ടും ചവിടീലെ ഡബിള്‍ സൈക്കിള്‍ " .. ചൊറിയാനൊരു അവസരം കിട്ടിയാല്‍ പാഴക്കരുതല്ലോ .



രാത്രി 9 മണിയോടെ ഹോട്ടലില്‍ തിരിച്ചെത്തി, പാര്‍ടിയിലേക്ക് കടന്നു . ഞങ്ങള്‍ക്ക് മാത്രമായി പുറത്തു ശബ്ദം കേള്‍കാത്ത ഒരു മുറി വിട്ടു തന്നു . അത്നുള്ളില്‍ ആയിരുന്നു തലേ ദിവസം വണ്ടിയില്‍ ഉണ്ടായതിന്റെ ബാക്കി നാടകം അരങ്ങേറിയത് . എല്ലാവരും റേഞ്ച് വിട്ടു . അഭീഷ് അപ്പോളും ചിരിച്ചു കൊണ്ടിരുന്നു . തനിക്കിതൊന്നും പുത്തരിയല്ലെന്നു ടോണിക്ക് മുന്നില്‍ തെളിയിക്കാന്‍ അഭീഷ് കാലി ഗ്ലാസില്‍ ഒരു തുള്ളി പോലും പുറത്തു പോകാതെ വെള്ളം നിറക്കാന്‍ ബുദ്ധിമുട്ടുന്നതു കണ്ടപ്പോള്‍ , കാറ്റില്‍ നിന്നും തീനാളത്തെ മറച്ചു പിടിക്കുകയാണെന്ന് തോന്നി പോയി . എല്ലാം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി ഡോര്‍മിട്ടരിയിലേക്ക് കയറി തുടങ്ങി . ഞാന്‍ ഡോര്‍മിട്ടരിയിലേക്ക് നടക്കുമ്പോളാണ് നന്ദുവിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുണ്ടായിരുന്നു .. "വിടെടാ എന്നെ ... എന്നെ വിടാന്‍ " . ഞാന്‍ ഓടിച്ചെന്നു നോക്കുമ്പോള്‍ നന്ദുവിന്റെ ഷര്‍ട്ടിന്റെ കൈ ഡോറിന്റെ ഹാന്റിലില്‍ കുടുങ്ങി നില്‍ക്കുകയാണ് . നന്ദു പിടിച്ചു വലിക്കുന്നുണ്ട് . ഡോര്‍ ആരാ മോന്‍ അവന്‍ വിടുമോ? .. ഞാന്‍ ചെന്ന് പിടി വിടീച്ചപ്പോള്‍.. " എന്നോടാണ് അവന്റെ കളി " എന്നും പറഞ്ഞു ബെഡിലെക്ക് വീണു .

നേരം പൊട്ടി വിടര്‍ന്നു . പല്ല് തേച്ചു കൊണ്ടിരുന്ന ആരോ വാഷ് ബേസിനില്‍ കിടന്ന വാളിന്‍റെ കഷണം കണ്ടിപിടിച്ചു . ആരാണ് ഇതിനുത്തരവാദി? . 12 പേരും പരസ്പരം വാദങ്ങളും , തെളിവുകളും നിരത്തി . പക്ഷെ കുറ്റവാളി ആരെന്നു മാത്രം കണ്ടുപിടിക്കാനായില്ല . കോടതിയിലെ ബഹളം അല്പം ഒന്ന് നിലച്ചപ്പോള്‍ നന്ദു " ചിലപ്പോള്‍ ഞാന്‍ ആയിരിക്കാം" എന്നൊരു അര്‍ദ്ധകുറ്റസമ്മതം നടത്തി. എന്നിരുന്നാലും തെളിവുകള്‍ നിരത്തി കേസ് തെളിയിക്കുന്നതിന് പ്രോസികുഷന് ഇത് വരെ സാധിച്ചിട്ടില്ല

