Saturday, June 6, 2015

പാചകലോകം

വര്ഷം 4 കഴിഞ്ഞു  എന്തെങ്കിലും എഴുതിയിട്ട് . ഇതിനിടയിൽ പലപ്പോഴായി എഴുതണം എന്ന് തോന്നിയിട്ടുണ്ട് . പക്ഷെ നടന്നില്ല. ഇന്ന് ഭാര്യയുടെ "സ്നേഹപൂർവ്വമുള്ള " നിര്ബന്ധത്തിനു വഴങ്ങി കോവക്ക തോരൻ ഉണ്ടാക്കികൊണ്ടിരുന്നപ്പോഴാണ് , എവിടുന്നാണെന്നറിയില്ല ഉള്ളിലെ അമേച്വർ എഴുത്തുകാരൻ ചാടിവീണു തോളിൽത്തട്ടി ചോദിക്കുകയാണ് " മച്ചു ,  ഇങ്ങനെ തോരനും ഉണ്ടാക്കിക്കൊണ്ടിരുന്നാൽ മതിയോ? പഴേ പരിപാടികൾ ഒക്കെ മറന്നോ" എന്ന്.

ഞാൻ പറഞ്ഞു -  " നീ അവിടെ ഇരുന്നു വിഷയം  വല്ലതും ആലോചിക്കൂ , ഞാൻ  ദാ ഈ തോരൻ ഒന്ന് ഇറക്കിയിട്ടു ഇപ്പോ വരാം".

അടുക്കളയിൽ നിന്നും ഇറങ്ങി വിഷയം ആലോചിക്കാൻ വിട്ട പഴയ ബ്ലോഗ്ഗറുടെ അടുത്തേക്ക് ലാപ്ടോപ്പും ആയി ചെന്നു. സിറ്റൗട്ടിൽ ഒരു മാരക ആധുനിക ബുജിയെ പോലെ , പുകച്ചുകൊണ്ട് , മാനത്തേക്ക് നോക്കി താടിയും തടവി നിൽപ്പുണ്ട്  പുള്ളി . ഞാൻ ആ ബൗദ്ധികമണ്ഡലത്തിൽ നിന്നും ബഹിർഗമിക്കുന്ന അക്ഷരജ്യോതികളെ എന്റെ വിരലുകക്കളിലേക്ക് ആവാഹിച്ചു ലാപ്ടോപ്പിന്റെ കീബോർഡിലേക്ക് പകര്ന്നു നൽകാൻ റെഡി ആയി നിന്നു.

ജ്യോതിയും വന്നില്ല തീയും വന്നില്ല.  കുറെ പുക മാത്രം വന്നു.

വിവാഹത്തിനു ശേഷം ആകെ അല്പമെങ്കിലും നന്നായി എന്ന് എനിക്ക് തോന്നിയിട്ടുള്ളത് പാചകം മാത്രമാണു. അതിനു കാരണവും ഉണ്ട് .ആ ഏരിയയിൽ ഉള്ള കുറച്ചു പഴയ ഓർമ്മകൾ ആകട്ടെ ഇത്തവണ എന്നുറപ്പിച്ചു .

ആദ്യമായി പാചകം ചെയ്തു എന്ന് ഓർമ്മയിലുള്ളത് ചായയാണ് , അത് പാചകം എന്ന ഇനത്തിൽ പെടുമെങ്കിൽ . വൈകീട്ട് 6 മണിക്കുള്ള ബസ്സിൽ ജോലികഴിഞ്ഞു വരുന്ന അച്ഛനും അമ്മയ്ക്കും കാത്തു നില്ക്കാതെ സ്വയം ചായ ഉണ്ടാക്കിത്തുടങ്ങിയതാണ് പാചകരംഗത്തേക്കുള്ള കാൽവയ്പ്പ്‌ .  പക്ഷെ ആ രംഗത്തെ യഥാർത്ഥ വെല്ലുവിളികളെ നേരിടാൻ തുടങ്ങിയത് ചെന്നൈയിൽ ജോലികിട്ടിയതിനു ശേഷമാണ്.

