Wednesday, May 19, 2010

നിഷ്കളങ്കമായ ചോദ്യം

"ഗാറ്റിന്റ് യൊകാ അന്രോൽ ഡാൺ യ വീന്റാസ്.."

"ദെന്തപ്പൊ ഇവിടിണ്ടായെ" എന്ന മട്ടിൽ ഞാൻ ആ മദാമ്മ വല്ല്യമ്മച്ചിയുടെ മുന്നിൽ ഒരു വളിച്ച ചിരിയും ചിരിച്ച് നിന്നു. സത്യം പറഞ്ഞാൽ ആദ്യം വായിൽ വന്നത് "യേയ് ഞാനെടുത്തില്ല, സത്യമായിട്ടും " എന്നാണ്‌. ഭാഗ്യത്തിന്‌ അതു പുറത്ത് വന്നില്ല.

എന്റെ നില്പും ഭാവവും കണ്ടപ്പോൾ അവർ നേരത്തെ പറഞ്ഞ സെന്റൻസിലെ വാക്കുകൾക്കിടയിൽ ഓരൊ സ്പേസ് വീതം ഇട്ട് ഇത്തിരി എനർജി കൂട്ടി വീണ്ടും പറഞ്ഞു.

"ഗെറ്റ്.... ഇന്റു.... യുവർ.... കാർ, ഏന്റ്.... റോൾ.... ഡൗൺ... യുവർ... വിൻഡോസ് "

"ഒ.. ഇതാണോ, ഇതു പറഞ്ഞാൽ പോരെ" എന്ന ഭാവത്തിൽ ചാടി കാറിൽ കേറി വിൻഡോ താഴ്ത്തി.

"ലെഫ്റ്റ് ഇൻഡിക്കേറ്റർ.. റൈറ്റ് ഇൻഡിക്കേറ്റർ.. ബ്രേക്ക്... ഹോൺ.." മദാമ്മ വല്ല്യമ്മച്ചി കിടന്ന് കാറുന്നു. ഇതെല്ലാം വർക്കിങ്ങ് കണ്ടീഷൻ ആണെന്ന് ഉറപ്പു വരുത്തിയ ശേഷം അവർ ഫ്രന്റ് ഡോർ തുറന്ന് കാറിൽ ഇരുന്നു. തീരെ ഭാരമില്ലാത്ത അവർ റൈറ്റ് സൈഡിൽ ഇരുന്നതും കാർ ലാലേട്ടന്റെ ഷോൾഡർ പോലെ അങ്ങോട്ട് ഒന്നു ചരിഞ്ഞു.

"സ്റ്റാർട്ട് ആൻഡ് ടേക്ക് റിവേഴ്സ്"

"എന്റെ കൊണ്ടർ മുത്തപ്പാ.. എന്നെയും ഈ മദാമ്മ വല്ല്യമ്മച്ചിയേയും കാത്തോളണെ" എന്ന് മനസ്സിൽ പറഞ്ഞ് വണ്ടിയെടുത്തു.

പിന്നെ വല്ല്യമ്മച്ചി പറഞ്ഞതനുസരിച്ച്, കാർ ഓടിച്ചും വളച്ചും തിരിച്ചും അവസാനം തുടങ്ങിയ സ്ഥലത്ത് തന്നെ കൊണ്ട് വന്നു നിർത്തി.

"എങ്ങനിണ്ട്?..ഞാൻ പുലിയല്ലെ?" എന്ന ചോദ്യം മുഖത്തെഴുതി വച്ച് വല്ല്യമ്മച്ചിയെ നോക്കുമ്പോൾ പരീക്ഷയുടെ അവസാന ബെല്ലും അടിച്ച് കഴിഞ്ഞിട്ടും എഴുതി തീരാത്ത കുട്ടികളെ പോലെ കയ്യിലുള്ള പേപ്പറിൽ എന്തൊക്കെയൊ എഴുതുന്നു.

എഴുതി കഴിഞ്ഞതും എന്നെ നോക്കി നിർദാക്ഷിണ്യം "ഐ വുഡ് റെക്കമന്റ് മോർ പ്രാക്റ്റീസ് ഫൊർ യൂ" എന്ന് പറഞ്ഞു.