അന്നാണ് കൊടൈകനാല്‍ കാണാന്‍ ഇറങ്ങുന്നത്.മുന്‍പും കൊടൈകനാല്‍ വന്നിട്ടുണ്ടെങ്കിലും , അന്നൊക്കെ സാറന്മാരുടെയും ടീച്ചര്‍മാരുടെയും ബന്ധനം ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അതിര്‍വരമ്പുകള്‍ക്കതീതമായ ആഘോഷം ആണ് . രാവിലെ 9 30 ഓടെ ഞങ്ങള്‍ ഇറങ്ങി. സ്കൂള്‍ വിട്ടിറങ്ങി ഓടുന്ന കുട്ടികളെപോലെ ആണ് ഓരോ സ്ഥലങ്ങളിലും ചെന്നിറങ്ങിയത് . ഞങ്ങളുടെ ദേശീയഗാനമായ "ഒന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ ..." കൊടൈക്കനാലിന്റെ കൊച്ചു കുട്ടികള്‍ക്കുപോലും ഇപ്പോള്‍ സുപരിചിതമായിരിക്കും .
ആത്മഹത്യാ മുനമ്പും , പില്ലര്‍ പാറയും പിന്നെ മറ്റു ചെറിയ സ്ഥലങ്ങളും കണ്ടു. ഇനി ഒന്ന് ബോട്ടിംഗ് നടത്തിക്കളയാം എന്ന് തീരുമാനിച്ചു .ബോട്ടിംഗ് നടക്കുന്ന സ്ഥലത്ത് നിന്നും അല്പം മാറിയാണ് വണ്ടി നിര്‍ത്തിയത് . ഞാനും നന്ദുവും ലിന്റോയും ഒഴിച്ച് ബാക്കിയെല്ലാവരും വണ്ടിയില്‍ നിന്നിറങ്ങി നടന്നു, ഞങ്ങള്‍ ഇത് വരെ ചിലവായ കണക്കുകള്‍ എഴുതി സരിയാകിയ ശേഷമാണ് ഇറങ്ങിയത്‌ . അല്പം നടന്നില്ല , അതിനു മുന്‍പേ ശരം വിട്ടപോലെ പാഞ്ഞു വരുന്നു ഒരുത്തന്‍ - രാകേഷ് . ഞങ്ങള്‍ അകലെ നിന്നെ അവനെ കാണുന്നുണ്ടായിരുന്നു . അല്‍പ നേരം ഓടും , പിന്നെ നടക്കും , പല പല പോസുകളില്‍ നില്‍ക്കും ... ഇവനിതെന്തു പറ്റി ? ഞങ്ങള്‍ അമ്പരന്നു . നവരസങ്ങള്‍ അവന്റെ മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോള്‍ അവനെ പിടിച്ചു നിര്‍ത്തി ചോദിച്ചു " എന്ത് പറ്റി ?"

അവന്‍ മിണ്ടുന്നില്ല , ഞങ്ങളുടെ പിടി വിടുവിച്ചു ഓടാന്‍ ശ്രമിക്കുന്നു ,

ലിന്റോ വീണ്ടും ചോദിച്ചു "എന്താടാ ?"

സിനിമയില്‍ വെടിയേറ്റ്‌ വീണു മരിക്കാന്‍ പോകുന്ന നായകന്റെ ഡൈലോഗ് പോലെ അത്രയും തന്നെ വികാരം ഉള്‍ക്കൊണ്ട്‌ അവന്‍ പറഞ്ഞു

"വയറില്‍ ഒരു വിമ്മിഷ്ടം "

ഞാനും ലിന്റോയും ആ നിമിഷം പിടിവിട്ടു. ഭരതനാട്യം കളിച്ചുള്ള കൊണ്ട് അവന്‍ ലക്‌ഷ്യം തേടി നീങ്ങുമ്പോള്‍ , ഞങ്ങള്‍ 2 പേരും ബെഞ്ചില്‍ ഇരുന്നു ചിരിക്കുകയായിരുന്നു

