Sunday, November 27, 2011

സൂത്രൻ..!

പേരുപോലെ തന്നെ ആളൊരു വെറൈറ്റി ആണ്. ഇദ്ദേഹം നായകകഥാപാത്രമായ സംഭവങ്ങളും കഥകളും മുഴുവൻ ഇവിടെ വിശദീകരിക്കാൻ ഞാൻ ഒരു പത്ത് കഥാകാരൻ മാരെയെങ്കിലും ശമ്പളം കൊടുത്ത് ഇരുത്തേണ്ടി വരും.

നമുക്ക് കവലയിലെ ഇന്റിമേറ്റ് ബ്യൂട്ടിപർലറിൽ നിന്നും തുടങ്ങാം. കാമറ കോടംകുളം കവലയിലെ കപ്പേളയുടെ മുകളിൽ നിന്നും കവലയുടെ ഒരു ഏരിയൽ വ്യൂ കവർ ചെയ്ത് ബ്യൂട്ടിപാർലറിന്റെ വാതിൽക്കലേക്ക് പോന്നോട്ടെ. എന്റെ ക്ലാസ്മേറ്റും പടിയൂർപഞ്ചായത്തിലെ ഫേമസ് ബ്യൂട്ടീഷനും ആയ അനീഷ്, കസേരയിൽ ഇരുന്നു ഉറക്കം തൂങ്ങുന്ന ചന്ദ്രേട്ടന്റെ കഷണ്ടിത്തലയിൽ കത്രികകൊണ്ട് താജ്‌മഹാൽ പണിയുകയാണ്. ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറെപോലെ മുഖം സീരിയസ് ആക്കി ആകെ ആ തലയിൽ ഉള്ള നാലും മൂന്നും ഏഴ് മുടികളെ സ്കെയിൽ വച്ചു മുറിക്കുകയാണ്.സ്കൂൾ വിട്ടുവരുന്നവഴിക്കു മുടിവെട്ടാൻ കേറിയ ഷീല ചേച്ചിയുടെ പിള്ളേർസ് അഖിലും നിഖിലും ഊഴം കാത്ത് അക്ഷമരായി മുറിഞ്ഞു വീഴുന്ന മുടിയും എണ്ണി ഇരിപ്പാണ്.

ബാക്ഗ്രൗണ്ടിൽ ഒരു ഗാനം . നമ്മുടെ കഥാപാത്രത്തിന്റെ വരവാണ്.

"കാതൽ എനിക്കിട്ട് ഒലത്തുത് ഒലത്തുത്....കാതൽ എനിക്കിട്ട് ഒലത്തുത് ഒലത്തുത്...."

കഥാപാത്രം സലൂണിലേക്ക് കാലെടുത്തു വച്ചു.

"എവിട്യാർന്നുടാ?" അനീഷ്

"ഞാനൊന്ന് ഇരിഞ്ഞാലട പോയിഷ്ടാ..ആ ഠാണാവിലെ കമ്പ്യൂട്ടർ കഫേയില്ലെ അവ്ടെ..മിനിഞ്ഞാന്ന് ഞാൻ പറഞ്ഞില്ലെ യുകെയിൽ നിന്നും ഒരു വർക്ക് കിട്ടീന്ന് അതു കംപ്ലീറ്റ് ചെയ്ത് ഇമെയിൽ അയക്കാൻ പോയതാ"

അനീഷ് താജ്‌മഹാലിന്റെ പണി നിർത്തി തിരിഞ്ഞ് സൂത്രനെ നോക്കി "എന്തിന്റെ വർക്ക്?"

സൂത്രൻ " മിനിഞ്ഞാന്ന് ഞാൻ പറഞ്ഞില്ലെ ഒരു സായിപ്പിന്റെ വീട് കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്യനുള്ള ഓർഡർ കിട്ടി എന്നു, അതു കംപ്ലീറ്റ് ചെയ്ത് മെയിൽ അയക്കാൻ പോയതാ.ഇരുപതിനായിരം സ്ക്വയർഫീറ്റിന്റെ വീടാണ്.എന്റെ ആദ്യത്തെ വർക്ക് അല്ലെ, ഞാൻ പൈസയൊന്നും വാങ്ങിയില്ല."

"എത്ര സ്ക്വയർ ഫീറ്റെന്നാ പറഞ്ഞെ?"