അതു വരെ തിളങ്ങി ചന്ദ്രക്കല പോലെ മുകളിലോട്ട് നിന്നിരുന്ന എന്റെ സ്മൈലി :)... കരിഞ്ഞ തേങ്ങാക്കൊത്ത് പോലെ ഡൗൺ ആയി :(

"ഒന്നുമില്ലെങ്കിലും ജീവനൊരാപത്തും കൂടാതെ തിരിച്ചെത്തിച്ചതിന്റെ പ്രതിഫലമായിട്ടെങ്കിലും ആ ലൈസൻസ് ഒന്നു അപ്രൂവ് ചെയ്തൂടെ കെളവീ" എന്നു മനസ്സിൽ പറഞ്ഞു.

പിന്നെ കയ്യിലെ കടലാസിൽ എഴുതിവച്ചിരിക്കുന്നതെല്ലാം ഓരോന്നായി വിശദീകരിച്ചു തന്നു. അതൊക്കെ ഞാൻ വരുത്തിയ തെറ്റുകളാണെന്നു പറഞ്ഞപ്പോൾ എനിക്ക് എന്നെക്കുറിച്ചു തന്നെ അഭിമാനം തോന്നി.

അങ്ങനെ ഡ്രൈവിങ്ങ് ടെസ്റ്റും തോറ്റ്, തിരിച്ച് റൂമിലേക്ക് കൂട്ടുകാരന്റെ കൂടെ വണ്ടിയിൽ ഇരിക്കുമ്പോൾ നാട്ടിൽ വച്ച് ലൈസൻസ് ടെസ്റ്റിനു പോയ സംഭവം ഓർത്ത് ചിരിക്കുകയായിരുന്നു.

**** **** **** *****
ഡിഗ്രി ഒന്നാം വർഷം പഠിക്കുന്ന കാലം.

കസിൻ ബ്രദറും, സന്തത സഹചാരിയും ,ഒരു മിനി ലൗഡ്‌സ്പീക്കറും ടെക്നിക്കൽ ആൻഡ് ഫിലോസഫിക്കൽ ഉപദേഷ്ടാവും, സർവ്വോപരി ചെസ് കളിക്കുമ്പോൾ എനിക്ക് ആകെ തോല്പ്പിക്കാൻ പറ്റുന്നയാളും ആയ രാമുട്ടിയും ഞാനും കൂടെയാണ്‌ ഡ്രൈവിങ്ങ് പഠിക്കാൻ പോവുന്നത്.

കൊടുങ്ങല്ലൂരിലെ ഹാഷിം ഡ്രൈവിങ്ങ് സ്കൂളിൽ ആണ്‌ അഭ്യസനം.ക്ലാസ്സുള്ളതിനാൽ അതിരാവിലെയും വൈകീട്ടും ആണ്‌ വളയം പിടിക്കാനിറങ്ങുന്നത്. ഞങ്ങളെ പഠിപ്പിക്കുന്നതും ഞങ്ങൾ ആശാനെന്ന് വിളിക്കുന്നതും സമപ്രായക്കാരനായ ലത്തീഫിനെയാണ്‌. ആശാൻ മഹാ ഒഴപ്പാണ്‌. തുലാവർഷം പെയ്തൊഴിയാതെ നിൽക്കുന്ന പുലർകാലങ്ങളിൽ ഡ്രൈവിങ്ങ് പഠിക്കാനുള്ള ആ "തൊര" കൊണ്ട് അഞ്ച് മണിക്ക് ഞാനും രാമുട്ടിയും തണുത്ത് വിറച്ച് കുട്ടേട്ടന്റെ പീടികക്കുമുന്നിൽ ആശാനെ കാത്ത് നിൽക്കുമ്പോൾ ആശാൻ കമ്പിളിക്കുള്ളിൽ സുഖനിദ്രയിൽ ആയിരിക്കും.

അങ്ങനെയുള്ള ആശാനായതുകൊണ്ടാവാം, മഹീന്ദ്രയുടെ ട്രാക്സിനെ മെരുക്കാൻ കുറച്ച് പാട് പെടേണ്ടി വന്നു. ഞങ്ങളും വളവനങ്ങാടിയിൽ നിന്നുള്ള മനോജും പിന്നെ വേറെ രണ്ട് പേരും. ഒരു ദിവസം 45 മിനിറ്റോളം ഓടിക്കാം.