ചെന്നൈയിൽ 3 സുഹൃത്തുക്കളും ചേർന്നു റൂമെടുത്തു താമസിക്കാൻ തുടങ്ങി അധികം വൈകാതെ തന്നെ സ്വയം പാചകം എന്ന ആശയം ഞങ്ങൾക്കിടയിൽ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരുന്നു. സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന തമിഴ് അണ്ണന്റെ ഹോട്ടലിലെ ഇലയിൽ ഒഴിച്ചാൽ ഓടിക്കളിക്കുന്ന സാമ്പാറിനെ  ചേസ് ചെയ്തും , ഭക്ഷണം വിളമ്പുന്ന മേശയുടെ വൃത്തിയെ പഴിപറഞ്ഞും മടുത്തിരുന്നു ഞങ്ങൾ. മലയാളി ഭക്ഷണം അടുത്തെങ്ങും ഇല്ലാതിരുന്ന സമയവും ആയിരുന്നു അത് .

ഒരു വാരാന്തത്തിൽ പാചകത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്ത് ഞങ്ങൾ പാചകം എന്ന മഹാസമുദ്രത്തിലേക്ക് എടുത്തു ചാടി. ചെറുപയറും കഞ്ഞിയും , പിന്നെ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങുന്ന പായ്ക്കറ്റ് അച്ചാറും , തൈരും . ഇതൊക്കെ ആയിരുന്നു ആദ്യ വിഭവങ്ങൾ . ഞങ്ങൾ 4 പേരും മാറി മാറി പാചകം ചെയ്തു കൊണ്ടിരുന്നു. സുമൻ ആയിരുന്നു കുറച്ച് അനുഭവജ്ഞാനം കാണിച്ചിരുന്നത് .അവൻ തന്നെയാണ് ചെറുപയർ വച്ചു തുടങ്ങിയത് . സ്ഥിരം കഞ്ഞിയും പയറും മെനുവിൽ നിന്നും മാറി , ഉരുളക്കിഴങ്ങ് മെഴുക്കുവരട്ടി ഉണ്ടാക്കി ഞങ്ങൾക്ക് വിളമ്പിയപ്പോൾ , ഒരു പഞ്ചനക്ഷത്രഹോട്ടലിലെ ചീഫ് ചെഫിന്റെ തലയിലിരിക്കുന്ന നീണ്ട തൊപ്പി അവന്റെ തലയിലും ഉള്ളതായി തോന്നി.

സുമനും ഷോബിനും ഓഫീസിൽ നിന്നും വരാൻ വൈകിയ ഒരു ദിവസം . പാചകകുതുകികൾ ആയ ഞാനും ജിജേഷും റൂമിലേക്കുള്ള യാത്രയിൽ കമ്പനി ബസ്സിൽ ഇരുന്നു കുലംകുഷമായി ചിന്തിക്കുകയാണ് . ഇന്ന് എന്ത് കറി വക്കും? എന്തെങ്കിലും പുതിയത് ട്രൈ ചെയ്യാം. ചെറുപയർ പാചകത്തിൽ നിന്നും അധികം വ്യത്യാസമില്ലാത്ത എന്തെങ്കിലും നോക്കാം. 7 മണിയെ ആയിട്ടുള്ളൂ. എന്തെങ്കിലും പാളിയാലും അണ്ണന്റെ കടയിൽ പോയി കഴിക്കാനുള്ള സമയവും ഉണ്ട്. റിസ്ക്‌ അനാലിസിസ്, മിറ്റിഗേഷൻ പ്ലാൻ  എല്ലാം റെഡി . ബസ്സിറങ്ങി ഞങ്ങൾ പുതിയ കറിക്കുള്ള സാധനങ്ങളും വാങ്ങി വീട്ടിലെത്തി.

ചെറുപയർ പാചകത്തിൽ അഗ്രഗണ്യനായ സുമൻ പഠിപ്പിച്ചു തന്ന കാര്യങ്ങൾ വിശകലനം ചെയ്തു പാചകം തുടങ്ങി .വാങ്ങിയ ഐറ്റം കഴുകി  കുക്കറിൽ  ഇട്ടു, വെള്ളം ഒഴിച്ചു ഉപ്പുമിട്ടു അടച്ചു അടുപ്പിൽ വച്ചു.  ഞാൻ കുളിക്കാൻ കയറി. അവൻ ഉള്ളി അരിയാൻ തുടങ്ങി.