കൊടൈക്കനാല്‍ തടാകം നിശബ്ദമായിരുന്നു . അരയന്നങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ട് പെഡല്‍ ബോട്ടുകള്‍ തടാകത്തില്‍ ഒഴുകി നടക്കുന്നു. മൂടല്‍ മഞ്ഞു പതിയെ തെളിഞ്ഞു തെളിഞ്ഞു വരുന്നു. അന്തരീക്ഷം ശാന്തം , നിശബ്ദം , ആര്‍ദ്രം. അത് ഞങ്ങള്‍ക്കിഷ്ടപെട്ടില്ല . ആന കരിമ്പിന്കാട്ടില്‍ കയറുന്ന പോലെയാണ് ഞങ്ങളുടെ പെഡല്‍ ബോട്ടുകള്‍ തടാകത്തിലേക്ക് ഇറങ്ങിയത്‌ ."കുട്ടനാടന്‍ പുഞ്ചയിലെ ... കൊച്ചു പെണ്ണെ കുയിലാളെ "അമരക്കരനായ് ഞാന്‍ തുടക്കമിട്ടു.. ബാക്കിയുള്ളവര്‍ ഏറ്റു പാടി. എന്താണ് സംഭവം എന്ന് മനസ്സിലാവാതെ മറ്റു ബോടുകാര്‍ ഞെട്ടിത്തരിച്ചു. എല്ലാവരും ഞങ്ങള്‍ക്ക് വഴി മാറി തന്നു. ഞങ്ങള്‍ ആവേശത്തിലായിരുന്നു. അതിവേഗത്തില്‍ പെടലുകള്‍ കറങ്ങി . മൂന്നുബോടുകളും ഓളങ്ങളെ കീറിമുറിച്ചുകൊണ്ട് മുന്നേറി .കാലിലെ പേശികള്‍ ഞങ്ങളെ ചീത്ത വിളിച്ചപോഴാണ് , ഞങ്ങള്‍ ചുണ്ടന്‍ വള്ളങ്ങളില്‍ അല്ല , പെഡല്‍ ബോടുകളില്‍ ആണ് എന്ന തിരിച്ചറിവുണ്ടായത്.എന്നാലും ശബ്ദകോലാഹലങ്ങള്‍ക്ക് കുറവൊന്നും വന്നില്ല.

തടാകത്തിന്റെ തീരത്തു ബെഞ്ചുകളില്‍ നിരന്നിരിക്കുന്ന ഏതോ മലയാളി കോളേജിലെ പെണ്‍കുട്ടികളെ പരിച്ചയപെടുത്താനെന്നോണം ഓളങ്ങള്‍ ഞങ്ങളെ കൊണ്ടുപോയി . ഒഴുക്കിനെതിരെ തുഴയാന്‍ ഞങ്ങള്‍ അഹങ്കാരികള്‍ അല്ലല്ലോ!! . കണ്ണുകള്‍ കണ്ണുകളോടിടഞ്ഞു . വഞ്ചിപ്പാട്ടിന്റെ ആവേശം മാറി . ബെഞ്ചുകള്‍ കാലിയായപ്പോള്‍ പെടലുകള്‍ തിരിച്ചു കറങ്ങി.

ഇരുള്‍ മൂടാന്‍ തുടങ്ങിയപ്പോള്‍ , ആഘോഷിച്ചു മടുത്ത മനസ്സുമായി ഞങ്ങള്‍ കൊടൈക്കനാലിനോട്. വിട പറഞ്ഞു. വീണ്ടും കീബോര്‍ഡിന്റെ കട ശബ്ദവും , മോനിട്ടരിന്റെ വെള്ളിവെളിച്ചവും ഉള്ള വിരസമായ ലോകത്തേക്ക് ..

തിരിച്ചുള്ള യാത്രയില്‍ എല്ലാവരും പെട്ടെന്ന് ഉറങ്ങി പോയി . ചെന്നൈയില്‍ എത്തിയതോടെ വീണ്ടും എല്ലാവരുടെയും മനസ്സില്‍ കോഡും, ടെസ്റ്റ്‌ കേസുകളും , ടിഫെക്റ്റ്കളും സ്ടാടസ് റിപ്പോര്ടുകളും മാത്രമായി . ഞങ്ങളുടെ രഥം മൂകമായിരുന്നു . എങ്കിലും ഒരു നല്ല യാത്രയുടെ ഓര്‍മ്മകള്‍ സൂക്ഷിച്ചു വക്കാന്‍ കിട്ടിയ സന്തോഷം എല്ലാവര്ക്കും കാണാമായിരുന്നു ,