"ക്ലച്ച് ചവിട്ടി ഗിയർ മാറ്റെടാ" എന്ന് ആശാൻ ആവേശത്തോടെ പറയും."ഇപ്പ മാറ്റാം" എന്നും പറഞ്ഞ് പോക്കറ്റിൽ നിന്ന് വീണ എന്തോ തപ്പുന്നതുപോലെ താഴേക്ക് നോക്കി "ഇതിലേതാ ആശാൻ പറഞ്ഞ സുന" എന്നാലോചിക്കുന്ന സ്റ്റേജൊക്കെ കഴിഞ്ഞ് വണ്ടി തന്നിഷ്ടം ഒക്കെ വെടിഞ്ഞ് ഞങ്ങളുടെ വഴിക്ക് വരാൻ തുടങ്ങിയതുമുതൽ ഡ്രൈവിങ്ങ് ടെസ്റ്റിനെക്കുറിച്ചായി ചിന്ത.

അതിനുള്ളിൽ തന്നെ ലൈസൻസ് എടുത്ത തറക്കണ്ണനും തിലകൻ ചേട്ടനുമൊക്കെ 'എച്ച്'','എട്ട് ' എന്നൊക്കെ പറയുന്നതുകേട്ടിരുന്നു. എച്ചിന്റെയും എട്ടിന്റെയും ആകൃതിയിൽ വണ്ടി ഓടിക്കണം എന്നുള്ള ബേസിക് ഐഡിയയും കിട്ടിയിരുന്നു.

ക്ലാസ്സിൽ ടീച്ചേഴ്സ്നോട് ഔട്ട് ഓഫ് സിലബസ് സംശയങ്ങൾ ചോദിച്ച് ഷൈൻ ചെയ്യുന്ന ചില ചീപ് പഠിപ്പിസ്റ്റുകളെപ്പോലെ , വണ്ടിയിലെ മറ്റുള്ളവരുടെ മുൻപിൽ ആളാവാൻ ഞാനും രാമുട്ടിയും ഇടക്കിടെ ഇതൊക്കെ എടുത്ത് വീശും. ആശാനും ബാക്കി ടീംസും മൈൻഡ് ചെയ്യാറില്ല.

ഒരു ശനിയാഴ്ച ഡ്രൈവിങ്ങ് ടെസ്റ്റ് എടുക്കാമെന്ന് ആശാൻ പറഞ്ഞു. വെള്ളിയാഴ്ച് വൈകീട്ട് 'എച്ച്' എടുക്കാൻ പഠിപ്പിക്കും, ശനിയാഴ്ച് അഴീക്കോട് ഏതൊ ഒരു ഗ്രൗണ്ടിൽ ടെസ്റ്റ്.

വെള്ളിയാഴ്ച പറഞ്ഞ നേരത്ത് 'എച്ച് ' എടുക്കാൻ പഠിപ്പിക്കാമെന്നേറ്റ സ്പോട്ടിൽ ഞങ്ങളെത്തി. അരമണിക്കൂർ കഴിഞ്ഞു , ഒരു മണിക്കൂർ കഴിഞ്ഞു.നോ ആശാൻ..!!! കുറെക്കഴിഞ്ഞപ്പോൾ അതിലെ സൈക്കിളിൽ വന്ന മനോജ് ആശാന്റെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു.

"ഡാ.. ആശാൻ വെർല്ല്യട്ടാ.. അങ്ങേര്‌ വെള്ളടിച്ച് ഓഫായി വീട്ടീക്കെടക്കൺണ്ട്.."..

"ഈശ്വരാ.. നാളെ ടെസ്റ്റ്..എന്തു ചെയ്യും" ഞാൻ

"വെര്‌ണത്...വെരട്ടറാ..നമ്മക്ക് നാളെ ടെസ്റ്റിനു പുവാം" എന്റെ മോറൽ സപ്പോർട്ടർ..