കുളി കഴിഞ്ഞു ഞാൻ വരുമ്പോൾ , കുക്കർ തുറന്നു വച്ചിട്ടുണ്ട് . വിവേകാനന്ദൻ നില്ക്കുന്ന പോലെ  കുക്കർ നോക്കി അവനും നിൽപ്പുണ്ട് . പിന്നെ  കുക്കറിനുള്ളിൽ , "ധൈര്യമുണ്ടെങ്കിൽ എന്നെ തിന്നു നോക്കെടാ " എന്നാ ഭാവത്തിൽ ഞങ്ങളുടെ അന്നത്തെ സ്‌പെഷ്യൽ ഐറ്റം കടല ഒരു ദാക്ഷിണ്യവും ഇല്ലാതെ മസ്സിലും പിടിച്ചു ഇരിക്കുന്നു. അഹങ്കാരി !

സ്ഥിരം ചെറുപയർ വേവുന്ന 3 വിസിലിനുള്ളിൽ കടല വേവില്ലെന്ന സത്യം ശരിവച്ചു , ഞങ്ങൾ ഒരു 4 വിസിലും കൂടി അടിപ്പിച്ചു. കടല വാശിയിൽ തന്നെ , വിടുന്ന ലക്ഷണമില്ല . പിന്നെ ഒന്നും നോക്കിയില്ല , ഫോണ്‍ എടുത്തു അമ്മയെ വിളിച്ചു സംഭവം പറഞ്ഞു. ഒരു കസ്റ്റമർ കെയർ എക്സികുട്ടീവിനെ പോലെ അമ്മ ചോദിച്ചു തുടങ്ങി.

അമ്മ : എത്ര വിസിലായി?

ഞാൻ : 7 .

അമ്മ  : അപ്പൊ വേവേണ്ട സമയമായല്ലോ.എത്ര സമയം കടല വെള്ളത്തിൽ ഇട്ടു?

ഞാൻ : ഈ വിസിൽ അടിച്ച സമയം മൊത്തം കടല വെള്ളത്തിൽ തന്നെയായിരുന്നു.

അമ്മ : അതല്ല , ഉച്ചക്ക് എപ്പോൾ ആണു കടല വെള്ളത്തിൽ ഇട്ടതു ?

ഞാൻ : ഉച്ചക്കൊന്നും ഇട്ടില്ല , കടല വാങ്ങിയിട്ട് നേരെ കഴുകി കുക്കറിൽ ഇട്ടു.

അമ്മ : അവിടത്തെ ഹോട്ടൽ ഒക്കെ എപ്പോൾ ആണു അടക്കുക ?

സംഭവം കൈയിൽ നിന്നും പോയെന്നു എനിക്ക് മനസ്സിലായി.

അമ്മ : കുറച്ചു വിസിൽ കൂടി അടിച്ചു നോക്കു , കുക്കറിലെ വെള്ളം വറ്റാതെ നോക്കണം. വെന്തില്ലെങ്കിൽ പുറത്തുപോയി കഴിച്ചോളു . കടല മിനിമം 5 മണിക്കൂറെങ്കിലും വെള്ളത്തിൽ ഇട്ടു വെക്കണം .

കാര്യത്തിന്റെ കിടപ്പ് വശം ഞാൻ ജിജേഷിനെ ധരിപ്പിച്ചു.  കടലയെപ്പൊലെ തന്നെ അവനും വാശിയായി . എന്നാൽ ഇത് ഇന്ന് തിന്നിട്ടേ ഉള്ളൂ എന്ന് അവൻ. ഞാൻ ക്ലോക്ക് നോക്കി . അണ്ണന്റെ കടയടക്കാൻ ഇനിയും സമയം ഉണ്ട് .

അവസാനം , ഒരു പത്തിരുപതു വിസിലിനു ശേഷം , കടല മനസ്സില്ലാ മനസ്സോടെ ഞങ്ങളുടെ മുന്നില് തോറ്റു തന്നു.

അമ്മയുണ്ടാക്കുന്ന തേങ്ങയരച്ച ,ഉള്ളി മൂപ്പിച്ച മണമുള്ള സ്വാദിഷ്ടമായ കടലക്കറിയായിരുന്നു ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സ് നിറയെ . വയറ്റിൽ  പാതി വെന്ത കടലക്കറിയും ആമാശയവും തമ്മിലുള്ള യുദ്ധവും.