"ഇരിവയിനായിരം"

അനീഷ് അമർത്തി ഒന്നു മൂളി. എന്നീട്ട് " ടാ സൂത്രാ.. ഞാൻ ദേ ആയുധം വെച്ചിട്ടൊള്ള കളിയാണ് ഒന്നു മിണ്ടാണ്ടിരി. അവന്റെ ഒരു യുകെ, ഇരുപതിനായിരം സ്ക്വയർഫീറ്റിന്റെ വീട്, സായിപ്പ്...ചന്ദ്രേട്ടന്റെ ചെവിപോയാൽ ആസ്പത്രി ചെലവ് ഞാൻ കൊടുക്കണം"

ഇതാണ് മ്മടെ ടീം. സൂര്യനു താഴെയും മോളിലും ആയി ഇദ്ദേഹത്തിന്റെ കണ്ട്രോളിൽ അല്ലാത്തത് ഒന്നേ ഉള്ളൂ.അദ്ദേഹത്തിന്റെ നാക്ക്.


പിന്നൊരിക്കൽ കേന്ദ്രത്തിൽ നിന്നുള്ള ആരോ കേരളം സന്ദർശിച്ചപ്പോൾ മൂന്ന് ഹെലികോപ്റ്റർ മ്മടെ കോടംകുളം മെട്രോപോളിറ്റൻ സിറ്റിക്കുമുകളിലൂടെ താഴ്ന്ന് പറന്നു.ചായക്കടയിലിരുന്ന് തോമസേട്ടൻ " ഈ ക്ണാപ്പ് ഇത്രേം താഴ്ന്നു പറക്ക്വോ" എന്നു ആശ്ചര്യപ്പെട്ടു.

ശശിയേട്ടന്റെ ചായപ്പീടികയിൽ സൂത്രനും ഉണ്ടായിരുന്നു.ഒരു ചാൻസ് കിട്ടിയാ വിടുമോ മ്മടെ ഗെഡി.

"ഇത്രക്കൊന്ന്വല്ല.. ഇതിലും താഴെ വരും.കഴിഞ്ഞേന്റെ മുമ്പത്തെ മാസം ഒരു സംഭവണ്ടാർന്നു.മ്മടെ കുഞ്ചാത്തേട്ടൻ രാമന്മാഷ്ടെ പറമ്പിൽ തെങ്ങിന്റെ തടം തൊറക്കാറയിരുന്നു.ഒരു രണ്ട് മണി ആയപ്പോ ആരോ "ചേട്ടോ" ന്ന് വിളിച്ചപോലെ തോന്നി കുഞ്ചാത്തേട്ടന്. ഗെഡി പണി നിർത്തി ചുറ്റും നോക്കി.ആരുല്ല്യ. പിന്നെയും ഒരു വിളി. കുഞ്ചാത്തേട്ടൻ പിന്നീം പണി നിർത്തി "ആർണത്" ന്നു ചോയ്ച്ചു.ആരീം കാണാൻല്യ. ന്ന്ട്ട് കെളക്കാനായി കൈക്കോട്ട് പൊക്ക്യപ്പോ കൈക്കോട്ട് എന്തിലോ തട്ടി. മേപ്പട്ടു നോക്ക്യപ്പളല്ലേ.....ഒരു ഹെലികോപ്റ്റർ . അയ്ന്റുള്ളിലെ പൈലറ്റാണ് കുഞ്ചാത്തേട്ടനെ വിളിച്ചത്.അയാൾക്ക് കൊച്ചീൽക്കൊള്ള വഴി അറിയാണ്ട് കുഞ്ചാത്തേട്ടനോട് ചോയ്ക്കാൻ ഹെലികോപ്ടർ താഴ്തീതാ.കുഞ്ചാത്തേട്ടൻ പറഞ്ഞോടുത്തു ഇരിഞ്ഞാൽട പോയീട്ട് ചാലക്കുടി പിടിച്ച് റൈറ്റ് വിട്ടാൽ മതീന്ന്.അയാൾ ഒരു താങ്ങ്സും പറഞ്ഞ് സ്കൂട്ടായി."


ശ്വാസമടക്കിപ്പിടിച്ചിരുന്ന് കേട്ട് ഓഡിയൻസിൽ സുപ്രൻ ചേട്ടനു മാത്രമെ എന്തെങ്കിലും പറയാൻ കഴിഞ്ഞുള്ളൂ." ശ്ശെ.. കുഞ്ചാത്തനു മൂന്നുപീടിക കൊടുങ്ങല്ലൂർ റൂട്ട് പറഞ്ഞ് കൊടുക്കാമായിരുന്നു.അതല്ലെ എളുപ്പം" .


സൂത്രൻ ചായ മുഴുവനാക്കിയില്ല.



ഇദ്ദേഹം ഇത്രയും ഒക്കെ ഫേമസ് ആവുന്നതിനു മുൻപുള്ള കുട്ടിക്കാലത്തെ ഒരു സംഭവം ആണ് ഇനി.