അങ്ങനെ പിറ്റേന്ന് രാവിലെ ഒമ്പത് മണിക്ക് ഞങ്ങൾ കൊടുങ്ങല്ലൂരിലെ ഡ്രൈവിങ്ങ് സ്കൂൾ ഓഫീസിൽ എത്തി. ഞങ്ങളടക്കം 7 പേർ ടെസ്റ്റ് എടുക്കാനായി എത്തിയിരുന്നു.അവിടെ നിന്ന് ടെസ്റ്റ് എടുക്കാനായി ഞങ്ങളെ ഓഫീസിൽ ഇരുന്ന ഒരു ഓഫീസർ ഗെറ്റപ്പിൽ ഷൂസും പാൻസും ഇട്ട് ഷർട്ട് ഒക്കെ ഇൻസർട്ട് ചെയ്ത ഒരാളാണ്‌ ടെസ്റ്റെടുക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോയത്.ആ ഗെറ്റപ് ഒക്കെ കണ്ടപ്പോൾ ഞങ്ങൾക്ക് 'ആശാൻ' എന്നു വിളിക്കാൻ ഒരു മടി. ഒന്നു പരിഷ്കരിച്ച്‌ 'സാർ' എന്നാക്കി. ലൈൻ ബസ്സിലാണ്‌ യാത്ര.

ബസ്സിന്റെ ബാക് സീറ്റിൽ എല്ലാവരും കതിനകുറ്റികൾ വച്ച പോലെ നിരന്നിരുന്നു. സാർ തൊട്ട് മുൻപിലത്തെ സീറ്റിലും. അഴീക്കോട് എത്തുന്നതിനു മുൻപ്, രാമുട്ടിക്ക് ഒരു സംശയം.

സാറിനെ തൊട്ട് വിളിച്ച്, ബസ്സിന്റെ ഇരമ്പലിലും അവന്റെ ശബ്ദം കേൾക്കുമെന്നുറപ്പിക്കാനായി ലൗഡ്‌സ്പീക്കർ ഫുൾ വോളിയത്തിൽ ഇട്ട് ഒരൊറ്റ ചോദ്യം.

"അതെയ്.. സാറെ ഒരു ശംശയം..ഈ ഡ്രൈവിങ്ങ് ടെസ്റ്റിനേ...കാപ്പിറ്റൽ ലെറ്റർ 'എച്ച്' ആണോ അതോ സ്മോൾ ലെറ്റർ 'എച്ച്' ആണോ എടുക്കണ്ടേ???"

"അതുശരിയാണല്ല്ലോ.. ശെടാ..ഈ സംശയം എന്തുകൊണ്ട് എനിക്കു വന്നില്ല" എന്നാലോചിച്ച് മറുപടിക്കായി സാറിന്റെ മുഖത്തേക്ക് നോക്കി.

സാറിന്റെ മുഖഭാവം കണ്ടപ്പോൾ "സാറിന്റെ പെങ്ങളെ കെട്ടിച്ച് തരുമോ" എന്നൊ മറ്റൊ ആണോ രാമുട്ടി ചോദിച്ചതെന്ന് തോന്നിപ്പോയി. ബസ്സിലെ ആൾക്കാർ ചിരിച്ച് കൊണ്ട് ആശാനെയും രാമുട്ടിയെയും മാറി മാറി നോക്കി. സംഗതി എന്തൊ കൈവിട്ട് പോയെന്ന് മണത്തതും "ഞാൻ അവനെ അറിയുകേയില്ല.. ഞാൻ വേറെ ടീം.. " എന്ന റോളിൽ രാമുട്ടിയേയും സാറിനെയും നോക്കി. സാർ ഒന്നും മിണ്ടാതെ നേരെ തിരിഞ്ഞിരുന്നു.

ഇത്ര സില്ലി ക്യൊസ്റ്റിനുപോലും ആൻസർ അറിയാതെയാണൊ ഷർട്ട് ഒക്കെ ഇൻസർട്ട് ചെയ്ത് നടക്കുന്നെ എന്ന ഭാവത്തിൽ രാമുട്ടി സാറിനെയും ബാക്കി ഉള്ളവരെയും നോക്കി.