ഇനി യാത്രയുടെ അവസാന ഘട്ടമായ വരവ് ചെലവ് കണക്കു സമര്‍പ്പിക്കേണ്ട സമയമാണ് .ഇന്നും ഞാനോര്‍ക്കുന്നു , കമ്പനിയുടെ നാവല്ലൂര്‍ ബ്രാഞ്ചിന്റെ ലോബിയില്‍ ഇരുന്നു ഞാനും ലിന്റോയും കണക്കുകള്‍ എഴുതിയതും വെട്ടിയതും . എങ്ങനെ നോക്കിയിട്ടും കണക്കുകള്‍ ഒക്കുന്നില്ല .ഒരു 300 രൂപയുടെ വ്യത്യാസം . പിന്നെ അധികം തല പുകക്കാന്‍ നിന്നില്ല .


ഇങ്ങനെ ഒരു വാക്ക് കണ്ടു പിടിച്ച സായിപ്പിന് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങള്‍ അക്കൗണ്ട്‌ ക്ലോസ് ചെയ്തു - " മിസ്സല്ലെനിയസ് "



ശുഭം ...

Sunday, November 29, 2009

ഹരിശ്രീ ഗണപതയേ നമ:

ഹരിശ്രീ ഗണപതയേ നമ:
ഞാനും ബ്ലോഗ് എഴുതി തുടങ്ങുകയാണ് . നാടോടുമ്പോള്‍ നടുവേ ഓടണം എന്നല്ലേ പറയുക . എഴുതാന്‍ കാരണം എന്‍റെ സുഹൃത്ത് ആയ ജിജേഷ് ആണ് . അവന്‍ എപ്പോളോ എന്നോട് പറഞ്ഞിരുന്നു ഒരു ബ്ലോഗ് എഴുതി നോക്കാന്‍ . മനസ്സില്‍ അന്ന് വെറുതെ കോറിയിട്ട ആ മോഹം ഇന്നു അമേരിക്കയിലെ കന്‍സാസ് സംസ്ഥാനത്തിലെ വാടക മുറിയില്‍ ചുമ്മാ ഇരുന്നപോലാണ് സക്ഷല്‍കരിക്കപെടുന്നത് . ഇതാണ് പറയുന്നേ . എല്ലാത്തിനും അതിന്‍റെതായസമയം ഉണ്ട് എന്ന് ...ഈ ബ്ലോഗ്‌ നു വേണ്ട എല്ലാ പിന്തുണയും തന്ന രാകേഷ് നോടും നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ തുടങ്ങട്ടെ ..!!!!

എന്തിനും അല്പം മുഖവുര നല്ലതാണ് .. മുന്‍‌കൂര്‍ ജാമ്യം എടുത്തോട്ടെ .. ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ എഴുതുന്നത്‌.. ഞാന്‍ ഇതിനു മുന്‍പ് എന്തെങ്കിലും എഴുതിയതായി ഞാന്‍ ഓര്‍ക്കുന്നില്ല ..അതുകൊണ്ട് ഒരുപാട് കുറവുകളും കുറ്റങ്ങളും കാണും .. എല്ലാം ക്ഷമിക്കുക , വിമര്‍ശനങ്ങള്‍ക്കും സ്വാഗതം ..

ആദ്യത്തെ കൃതി ഉറ്റവനും , എനിക്ക് എഴുതുവാന്‍ പ്ര
ചോദനവും ആയ .. ജിജേഷ് നു സമര്‍പ്പിക്കുന്നു ..

സമയം ഏകദേശം 8 മണി ആയിക്കാണും . ചെന്നൈ അതിന്റെ തിരക്കുകളെ പതിയെ ഒതുക്കികൊണ്ടിരിക്കുന്നു .ഷോലിംഗനെല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ laxuary മുറിയില്‍ ഞാനും ജിജെഷും മുകളില്‍ ഫാന്‍ എത്ര വട്ടം കറങ്ങുന്നു എന്ന് എണ്ണമെടുത്തു കിടക്കുകയാണ് .വെള്ളിയാഴ്ച ആയതിനാല്‍ റൂമില്‍ ഞാനും അവനും മാത്രമേ ഉള്ളൂ . പുറത്തുചെറിയ ചാറല്‍മഴ മാറി വരുന്നേ ഉള്ളൂ .

