Saturday, December 22, 2018

ഇരട്ടനക്ഷത്രങ്ങൾ

സമയം 9 ആകുന്നതേ ഉള്ളൂ.  പഴയ പ്രോജക്ട് ആയിരുന്നെങ്കിൽ ഇപ്പോൾ എഴുന്നേറ്റു പല്ലുതേക്കേണ്ട സമയമേ ആയിട്ടുള്ളൂ.പുതിയ പ്രൊജക്ടിൽ ഇന്ത്യക്കാർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. അവരൊക്കെ തന്നെ ഒരു പകുതി സായിപ്പ് റോളിൽ ആണ് ജോലി ചെയ്യുന്നത് . രാവിലെ 7 മണിക്ക് ഓഫീസിൽ എത്തുന്നവർ വരെ ഉണ്ട് അക്കൂട്ടത്തിൽ. എന്തിനാണാവോ ?

10 മണിക്ക് എത്തിയിട്ടും 5 മണി വരെ ഓഫീസിൽ സമയം ചിലവഴിക്കുന്നത് കേരളത്തിലെ ജാഗരൂകരായ പത്രപ്രവർത്തകരുടെ കനിവ് കൊണ്ടാണ്. അമേരിക്കൻ പത്രങ്ങൾ വായിച്ചിട്ട് എന്ത് മനസ്സിലാവാൻ ? എങ്കിലും  ഇടക്ക് സി എൻ എന്നും , ന്യൂയോർക് ടൈമ്സും ഒക്കെ എടുത്ത് ചിത്രങ്ങൾ നോക്കാറുണ്ട് . ഓൺലൈൻ പത്രങ്ങൾ ആയതുകൊണ്ട് , നാട്ടിലെ ചില ജാഡ ടീമ്സ് വന്നു "പത്രം തല തിരിച്ചാണോ വായിക്കുന്നത് " എന്ന് തോട്ടിയിടില്ല എന്ന  ധൈര്യവുമുണ്ട്.

സീറ്റിലേക്ക് നടക്കുന്ന വഴി എന്തൊക്കെയോ സീരിയസ് ആയി സംസാരിച്ച് ടെക്നിക്കൽ ഡയറക്ടറും , മാനേജറും ഒരു മുറിയിലേക്ക് കയറുന്നതു  കണ്ടു . ഒന്ന് ശങ്കിച്ചു . ഇന്നലെ ഞാൻ കൈവച്ച എന്തെങ്കിലും പണി എന്റേതല്ലാത്ത കാരണങ്ങളാൽ പൊട്ടിയിട്ടുണ്ടാവുമോ ?  "എന്റേതല്ലാത്ത കാരണങ്ങൾ" എന്ന് എടുത്ത് പറായാൻ കാരണമുണ്ട് . കോഡ് ഒക്കെ നന്നായി പൊട്ടിക്കാനും കഴിവ് വേണം.  അതൊക്കെ നല്ല പണിക്കാർക്ക് പറഞ്ഞിട്ടുള്ളതാണ് .

സീറ്റിൽ എത്തി ബാഗ് വച്ച് തൊട്ടപ്പുറത്ത് ഇരിക്കുന്നവൾ വന്നിട്ടുണ്ടോ എന്ന് നോക്കി. എമിലി . അവൾ പോളണ്ട് കാരിയാണ് . പണ്ടേ പോളണ്ട് മലയാളിക്ക്  ഒരു വീക്നെസ് ആണല്ലോ. അത് കൊണ്ട് ഇടക്കിടെ അവൾ എന്തെങ്കിലും ചോദിക്കുമ്പോൾ ഞാൻ എന്റെ നാട്ടിലെ കണ്ണപ്പന്റേം , ബിജുവിന്റേം വീട്ടിലെ പട്ടിയുടെ കാര്യം വരെ പറയാറുണ്ട്.  പോളണ്ടുമായുള്ള നയതന്ത്ര ബന്ധം നില നിർത്തേണ്ടത് ഒരു കേരളീയനെന്ന നിലക്ക് എന്റെ കടമയല്ലേ !! ഈയിടെ ആയി കണ്ണപ്പന്റേം ബിജുവിന്റേം കാര്യം ഞാൻ തുടങ്ങുമ്പോഴേക്കും അവൾ "എസ് ക്യൂസ് മീ " പറയാറുണ്ട് . പാവം ഇപ്പോൾ ജോലിയുടെ നല്ല തിരക്കാണെന്ന് തോന്നുന്നു.

ഇന്ന് അവളെ സീറ്റിൽ കാണാനില്ല , ബാഗും ഇല്ല. ലീവ് ആയിരിക്കും .സാരമില്ല ഇന്ന് വേറേ ഏതെങ്കിലും രാജ്യവുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ നോക്കാം .