അമ്പലനടയിൽ ദിനുചേട്ടൻ ഗൾഫിൽ നിന്നും കൊണ്ട് വന്ന പുത്തൻ ചെസ് ബോർഡ് വച്ച് കുട്ടേട്ടനും കൊച്ചൻ കണ്ണനും തലപുകച്ച് കളിക്കുന്നു. ബോർഡിൽ ഒട്ടിപ്പിടിക്കുന്ന കീഴെ കാന്തമുള്ള ഒഴുക്കൻ കരുക്കൾ,ചെസ്സ് ബോർഡ് മടക്കുമ്പോൾ അതിന്റെ പിന്നിൽ സ്പോഞ്ചിൽ കരുക്കൾ അടുക്കിവക്കാനുള്ള സെറ്റപ്പ്.ഞങ്ങൾക്കിതൊക്കെ പുതുമയായിരുന്നു.

തോറ്റവർ മാറണമെന്നാണ് നിയമം.കുട്ടേട്ടൻ ഒരു സൈഡിൽ ഉറച്ചിരിക്കുന്നു.മറ്റേ സൈഡിൽ ചിൽഡ്രൻസ് പാർക്കിൽ ഇഴുകിയിറങ്ങിക്കളിക്കാൻ സ്റ്റെപ് കയറി ക്യൂ നിൽക്കുന്ന കുട്ടികളെ പോലെ ഞാനടക്കമുള്ള അമ്പലനടയിലെ പിള്ളേർസ്. ആനന്ദും കസ്പറോവും കളിക്കുന്നപോലെ ഒന്നും അല്ല. കുട്ടേട്ടന്റെ കൂടെ കളിക്കുമ്പോൾ ചെസ്സ് കളിയുടെ ട്വന്റി-ട്വന്റി മാച്ച് പോലെയാണ്. കളി പടേന്ന് തീരും.

ഇതിനിടയിൽ എവിടെ നിന്നോ ചാടി വീണു മ്മടെ ടീം.

വന്ന പാടെ കുട്ടേട്ടന്റെ എതിരെ കളിക്കുന്ന കക്കുവിന്റെ സൈഡിൽ നിന്നു ബോർഡിലേക്ക് രൂക്ഷമായി ഒന്നു നോക്കി. കണ്ണുകൊണ്ടും കൈകൊണ്ടും ചെസ്സ് നിയമങ്ങളിലെ നിമ്നോന്നതങ്ങളില് ഒരു കാൽക്കുലേഷൻ നടത്തി. എന്നീട്ട് ആരോടും ഒന്നും ചോദിക്കാതെ തേരിനു മുന്നിലിരുന്ന കാലാളിനെ ഒരു കള്ളി മുന്നോട്ട് നീക്കി. അവന്റെ വരവും കണക്കു കൂട്ടലും നീക്കവും കണ്ട ഞങ്ങളെല്ലാവരും കുട്ടേട്ടന്റെ തോൽവി കാണാനായി ഒരുങ്ങിയിരുന്നു. ആ കളി പ്രതീക്ഷിച്ചതിലും നേരത്തെ തീർന്നു.കക്കുവിനു സ്ഥാനം ഒഴിയേണ്ടി വന്നു.

വിജയിയായ കുട്ടേട്ടനെ നോക്കി സൂത്രൻ പറഞ്ഞു." ഞാൻ കളി പകുതിയായപ്പോഴല്ലെ വന്നതു,അതോണ്ടാണ്... ഇന്നാളിതുപോലെ മ്മടെ ഡ്രൈവർ സുരേഷേട്ടനുമായി ഉണ്ണിച്ചേട്ടൻ കളിച്ചോണ്ടിരുന്നപ്പോ ഞാൻ ചെന്ന് ഉണ്ണിച്ചേട്ടനെ ജയിപ്പിച്ചു.അതു ഇതു പോല്യൊന്നുമല്ല. ഞാൻ ചെല്ലുമ്പോ ഉണ്ണിച്ചേട്ടന്റെ രാജാവിനെ വരെ സുരേഷേട്ടൻ വെട്ടിയിടുത്തിരിക്കാർന്നു.ആകെ ഉണ്ണിച്ചേട്ടനുള്ളതു തേരും മന്ത്രീം. പിന്നെ ഞാൻ ഈ രണ്ട് കരുക്കളും വെച്ച് സുരേഷേട്ടന്റെ എല്ലാ കരുക്കളും വെട്ടി കളി ജയിച്ചു."

"ആ കരുക്കൾ വച്ച് നീ സുരേഷിനെ വെട്ടിയില്ലല്ലോ. അവൻ ഇപ്പോഴും ജീവനോടെയുണ്ടല്ലോ, അവന്റെ ഭാഗ്യം" കുട്ടേട്ടന്റെ മറുപടി.