ഞങ്ങള്‍ പഠിച്ച സംഖ്യകള്‍ എല്ലാം ഫാന്‍ കറങ്ങി തീര്‍ത്തപ്പോള്‍ അവനും ഞാനും മുഖത്തോട് മുഖം നോക്കി . അവന്റെ പുരികം ഇനിയെന്ത് എന്നുള്ള ചോദ്യം എന്റെ നേരെ ചോദിച്ചുകൊണ്ട് ചോദ്യചിഹ്നം പോലെ വളഞ്ഞു . ഉത്തരം അറിയാത്തത് കൊണ്ട് ഞാനും എന്റെ പുരികം അത് പോലെ വളച്ചു . ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്ല എന്ന് മുറിയില്‍ കാലിയായി ഇരുന്ന മദ്യ കുപ്പി ഞങ്ങളെ ഓര്‍മിപ്പിച്ചു.ആ ഉത്തരം ഞങ്ങള്‍ രണ്ടു പേരും ശരി വച്ചു.പിന്നെ അമാന്തിച്ചില്ല , തീപിടിചെന്നു fireforce ഇല്‍ അറിയിപ്പ് കിട്ടുമ്പോള്‍ ഉണ്ടാകുന്ന സ്പീഡില്‍ ഞാനും അവനും സെക്കന്റ്‌ കള്‍ക്കുള്ളില്‍ റെഡി ആയി ഇറങ്ങി.

ഗേറ്റ് തുറന്നു റോഡ്‌ ഇല്‍ ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് ചാടികടക്കേണ്ട hurdles കണ്ടു . എന്നും ചാടി കടക്കുന്ന കാരണം പ്രശ്നം ഒന്നും ഉണ്ടായില്ല . hurdles എന്നുദ്ദേശിച്ചത് പശുവിന്റെ കയറാണ്. ഞങ്ങളുടെ വീടിനു നേരെ എതിരെ താമസിക്കുന്ന ഒരു തമിഴന്റെ പശുക്കള്‍ ആണ് . നാലെണ്ണം . അങ്ങേര്‍ പശുവിനെ റോഡില്‍ അല്ലാതെ കെട്ടില്ല. പശുക്കള്‍ എല്ലാം നല്ല തിരിച്ചറിവുള്ള ഇനവും ആണ്. ഉദാഹരണത്തിന് ഒരു പശുവിനെ റോഡിന്‍റെ ഇടതു വശത്താണ് കെട്ടിയിരിക്കുന്നതെങ്കില്‍ , വലതു വശത്ത് കിടക്കുന്ന പുല്ലും വൈക്കോലും മാത്രമേ തിന്നു , അല്ലെങ്കില്‍ അതിനു ദഹനകേട്‌ വരും . അങ്ങനെ ഞങ്ങള്‍ക്ക് ദിവസേന രാവിലെയും വൈകീട്ടും വ്യായാമത്തിനായി തീര്‍ത്തിരിക്കുന്ന hurdles ചാടുമ്പോള്‍ എങ്ങാനും കാല് തെറ്റിയാല്‍ പോഗോ ചാനലില്‍ target മിസ്സ്‌ ആയി ചെളിക്കുഴിയില്‍ വീഴുന്നവന്റെ അവസ്ഥ പോലെയാണ് . വീഴുന്നത് ചെളിയില്‍ ആണെങ്കില്‍ സഹിക്കാമായിരുന്നു . പുര നിറഞ്ഞു നില്‍ക്കുന്ന ആ 4 തരുണീമണികള്‍ക്കും കൂടിയുള്ള hitler ചേട്ടനായി ആ തമിഴന്‍ കാരണവര്‍ എപ്പോളും റോഡില്‍ തന്നെ കാണും.