സീറ്റിൽ ഇരുന്നു മാതൃഭൂമിയുടെ പ്രധാന വാർത്ത വായിച്ച് തീരുന്നതേ ഉണ്ടായിരുന്നുള്ളൂ. പിന്നിൽ ഒരു "ഹേയ്  മാത്യൂസ് " കേട്ടു.

തിരിഞ്ഞ് നോക്കിയപ്പോൾ ഡയാന . അവർക്ക് ഒരു 65  വയസ്സ് കാണും . അമേരിക്കക്കാരിയാണ്. കൈയ്യിൽ ഒരു ഗ്രീറ്റിംഗ്‌സ് കാർഡും ഉണ്ട്.  ഈ ബൂർഷാ രാഷ്ട്രവുമായി ഒരു നയതന്ത്ര ബന്ധം കേരളീയർക്ക് താല്പര്യമില്ലാത്തതാണെന്ന് അവർക്കറിയാവുന്നതല്ലേ?

"ദിസ് ഈസ് ഫോർ എമിലി, ക്യാൻ യു പാസ് ഇറ്റ് റ്റു നെക്സ്റ്റ് വൺസ് യു റൈറ്റ്  ".  ഗ്രീറ്റിംഗ് കാർഡ് എനിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.

"ഷുവർ " ഞാൻ ഗ്രീറ്റിംഗ് കാർഡ് വാങ്ങി കൊണ്ട് പറഞ്ഞു. എമിലി എന്ന പേര് കേട്ടതും എന്റെ ഉള്ളിലെ നയതന്ത്ര വിദഗ്ദൻ ഉണർന്നു.

അവർ നടന്ന് അകന്നു.

ഇത് പോളണ്ടുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ അമേരിക്ക ഇടപെട്ട് കേരളത്തിന് നൽകിയ ഒരു അവസരമായാണ് ഞാൻ എടുത്തത് .

അടുത്ത 5 നിമിഷം ഞാൻ ആ കാർഡിൽ എന്തെഴുതും എന്ന്  ആലോചനയിൽ മുഴുകി.  ഒന്നാം ക്ലാസ്സിൽ പഠിച്ച പദ്യം മുതൽ കോളേജിൽ ഇമ്പോസിഷൻ എഴുതിയ ഗദ്യം വരെ മനസ്സിലൂടെ നൂറേ നൂറിൽ പാഞ്ഞു പോയി. പക്ഷെ മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് വരുമ്പോഴേക്കും സംഭവം കയ്യിൽ നിന്നും പോവും. അവസാനം ചെറിയ ലളിതമായ എന്തെങ്കിലും എഴുതിയിട്ട് ചെറിയ എന്തെങ്കിലും ചിത്രപ്പണികൾ ഒക്കെ ചെയ്യാമെന്ന് തീരുമാനിച്ചു.

ചുരുക്കി പറഞ്ഞാൽ നമുക്കറിയാവുന്ന "വെൽക്കം റ്റു ഊറ്റി , നൈസ് റ്റു മീറ്റ് യു "  റെയിഞ്ചിൽ ഒരു ലൈൻ. പക്ഷെ ബാക്കി ഉള്ളവർ ആ കാർഡിൽ എഴുതുന്ന വരികളിൽ നിന്നും വെറൈറ്റി ആയിരിക്കണം. എമിലി തുറക്കുമ്പോൾ ഞാൻ എഴുതിയതായിരിക്കണം ആദ്യം കാണേണ്ടത് . ലളിത മായ ചിത്രപണികൾ അതിനു സഹായിക്കും .

അവസാനം "മൈ ബെസ്ററ് വിഷസ് .. മെനി മെനി റിട്ടേൺസ് ഓഫ് ദി ഡേ - വിത്ത് ലവ് മാത്യൂസ്  " എന്ന് കറുപ്പ് നീല എന്നീ നിറങ്ങൾ ഇടകലർത്തി ഭംഗിയായി എഴുതി . ചുറ്റും പച്ച നിറത്തിൽ ഒരു ബോർഡർ വരച്ചു. എന്നിട്ട് സാമാന്യം വലിപ്പത്തിൽ ചുവന്ന സ്കെച്ച് പേന കൊണ്ട് രണ്ട് നക്ഷത്രങ്ങളും വരച്ചു. കാർഡ് ഒന്ന് അകത്തി പിടിച്ച് നോക്കി . ഓക്കേ .. വെറൈറ്റി തന്നെ.

കാർഡ് മടക്കി കവർ ഇട്ടു അടുത്ത ആൾക്ക് കൊടുക്കാനായി സീറ്റിൽ നിന്നും എഴുന്നേറ്റു. വഴിയിൽ വീണ്ടും ഡയാന . അവരോട് കാർഡ് ഇനി ആർക്ക് കൊടുക്കണം എന്ന് ചോദിച്ചു.