അന്നെന്തായാലും അവൻ ആണ്‌ എന്നെക്കാൾ 'പുലിടാവ് ' എന്ന് തെളിയിച്ചു. ഞാൻ ഡ്രൈവിങ്ങ് ടെസ്റ്റ് എടുത്ത് കഴിഞ്ഞപ്പോൾ 'എച്ച് ' ന്റെ 2 കമ്പികൾ മാത്രമേ ബാക്കി വച്ചുള്ളു. അവൻ 4 എണ്ണം ബാക്കി വച്ചു.

14 comments:

  1. പതിവ് പോലെ തകര്‍ത്തു. തേങ്ങ എന്‍റെ വക :)

    ReplyDelete
  2. Athu Sari

    Ingane randu testukal kadannaano Puthr ingal Blogingunu irangeethu!
    Sanagthi Kollaam!

    Naale thanne vere blog ittolo!

    Vayaru niranjittilla!

    ReplyDelete
  3. Uvvada uvva :) sathyam parayada. ninakku aa madaamma license tharathathu nee nere chovve vandi odikkathath kondo atho aa madammaye 'odikkan' sramichathu kondo?

    ReplyDelete
  4. kollaaam.... bimale.. ellaavareyum chirippichu kollumallo ingane poyaal... :)

    ReplyDelete
  5. നീ "പുലിടാവ്" തന്നെ അളിയാ...
    ഉസ്കൂളിനു ചീത്തപ്പേരുണ്ടാക്കാതെ പോയിപ്പണ്ടാരടങ്ങ് എന്നു പറഞ്ഞാണു എനിക്ക് അറബി ലൈസന്‍സ് തന്നു വിട്ടത് (6ആമത്തെ ടെസ്റ്റ്!!!). അതു വച്ചു നോക്കുമ്പോള്‍‌മദാമ്മ അമ്മച്ചി എത്രയോ ഭേദം.

    ReplyDelete
  6. ഇനിക്ക് ലൈസൻസ് കിട്ടീട്ടാ.. ഇപ്രാവശ്യം ഒരു വല്ല്യപ്പച്ചൻ ആയിരുന്നു. പുള്ളി എക്സ്ട്രാ ഡീസന്റ്..ഞാൻ അപ്പഴെ പറഞ്ഞില്ലെ കഴിഞ്ഞ പ്രാവശ്യം എന്റെ കൊഴപ്പം കൊണ്ടല്ല അടിച്ചുകിട്ടിയതെന്നു.

    ReplyDelete
  7. കൊള്ളാമെടാ...അപ്പൊ നിന്‍റെ ഡ്രൈവിംഗ് എങ്ങനെ ആണല്ലേ? ദൈവമേ, ഒരിക്കല്‍ തിരുവനന്തപുരത്ത് വച്ച് നിന്‍റെ ബൈക്കില്‍ ഞാന്‍ കേറിയതാണല്ലോ.. കാത്തല്ലോ മുത്തപ്പാ!!!

    ReplyDelete
  8. kalakki bimal.... kalakki.... :-)

    ReplyDelete
  9. കൊള്ളാം നന്നായിട്ടുണ്ട്... ഡ്രൈവിംഗ് ഇപ്പോഴെങ്കിലും പഠിച്ചോ ?
    എട്ടിന് പകരം രണ്ടു നാല് എടുത്താലും മതി :)

    ReplyDelete
  10. ക്ലാസ്സിൽ ടീച്ചേഴ്സ്നോട് ഔട്ട് ഓഫ് സിലബസ് സംശയങ്ങൾ ചോദിച്ച് ഷൈൻ ചെയ്യുന്ന ചില ചീപ് പഠിപ്പിസ്റ്റുകളെപ്പോലെ

    അതു കലക്കി.. അവസാനം കമ്പികളുടെ എണ്ണം പറഞ്ഞപ്പോ ചിരി പൊട്ടിപ്പോയി. നല്ല എഴുത്താണ്.

    ReplyDelete
  11. എനിയ്ക്കും ലൈസന്‍സ് കിട്ടി - http://kaarnorscorner.blogspot.com/2010/11/4-final.html

    ReplyDelete
  12. macha soooooooooooper................

    ReplyDelete
  13. നന്നായിട്ടുണ്ട്‌.ആസ്വദിച്ചു.

    ReplyDelete

ഒന്നും പറയാനില്ലെ?