പശുക്കളുടെ ചേട്ടനായി ഞങ്ങള്‍ അങ്ങേരെ വിളിക്കാന്‍ വേറെ കാരണവും ഉണ്ട് . പശുക്കല്കും അങ്ങേര്‍ക്കും ഒരേ ലുക്ക്‌ ആണ് . മെലിഞ്ഞു എല്ലുന്തിയ ശരീരം .ദേഹത്ത് എപ്പോളും ചെളി ഉണ്ടാവും .ഏതാണ്ട് പശുവിന്റെ പോലെയുള്ള ശബ്ദവും. പശുവിനു തൊഴുത്തും അങ്ങേര്‍ക്കു വീടും ഉണ്ടെങ്കിലും ഇവരെല്ലാം റോഡില്‍ തന്നെയാണ് കിടപ്പ്.അങ്ങേരോടും പശുക്കളോടും ഉള്ള ദേഷ്യം മുഴുവന്‍ മനസ്സില്‍ ആവാഹിച്ചു hurdles മുഴുവന്‍ ചാടിക്കടന്നു അടുത്ത പോക്കറ്റ്‌ റോഡ്‌ പിടിച്ചു മെയിന്‍ റോഡില്‍ ചെന്നു


അന്ന് ഓള്‍ഡ്‌ മഹാബലിപുരം റോഡിന്റെ പണി നടക്കുന്ന സമയമാണ്. ഒരു സൈക്കിള്‍ പോയാല്‍ മണല്‍ക്കാറ്റ് അടിക്കുന്ന പോലെയാണ് . പക്ഷെ ഇതൊന്നും ഞങ്ങളെ തളര്‍ത്തിയില്ല. അടുത്ത വൈന്‍ ഷോപ്പിന്റെ മുന്നില്‍ ഞങ്ങള്‍ നടരാജ വണ്ടി നിര്‍ത്തി . ഒരു മൊട്ടു സൂചി കേറ്റാനുള്ള സ്ഥലം കിട്ടിയാല്‍ ഞാന്‍ അതിലൂടെ കടന്നു പോകുമെന്നുള്ളത് കൊണ്ട് മദ്യം പെട്ടെന്ന്‍ കിട്ടി. അടുത്ത കടയില്‍ കയറി touchings ഉം വാങ്ങി hurdles ഒക്കെ ചാടിക്കടന്നു വീട് പിടിച്ചു.

നേരെ terrace ലേക്ക് , ഓരോ ബിയര്‍ അടിച്ചതും , ജിജേഷ് ന്റെ അധ്യക്ഷത്തില്‍ ഞാന്‍ സാംസ്‌കാരിക സമ്മേളനം തുടങ്ങി.. പാട്ടുകള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ , hitler ടെ സുന്ദരികളും സംഗീതാഭിരുചി ഉള്ളവരും ആയ 4 സഹോദരികളും ഞങ്ങള്‍ടെ പാട്ട് ഏറ്റു പാടും . Hitler ടെ ശബ്ദവും ഇടയ്ക്കിടെ കേള്‍ക്കാമായിരുന്നു .

അവസാനം ബിയര്‍ ബോട്ടിലുകള്‍ എടുത്തു വച്ചു ഭക്ഷണം കഴിക്കാനായി വീണ്ടും കവല ലക്ഷ്യമാക്കി ഇറങ്ങി .

പുറത്തു കടന്നു ഗേറ്റ് ചാരിയതും പിന്നില്‍ നിന്നും " എന്ന പണ്ണിയിട്ടിരുക്കേണ്ട ? യെങ്കള്‍ക്കൊന്നും തൂങ്ക വേണ്ടമ"? ഇത്രെയേ എനിക്കു മനസ്സിലായുള്ളു .. പിന്നെ തമിഴില്‍ വേറെന്തൊക്കെയോ പറഞ്ഞു .

hitler അണ്ണനാണ്.

കൃഷ്ണന്‍ കുട്ടി നായര്‍ നില്‍ക്കുന്ന പോലെ അങ്ങേര്‍ ഫുള്‍ amphere ഇല്‍ കത്തി നില്‍ക്കുവാണ്.