"മാർട്ടിൻ ഈസ് ഇൻ മീറ്റിംഗ് , യു മേ കീപ് ഇറ്റ് അറ്റ് ഹിസ് ഡെസ്ക് ."

അവർക്ക് നടക്കുന്നതിനു മുൻപ് ഞാൻ ചോദിച്ചു . "വെർ ഈസ് എമിലി ?"

അവർ പറഞ്ഞു "പുവർ എമിലി , ഹേർ ക്യൂട്ട് ഡോഗ് ഡൈഡ്  ലാസ്‌റ്റ് ഡേ , ഷീ മൈറ്റ് കം ടുമോറോ "

ഞാൻ കേട്ടത് ശരിയാണോ എന്നറിയാൻ ഒരു പ്രാവശ്യം കൂടി  ചോദിച്ചു.

അതെ അവളുടെ കൂടെ 6 വർഷമായി ഉള്ള നായ ചത്തതിനാണ് അവൾ അവധിയെടുത്തത് .  ആ നായ അവളുടെ ജീവനായിരുന്നു.

അല്ല, അപ്പൊ ഈ ഗ്രീറ്റിംഗ് കാർഡ് !!!..

ഞാൻ അപ്പോഴാണ് അതിന്റെ മുഖചിത്രം ശ്രദ്ധിക്കുന്നത്.  ഒരു നായയുടെ ചിത്രവും അനുശോചന സന്ദേശവും .

"പോയി .... സംഭവം കയ്യിൽ നിന്നും പോയി  " ഞാൻ വിയർത്തു. നായ ചത്തതിന് ഗ്രീറ്റിംഗ്‌സ് കാർഡോ?

തിരിച്ച് സീറ്റിൽ  പോയിരുന്നു. ഒന്നാം ക്ലാസ്സിലെ പദ്യവും കോളേജിലെ ഗദ്യവും പോയിട്ട് എന്റെ പേര് വരെ ഞാൻ ഓർത്തെടുക്കാൻ ബുദ്ധിമുട്ടി.

കാർഡ് തുറന്ന് നോക്കി. ശരിയാണ്, ആദ്യം കാണുന്നത് ആ ചുവന്ന ഇരട്ട നക്ഷത്രങ്ങൾ . പിന്നെ വർണ്ണാഭമായ എന്റെ വരികളും എളിയ കലാ സൃഷ്ടിയും . ഒരു പറ്റം അനുശോചന സന്ദേശങ്ങൾക്കിടയിൽ എന്റെ വരികൾ കൊലമാസ്സ് വെറൈറ്റി തന്നെ ആണ്.

"മൈ ബെസ്ററ് വിഷസ് .. മെനി മെനി റിട്ടേൺസ് ഓഫ് ദി ഡേ - വിത്ത് ലവ് മാത്യൂസ്  " 

എന്ത് ചെയ്യും , പുതിയ കാർഡ് വാങ്ങിയാൽ ഇത്രയും പേരുടെ സന്ദേശങ്ങൾ ഇനിയും വാങ്ങണം. അവരോട് കാര്യം പറയണം. അതും ഇംഗ്ലീഷിൽ .  ശരിയാവില്ല .

അവസാനം മലയാളിയുടെ സ്ഥിരം വഴി തന്നെ തിരഞ്ഞെടുത്തു. എന്റെ സന്ദേശം പല നിറത്തിൽ ഉള്ള പേന കൊണ്ട് വെട്ടി വായിക്കാനാകാത്ത വിധമാക്കി . സാധാരണ ഒരു പേന കൊണ്ട് "മൈ കണ്ടോളാൻസ്‌  - മാത്യൂസ് " എന്ന് ഒരു മൂലക്ക് എഴുതി  . വെട്ടിയ സന്ദേശത്തിൽ ഒരു തരത്തിലും എന്റെ പേര് തിരിച്ചറിയാതിരിക്കാനായി  നന്നേ പാട് പെട്ടു. എങ്ങാനും സൂക്ഷിച്ച് വായിക്കാൻ അവൾ ശ്രമിച്ചാലോ എന്ന് കരുതി  "മാത്യൂസ് " എന്നത് "മാർട്ടിൻ " എന്ന് വായിക്കാൻ വേണ്ട പണികൾ ഒക്കെ ചെയ്തു.


അപ്പോഴും ആ ചുവന്ന ഇരട്ടനക്ഷത്രങ്ങൾ ഉദിച്ചു ഉയർന്നു തന്നെ നിൽക്കുന്നുണ്ടായിരുന്നു.