ഇത് കേട്ടതും അന്ന് വരെ hurdles ചാടിയ ഊര്‍ജ്ജം മുഴുവന്‍ ശബ്ദത്തില്‍ ആവാഹിച്ച്‌ ജിജേഷ് : "ഉള്ളെ പോയി തൂങ്കിട് "

ഈശ്വര ഇവനീ തമിഴ് ഒക്കെ എപ്പോ പഠിച്ചു ? ഞാന്‍ അന്തം വിട്ടു.

തമിഴന്‍ :" എന്നാടാ സോല്ലുരത് ? ഇത് യെന്‍ ഏരിയ . ഒത വാങ്ങിടുവെന്‍ ?"

"എന്താ പറയുന്നേ ?അങ്ങേരടെ ഏരിയ ആണ് " - ഇത് രണ്ടും എനിക്ക് മനസ്സിലായി . ബാക്കിയൊന്നും പിടികിട്ടിയില്ല

ജിജേഷ് : ഒതപ്പാന്‍ ഇങ്ങോട്ട് വാ ., കാണിച്ചു തരാം ..

ഇതെന്തു തമിഴ് ?

പിന്നെ എന്നെ കൊണ്ടാവുന്ന "തമിഴാളത്തില്‍" ഞാന്‍ ജിജേഷ് നെ സപ്പോര്‍ട്ട് ചെയ്തു. അങ്ങേര്‍ എന്താണെന്നു പറയുന്നെതെന്നു എനിക്കൊരു പിടിയും കിട്ടിയില്ല ..( ഞാന്‍ പറഞ്ഞത് അങ്ങേര്കും മനസ്സിലായി കാണില്ല).

എന്തായാലും ഒരു ഭീകരാന്തരീക്ഷം അവിടെ ഉണ്ടായി..

സമയം ഏകദേശം 11 നോട് അടുത്തതിനാല്‍ അവിടെ ആളുകളൊന്നും കൂടിയില്ല .

പിന്നെ ജിജേഷ് നെയും കൂടി പതുക്കെ ഞാന്‍ അവിടെ നിന്നും നീങ്ങി . ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഞാന്‍ അവനോടു ചോദിച്ചു

"യെടാ, അങ്ങേര്‍ ഇടയ്ക്കിടയ്ക്ക് ഒതപ്പും എന്ന് പറയുന്നുണ്ടയിരുന്നല്ലോ. അതെന്താണ് സംഭവം ? "

"അങ്ങേര്‍ തല്ലുമെന്നാണ് പറഞ്ഞെ "

ഈശ്വര ..ഒരടിയാണോ മുടി നാരിഴക്ക്‌ മിസ്സ്‌ ആയി പോയത്? അങ്ങേര്‍ തിരിച്ചു ചെല്ലുമ്പോള്‍ ആളെകൂടി നില്‍ക്കുന്നുണ്ടാകുമോ?ശരീര പ്രകൃതി കണക്കിലെടുത്താല്‍ അങ്ങേര്‍ക്കു ഞങ്ങടെ കൂട്ടത്തില്‍ അടിക്കാന്‍ പറ്റുന്നത് എന്നെ മാത്രമാണ്. ഇന്നല്ലെങ്കില്‍ നാളെ പണി തരുമോ? ഒരു പാട് ചോദ്യങ്ങള്‍ മനസ്സില്‍ നിന്നും കഴിക്കുന്ന ചിക്കന്‍ friedrice ലേക്ക് വീണു,

കഴിചു കഴിഞ്ഞു തിരിച്ചു ചെന്നപ്പോള്‍ അങ്ങേര്‍ അവിടെ ഉണ്ടായിരുന്നില്ല . hurdles ഒക്കെ ചാടി കടന്നു വീടിലെത്തി , ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പേ താഴെ hitler അണ്ണന്‍ ആളെ കൂട്ടി വരുന്നുണ്ടോ എന്ന് നോക്കാനും മറന്നില്ല . .. പേടിച്ചിട്ടല്ല , ഒരു യുദ്ധമാവുമ്പോള്‍ ഇരുവശവും ഒരുങ്ങിയിരിക്കണമല്ലോ... അവര്‍ തല്ലാനും ഞങ്ങള്‍ ഓടാനും :)...

ശുഭം ..